പാരീസ്: എണ്ണ, പ്രകൃതി വാതക ഖനനം 2040 മുതല്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് ഫ്രാന്‍സ്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിക്കൊണ്ട് പാര്‍ലമെന്റ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലുള്ള ഖനന പെര്‍മിറ്റുകള്‍ 2040ല്‍ ഇല്ലാതാകും. പുതിയവയ്ക്ക് അനുമതി നല്‍കേണ്ടതില്ലെന്നും തീരുമാനമായി. രാജ്യത്തും അതിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലും എണ്ണ ഖനനം നടത്തുന്നതും പര്യവേഷണം നടത്തുന്നതും 2040നു ശേഷം നിയമവിരുദ്ധമായിരിക്കും.
ഇത്തരമൊരു നിയമം പാസാക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇതോടെ ഫ്രാന്‍സിന് സ്വന്തമായി. എന്നാല്‍ പുതിയ നിയമത്തിന് ഫ്രാന്‍സില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. രാജ്യത്തിന് ആവശ്യമായ ഇന്ധനത്തിന്റെ 99 ശതമാനവും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. തങ്ങള്‍ അവതരിപ്പിച്ച ഈ നിയമത്തിന്റെ ചുവട് പിടിച്ച് മറ്റു രാജ്യങ്ങള്‍ സമാനമായ നിയമങ്ങള്‍ നിര്‍മിക്കുമെന്ന് പ്രതീക്ഷയാണ് ഫ്രാന്‍സിനുള്ളത്.
ആഗോള താപനത്തിനെതിരായ യുദ്ധത്തില്‍ ലോകത്തെ നയിക്കാന്‍ ഫ്രാന്‍സ് മുന്‍നിരയിലുണ്ടാകുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. യുഎന്‍ കാലാവസ്ഥാ വ്യതിയാന കണ്‍വെന്‍ഷിനില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ച തുക തങ്ങള്‍ നല്‍കാമെന്നും മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. 2040ല്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരത്തുകളില്‍ നിന്ന് ഇല്ലാതാക്കുന്ന പദ്ധതിക്കും ഫ്രാന്‍സ് തുടക്കം കുറിച്ചിരുന്നു.
Leave a Reply