മാര്‍ച്ചുമാസം ഇരുപത്തിയേഴാം തീയതി വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തില്‍ ‘ഊര്‍ബി എത് ഓര്‍ബി’ ആശീര്‍വ്വവാദം നല്‍കിയ അവസരത്തില്‍ ഫ്രാന്‍സീസ് പാപ്പ നല്‍കിയ വചനസന്ദേശത്തിന്റെ സ്വതന്ത്ര മലയാള വിവര്‍ത്തനം.
ഇപ്പോൾ നാം ശ്രവിച്ച സുവിശേഷഭാഗം ആരംഭിക്കുന്നത് ‘അന്നു സായാഹ്‌നമായപ്പോള്‍’ (മര്‍ക്കോസ് 4:35 ) എന്നാണ്. ആഴ്ചകളായി നമുക്കു സായ്ഹാഹാനമായിരുന്നു. കടുത്ത അന്ധകാരം നമ്മുടെ ചത്വരങ്ങളിലും തെരുവുകളിലും നഗരങ്ങളിലും സമ്മേളിച്ചിരിക്കുന്നു. അതു കര്‍ണകഠോരമായ നിശബ്ദതയിലേക്കും അസഹ്യപ്പെടുത്തുന്ന ശ്യൂനതയിലേക്കും നമ്മുടെ ജീവിതങ്ങളെ തള്ളിവിട്ടിരിക്കുന്നു. അതു കടന്നു പോകുമ്പോള്‍ എല്ലാം നിലയ്ക്കുന്നു. വായുവില്‍ അതു നമ്മള്‍ അനുഭവിക്കുന്നു, വ്യക്തികളുടെ ആംഗ്യങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കുന്നു. അവരുടെ നോട്ടം അവരെ വിട്ടുപോകുന്നു. നാം സ്വയം ഭയപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യുന്നു.
സുവിശേഷത്തിലെ ശിഷ്യന്മാരെപ്പോലെ, അപ്രതീക്ഷിതവും പ്രക്ഷുബ്ധവുമായ ഒരു കൊടുങ്കാറ്റില്‍ അകപ്പെട്ട് നമ്മളും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. നമ്മളെല്ലാവരും ഒരേ ബോട്ടിലാണെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു, ദുര്‍ബലരും ലക്ഷ്യമില്ലാത്തവരുമായ നമ്മളെല്ലാവരും പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമായ കാര്യത്തിനു അപേക്ഷിക്കാന്‍ ഒരുമിച്ച് കൂടിയിരിക്കുന്നു. നമുക്കോരോരുത്തര്‍ക്കും പരസ്പരം ആശ്വസിപ്പിക്കേണ്ട ആവശ്യമുണ്ട്. ഈ ബോട്ടില്‍… നമ്മള്‍ എല്ലാവരും ശിഷ്യന്മാരെപ്പോലെ ‘ഞങ്ങള്‍ നശിക്കാന്‍ പോകുന്നു’ (4: 38) എന്നു ആകുലതയോടെ ഒരേ ശബ്ദത്തില്‍ നിലവിളിക്കുന്നു. നമ്മളെക്കുറിച്ച് മാത്രം ചിന്തിച്ചു മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് നാം മനസ്സിലാക്കിയിരിക്കുന്നു, ഒരുമിച്ച് മാത്രമേ ഇത് ചെയ്യാന്‍ നമുക്കു കഴിയൂ.
ഈ കഥയില്‍ നമ്മളെത്തന്ന തിരിച്ചറിയാന്‍ എളുപ്പമാണ്. ഈശോയുടെ മനോഭാവം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. അവന്റെ ശിഷ്യന്മാര്‍ സ്വാഭാവികമായും പരിഭ്രാന്തരായി, നിരാശരായിരിക്കുമ്പോള്‍, ഈശോ വഞ്ചിയുടെ ആദ്യം മുങ്ങുന്ന ഭാഗത്ത് ധീരനായി നില്‍ക്കുന്നു. അവന്‍ എന്താണ് ചെയ്യുന്നത്? കൊടുങ്കാറ്റു വകവയ്ക്കാതെ പിതാവില്‍ ആശ്രയിച്ച് അവന്‍ സുഖമായി ഉറങ്ങുന്നു; ഈശോ സുവിശേഷങ്ങളില്‍ ഉറങ്ങുന്നതായി നാം കാണുന്ന ഒരേയൊരു സന്ദര്‍ഭമാണിത്. അവന്‍ നിദ്ര വിട്ടുണരുമ്പോള്‍ കാറ്റിനെയും കടലിനെയും ശാന്തമാക്കിയശേഷം ശിഷ്യന്മാരോടു ചോദിക്കുന്നു. ‘നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?'(4:40).
നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. ഈശോയുടെ പ്രത്യാശയക്കു വിരുദ്ധമായി ശിഷ്യന്മാരുടെ വിശ്വാസത്തില്‍ എന്താണ് ന്യൂനത? ശിഷ്യന്മാര്‍ അവനില്‍ വിശ്വസിക്കുന്നത് നിര്‍ത്തിയില്ല; അവര്‍ അവനെ വിളിച്ചു. പക്ഷേ, അവര്‍ അവനെ വിളിക്കുന്നത് നമ്മള്‍ കാണുന്നു: ‘ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ? (മര്‍ 4:38). നീ ഞങ്ങളുടെ കാര്യം ശ്രദ്ധിക്കുന്നില്ലേ: ഈശോ അവരുടെ കാര്യം ശ്രദ്ധിക്കുന്നില്ലന്നും അവരെ പരിഗണിക്കുന്നില്ലന്നു അവര്‍ കരുതുന്നു. ഇത് കേള്‍ക്കുമ്പോള്‍ നമ്മളെയും നമ്മുടെ കുടുംബങ്ങളെയും ഏറ്റവും വേദനിപ്പിക്കുന്ന ഒരു കാര്യം ഇതാണ്: ‘നീ ഞങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലേ?’ നമ്മുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുകയും കൊടുങ്കാറ്റുപോലെ വീശിയടിക്കുന്നതുമായ വാക്യമാണിത്. അത് ഈശോയെയും ഒന്നു നടുക്കി കാണുമായിരിക്കും. കാരണം, അവന്‍ എല്ലാവരേക്കാളും നമ്മളെ ശ്രദ്ധിക്കുന്നു.
ശിഷ്യന്മാര്‍ അവനെ വിളിച്ചപേക്ഷിച്ചപ്പോള്‍, അവന്‍ അവരെ അവരുടെ അധൈര്യത്തില്‍ നിന്ന് രക്ഷിക്കുന്നു. കൊടുങ്കാറ്റ് നമ്മുടെ ദുര്‍ബലതയെ തുറന്നുകാട്ടുകയും നമ്മുടെ ദൈനംദിന ഷെഡ്യൂളുകള്‍, പ്രോജക്റ്റുകള്‍, ശീലങ്ങള്‍, മുന്‍ഗണനകള്‍ എന്നിവ നിര്‍മ്മിച്ച തെറ്റായതും ഉപരിപ്ലവുമായ കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുകയും ചെയ്തിരിക്കുന്നു.
നമ്മുടെ ജീവിതങ്ങളെയും സമൂഹങ്ങളെയും നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങള്‍ നമ്മള്‍ എത്രമാത്രം ദുര്‍ബലമാക്കാന്‍ അനുവദിച്ചുു എന്നു ഇത് കാണിക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ എല്ലാ ആശയങ്ങളും നമ്മുടെ ആളുകളുടെ ആത്മാവിനെ പോഷിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിസ്മൃതിയും കൊടുങ്കാറ്റ് വ്യക്തമാക്കുന്നു; നമ്മെ ‘രക്ഷിക്കുന്നു’ എന്ന് നാം കരുതിയ ചിന്തകളും പ്രവര്‍ത്തനങ്ങളും നമ്മളെ മറന്നതും നാം കാണുകയുണ്ടായി. പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യമായ ആന്റിബോഡികള്‍ നമ്മള്‍ സ്വയം നഷ്ടപ്പെടുത്തി. ഈ കൊടുങ്കാറ്റില്‍, നമ്മുടെ അഹത്തെ മറച്ചുവയ്ക്കാനും പ്രതിച്ഛായയെ സംരക്ഷിക്കാനുമുള്ള ആകുലതയും ചീട്ടുകൊട്ടാരം പോരെ നിലം പതിച്ചു. നമുക്കു നഷ്ടപ്പെടാന്‍ കഴിയാത്ത പൊതുവായ സത്വം ഒരിക്കല്‍ കൂടി കണ്ടെത്തിയിരിക്കുന്നു. നമ്മളെല്ലാവരും സഹോദരി സഹോദരന്മാരാണ സത്യം.
‘നിങ്ങള്‍ എന്തിനാണു ഭയപ്പെടുന്നത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?’ ദൈവമേ ഈ സായാഹ്നനത്തില്‍ ഈ വാക്കുകള്‍ ഞങ്ങളെ എല്ലാവരെയും സ്പര്‍ശിക്കുന്നു. ഈ ലോകത്ത് ഞങ്ങളെ നീ കൂടുതല്‍ സ്‌നേഹിക്കുന്നു. നിയന്ത്രണമില്ലാത്ത വേഗതയില്‍ ഞങ്ങള്‍ മുന്നോട്ടു കുതിച്ചു. ശക്തരും എല്ലാം ചെയ്യാന്‍ കഴിയുന്നവരുമാണന്നു സ്വയം കരുതി. ലാഭത്തിനു വേണ്ടിയുള്ള അത്യാഗ്രഹം നമ്മളെ സ്വന്തം കാര്യങ്ങളില്‍ കുടുക്കുകയും തിടുക്കത്തില്‍ പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. നിന്നോടുള്ള നിന്ദ ഞങ്ങള്‍ നിര്‍ത്തിയില്ല, ലോകമെമ്പാടുമുള്ള യുദ്ധങ്ങളോ അനീതികളോ ഞങ്ങളെ ഇളക്കിയില്ല, ദരിദ്യരുടെയോ, രോഗവസ്ഥയിലുള്ള പ്രപഞ്ചത്തിന്റെയോ നിലവിളി ഞങ്ങള്‍ ചെവിക്കൊണ്ടില്ല.
അസുഖമുള്ള ലോകത്തു ആരോഗ്യവാനായിരിക്കാന്‍ കഴിയുമെന്നു നമ്മള്‍ കരുതി. ഇപ്പോള്‍ കൊടുങ്കാറ്റു വീശിയടിക്കുന്ന കടലിലാണ് നമ്മള്‍. ‘കര്‍ത്താവേ ഉണരണമേ’ എന്നു നാം വിളിച്ചപേക്ഷിക്കുന്നു. നിങ്ങള്‍ എന്തിനാണു ഭയപ്പെടുന്നത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?’ കര്‍ത്താവേ നീ ഞങ്ങളെ വിളിക്കുന്നു, വിശ്വാസത്തിലേക്കു വിളിക്കുന്നു. അതു ഞങ്ങള്‍ക്കു വളരെയധികം ഉണ്ടെന്നു ഞങ്ങള്‍ കരുതുന്നില്ല എന്നാലും നിന്റെ അടുക്കല്‍ വന്നു ഞങ്ങള്‍ നിന്നില്‍ ശരണപ്പെടുന്നു. ഈ നോമ്പുകാലം അടിയന്തരമായി ഞങ്ങളോടു പറയുന്നു. ‘ മാനസാന്തരപ്പെടുവിന്‍ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍ (ജോയേല്‍ 2:12)
തിരഞ്ഞെടുപ്പിന്റെ സമയമായി വിചാരണയുടെ ഈ സമയം കാണാന്‍ നീ ഞങ്ങളോടു ആവശ്യപ്പെടുന്നു. ഇതു നിങ്ങളുടെ ന്യായവിധിയുടെ സമയമല്ല, ഇതു നമ്മുടെ ന്യായവിധിയുടെ സമയമാണ്. നിലനില്‍ക്കുന്നതും കടന്നു പോകുന്നതും തിരിച്ചറിയാനുള്ള സമയം ആവശ്യമുള്ളവയും ആവശ്യമില്ലാത്തതും വേര്‍തിരിക്കാനുള്ള സമയം. ദൈവത്തിങ്കലേക്കും സഹോദരങ്ങളിലേക്കും ട്രാക്കു മാറ്റി നമ്മുടെ ജീവിതയാത്ര തുടരേണ്ട സമയം.
ഈ യാത്രയില്‍ മാതൃകാപരമായ നിരവധി കൂട്ടാളികളെ നമ്മള്‍ കണ്ടു. ഭയത്തിനിടയിലും അവര്‍ അവരുടെ ജീവന്‍ നല്‍കി പ്രത്യുത്തരിച്ചു. ധൈര്യത്തിന്റെയും ഉദാര പൂര്‍ണ്ണമായ ആത്മപരിത്യാഗത്തിന്റെയും മൂശയില്‍ രൂപകല്‍പന ചെയ്ത ആത്മശക്തിയാണ് അവരിലൂടെ നിര്‍ഗളിക്കുന്നത്. ആത്മാവിലുള്ള ജീവിതത്തിനു നമ്മുടെ ജീവിതങ്ങള്‍ പരസ്പരം നെയ്യപ്പെട്ടതാണന്നു പ്രകടിപ്പിക്കും വിലയുള്ളതായി കാണുവാനും കഴിയും.
അതോടൊപ്പം നമ്മള്‍ സാധാരണരായി കരുതുന്ന ജനങ്ങള്‍ – പലപ്പോഴും മറന്നു പോകുന്ന ജനങ്ങള്‍ – പത്രങ്ങളുടെയും മാസികളുടെയും തലക്കെട്ടുകളില്‍ ഇടം പിടിക്കാത്തവരും ക്യാറ്റ് വാക്ക് ഷോകളില്‍ സാന്നിധ്യമാകാത്തവരും നമ്മുടെ ജീവിതത്തെ എപ്രകാരം നിലനിര്‍ത്തുന്നുവെന്നു മനസ്സിലാക്കാനുള്ള സമയമാണ്.
ഈ ദിവസങ്ങളില്‍ ഒരു സംശയവുമില്ലാതെ അവര്‍ നമ്മുടെ കാലഘട്ടത്തില്‍ നിര്‍ണായകമായ ചരിത്രം രചിക്കുന്നു: ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, കെയര്‍ടെയ്‌ക്കേഴ്‌സ്, ഡ്രൈവര്‍മാര്‍, നിയമപാലകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വൈദീകര്‍, സമര്‍പ്പിര്‍ കൂടാതെ മറ്റു പലരും, ഇവരെല്ലാം സ്വയം രക്ഷ നേടാന്‍ കഴിയല്ലന്നു മനസ്സിലാക്കി ജീവിക്കുന്നവരാണ്.
വലിയ കഷ്ടപ്പാടിന്റെ ഈ വേളയില്‍ വ്യക്തികളുടെ ആധികാരികത വിലയിരുത്തപ്പെടുന്ന വേളയില്‍ ഈശോയുടെ പൗരോഹിത്യ പ്രാര്‍ത്ഥന ‘എല്ലാവരും ഒന്നായിരിക്കേണ്ടതിന്’ (യോഹ 17:21) നാം അനുഭവിക്കുന്നു. എത്രയോ ജനങ്ങളാണ് ഓരോ ദിവസവും ക്ഷമ പരിശീലിക്കുകയും പ്രത്യാശ വാഗ്ദാനം ചെയ്യുകയും പരിഭ്രാന്തിയിലാകാതെ കൂടുത്തരവാദിത്വത്തോടെ ജീവിക്കുകയും ചെയ്യുന്നത്. എത്രയോ അപ്പന്മാരും അമ്മമാരും മുത്തച്ഛന്മാരും മുത്തശ്ശികളും അധ്യാപകരും നമ്മുടെ കുട്ടികളെ ചെറിയ ദൈനംദിന പ്രവര്‍ത്തികളിലുടെയും ദിനചര്യകളുടെ ക്രമീകരണങ്ങളിലൂടെയും പ്രാര്‍ത്ഥനാ ശീലം വളര്‍ത്തിയെടുക്കുന്നതിലൂടെയും പ്രതിസന്ധിയെ എങ്ങനെ നേരിടാമെന്നു പഠിപ്പിക്കുകയും ചെയ്യുന്നത്. എത്രയോ പേര്‍ പ്രാര്‍ത്ഥിക്കുകയും കാഴ്ചകള്‍ സമര്‍പ്പിക്കുകയും എല്ലാവരുടെയും നന്മയ്ക്കായി അപേക്ഷകര്‍ അര്‍ത്ഥിക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥനയും ശാന്തമായ സേവനവും ഇതു രണ്ടുമാണ് നമ്മുടെ വിജയകരമായ ആയുധങ്ങള്‍.
‘നിങ്ങള്‍ എന്തിനാണു ഭയപ്പെടുന്നത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?’ രക്ഷ നമുക്കു ആവശ്യമുണ്ടന്നു തിരിച്ചറിയുമ്പോഴാണ് വിശ്വാസം ആരംഭിക്കുക. നമ്മള്‍ നമ്മില്‍ത്തന്നെ സ്വയം പര്യാപ്തരല്ല, പുരാതന നാവികന്മാര്‍ക്കു നക്ഷത്രങ്ങളെ ആവശ്യമായിരുന്നതു പോലെ നമുക്കു ലക്ഷ്യത്തിലെത്താന്‍ കര്‍ത്താവിനെ ആവശ്യമുണ്ട്. നമ്മുടെ ജീവിത നൗകയിലക്കു ഈശോ വിളിക്കാം. നമ്മുടെ ഭയങ്ങളെ അവനു ഭരമേല്പിക്കാം അതുവഴി അതിനെ കീഴടക്കാന്‍ അവനു കഴിയും.
ശിഷ്യന്മാരെപ്പോലെ അവന്‍ കൂടെയുണ്ടെങ്കില്‍ വഞ്ചി തകരുകയില്ലന്ന വിശ്വാസം നമുക്കു അനുഭവിക്കാം. കാരണം ഇതു ദൈവത്തിന്റെ ശക്തിയാണ്. നമുക്കു സംഭവിക്കുന്ന ബുദ്ധിമുട്ടുനിറഞ്ഞ കാര്യങ്ങളിലും നന്മ കൊണ്ടു വരുന്നവനാണ് അവിടുന്ന്. അവന്‍ കൊടുങ്കാറ്റില്‍ ശാന്തത കൊണ്ടു വരുന്നു കാരണം ദൈവത്തോടൊപ്പമുള്ള ജീവന്‍ ഒരിക്കലും മരിക്കുന്നില്ല. കൊടുങ്കാറ്റിനിടയില്‍, എല്ലാം ആടി ഉലയുന്നതായി തോന്നുന്ന ഈ മണിക്കൂറില്‍ ധൈര്യവും പിന്തുണയും ഐക്യദാര്‍ഢ്യവും പ്രത്യാശയും പുനരുജ്ജീവിപ്പിക്കാനും പ്രായോഗികമാക്കാനും കര്‍ത്താവു നമ്മെ ക്ഷണിക്കുന്നു. നമ്മുടെ ഈസ്റ്റര്‍ വിശ്വാസം പുനര്‍ജീവിക്കുവാനും ഉണര്‍ത്തുവാനും ദൈവം നമ്മളെ ക്ഷണിക്കുന്നു.
നമുക്കൊരു നങ്കൂരമുണ്ട്: അവന്റെ കുരിശിനാല്‍ നമ്മള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു. നമുക്കൊരു പങ്കായം ഉണ്ട്: അവന്റെ കുരിശിനാല്‍ നമ്മള്‍ വിമോചിക്കപ്പെട്ടിരിക്കുന്നു. നമുക്കൊരു പ്രത്യാശയുണ്ട്: അവന്റെ കുരിശിനാല്‍ നമ്മള്‍ സൗഖ്യപ്പെട്ടിരിക്കുന്നു. കുരിശിനാല്‍ നാം ആശ്ശേഷിക്കപ്പെട്ടിരിക്കുന്നു ആര്‍ക്കും അവന്റെ വിമോചിപ്പിക്കുന്ന സ്‌നേഹത്തില്‍ നിന്നു നമ്മളെ വേര്‍തിരിക്കാന്‍ കഴിയില്ല. ഒറ്റപ്പെടലിന്റെ ഈ കാലത്തു, ആര്‍ദ്രഭാവത്തിന്റെ അഭാവും കൂട്ടുകൂടാനുള്ള സാഹചര്യമില്ലായ്മയും നഷ്ടബോധവും നാം അനുഭവിക്കുമ്പോള്‍, നമ്മളെ രക്ഷിക്കുന്ന വചനത്തെ നമുക്കു ഒരിക്കല്‍കൂടി ശ്രവിക്കാം: അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു, അവന്‍ നമ്മോടൊപ്പം ജീവിക്കുന്നു.
നമ്മളെ കാത്തിരിക്കുന്ന ജീവിതം വീണ്ടും കണ്ടെത്താനും, നമ്മിലേക്കു നോക്കുന്നവരെ നോക്കുവാനും നമ്മുടെ ഉള്ളില്‍ വസിക്കുന്ന കൃപയെ ശക്തിപ്പെടുത്തുവാനും തിരിച്ചറിയുവാനും വളര്‍ത്തുവാനും കര്‍ത്താവു അവന്റെ കുരിശില്‍ നിന്നു നമ്മോടു ആവശ്യപ്പെടുന്നു. ഒരിക്കലും ‘മങ്ങിയ തിരി നമുക്കു കെടുത്താതിരിക്കാം’ (ഏശയ്യാ 42:3). പ്രത്യാശയില്‍ വീണ്ടും ജ്വലിക്കുവാന്‍ നമുക്കു അനുവദിക്കാം.
ക്രിസ്തുവിന്റെ കുരിശിനെ ആലിംഗനം ചെയ്യുക എന്നാല്‍ വര്‍ത്തമാനകാലത്തിലെ എല്ലാ കഷ്ടപ്പാടുകളെയും ധൈര്യപൂര്‍വ്വം സ്വീകരിക്കുക എന്നതാണ്. ഇതു അധികാരത്തോടും പദവികളോടുമുള്ള കൊതി ഉപേക്ഷിച്ച് സര്‍ഗാത്മകതയെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരേ ഒരു ശക്തിയായ പരിശുദ്ധാത്മാവിനു വാതില്‍ തുറന്നുകൊടുക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്.
എല്ലാവര്‍ക്കും പുതിയ ആതിഥ്യ മര്യാദയും സാഹോദര്യവും സഹാനുഭാവവും എല്ലാവരും അംഗീകരിക്കുന്ന പുതിയ ഇടങ്ങള്‍ സൃഷ്ടിക്കാനുള്ള ധൈര്യം കണ്ടെത്താനുള്ള ധൈര്യവുമാണിത്. അവന്റെ കുശിനാല്‍, പ്രത്യാശയെ ആശ്ലേഷിക്കാന്‍ നമ്മള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു, അതു നമ്മളെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ സഹായിക്കുന്ന സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളെയും ശക്തിപ്പെടുത്തുവാനും നിലനിര്‍ത്തുവാനും അനുവദിക്കുന്നു. പ്രത്യാശയെ ആശ്ലേഷിക്കാനായി ദൈവത്തെ കെട്ടിപ്പിടിക്കുക, അതു നമ്മളെ ഭയത്തില്‍ നിന്നു മോചിപ്പിക്കുകയും പ്രത്യാശ നല്‍കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ കരുത്താണ്.
‘നിങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?’ പ്രിയ സഹോദരി സഹോദരന്മാരെ, പത്രോസിന്റെ ഉറച്ച പാറപോലുള്ള വിശ്വാസത്തിന്റെ ഈ സ്ഥലത്തു നിന്നു, ഈ സായ്ഹാനത്തില്‍ നിങ്ങളെ എല്ലാവരെയും പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ ദൈവത്തിനു ഭരമേല്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
റോമിനെയും ലോകം മുഴുവനെയും ആശ്ലേഷിക്കുന്ന ഈ ചത്വരത്തില്‍ നിന്ന്, ദൈവാനുഗ്രഹം നിങ്ങളുടെ മേല്‍ ആശ്വാസത്തിന്റെ ഒരു ആലിംഗനമായി നിങ്ങളിലേക്കു പറന്നിറങ്ങട്ടെ. കര്‍ത്താവേ, ലോകത്തെ അനുഗ്രഹിക്കുകയും ഞങ്ങളുടെ ശരീരങ്ങള്‍ക്ക് ആരോഗ്യവും ഞങ്ങളുടെ ഹൃദയങ്ങളെ സമാശ്വാസവും നല്‍കണേേമ. ഭയപ്പെടരുതെന്ന് നീ ഞങ്ങളോട് ആവശ്യപ്പെടുന്നു. എന്നിട്ടും നമ്മുടെ വിശ്വാസം ദുര്‍ബലവും ഞങ്ങള്‍ ഭയചകിതരുമാണ്. ദൈവമേ നീ ഞങ്ങളെ കൊടുങ്കാറ്റിനു വിട്ടു നല്‍കുകയില്ല. കാരുണ്യത്തില്‍ വിടുകയില്ല. ‘ഭയപ്പെടേണ്ട’ (മത്താ 28:5). എന്നു ഞങ്ങളോടു വീണ്ടും പറയുക പത്രോസിനോടു കൂടെ, ഞങ്ങളുടെ ഉത്കണ്ഠകളെല്ലാം നിന്നെ ഭരമേല്പിക്കുന്നു. കാരണം നീ ഞങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. (1 പത്രോസ് 5:6)
സ്വതന്ത്ര മലയാള വിവര്‍ത്തനം: ഫാ. ജെയ്‌സണ്‍ കുന്നേല്‍
Leave a Reply