ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സർക്കാർ തീരുമാനിച്ച പുതിയ പദ്ധതികൾ പ്രകാരം നിലവിലുള്ള സൗജന്യമായ എൻ എച്ച് എസ് പാർക്കിംഗ് സംവിധാനങ്ങൾ വെട്ടി കുറയ്ക്കുവാൻ തീരുമാനം ഉണ്ടാകാൻ ഇടയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ തീരുമാനം നടപ്പിലായാൽ  ആശുപത്രിയിൽ എത്തുന്ന  വികലാംഗർക്കും  കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കുമെല്ലാം തന്നെ പാർക്കിംഗ് സൗകര്യം നഷ്ടമാകും. സൗജന്യ പാർക്കിംഗ് നൽകുന്നതിലൂടെ  നിരവധി മില്യൻ പൗണ്ടുകളാണ് സർക്കാരിന് നഷ്ടം ഉണ്ടാകുന്നതെന്നും, അത് ഒഴിവാക്കാനാണ് ആരോഗ്യ സെക്രട്ടറി തെരെസ് കോഫിയുടെ ഡിപ്പാർട്ട്മെന്റിൻെറ പുതിയ തീരുമാനമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ തീരുമാനം ഡോക്ടർമാരെയും, രാത്രി ഷിഫ്റ്റുകളിലും മറ്റും ജോലി ചെയ്യുന്ന നേഴ്സുമാരെയും ബാധിക്കും എന്നുള്ളത് ആശങ്കയ്ക്ക് കാരണമാകുന്നു. ഈ തീരുമാനത്തിനെതിരെ നേഴ്സുമാരുടെ സംഘടനകൾ ഭൂരിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിന്റെ പുതിയ ഈ തീരുമാനം 2019ൽ അധികാരത്തിൽ എത്തുമ്പോൾ, അത്യാവശ്യക്കാർക്ക് അന്യായമായ ഹോസ്പിറ്റൽ കാർ പാർക്കിംഗ് ചാർജുകൾ അവസാനിപ്പിക്കുമെന്ന് ടോറി ഗവൺമെന്റ് നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമാണ്. ഇംഗ്ലണ്ടിൽ നിലവിലെ ക്രമീകരണങ്ങൾ പ്രകാരം, ആശുപത്രി ട്രസ്റ്റുകൾ വികലാംഗർ, ഒരു മാസത്തിൽ കുറഞ്ഞത് മൂന്ന് ആശുപത്രി അപ്പോയിന്റ്‌മെന്റുകളുള്ള ഔട്ട്‌പേഷ്യന്റ്‌സ്, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ആശുപത്രി ജീവനക്കാർ, രാത്രിയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന  കുട്ടികളുടെ മാതാപിതാക്കൾ എന്നീ നാലു വിഭാഗങ്ങൾക്കാണ് സൗജന്യ പാർക്കിംഗ് സംവിധാനം നൽകേണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ദശലക്ഷക്കണക്കിന് പൗണ്ട് ലാഭിക്കുന്നതിനായി, രോഗികളായ കുട്ടികളുടെ മാതാപിതാക്കളുടെയും,  വികലാംഗരുടെയും സൗജന്യ പാർക്കിംഗ് ഇല്ലാതാക്കാൻ ആരോഗ്യ സെക്രട്ടറി തെരേസ് കോഫിയുടെ വകുപ്പ് ശ്രമിക്കുന്നു എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. എൻ എച്ച് എസ് ജീവനക്കാരുടെ മുഖത്തടിക്കുന്ന തരത്തിലുള്ള സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് കുറ്റപ്പെടുത്തി. സർക്കാർ നേഴ്സുമാരെ സഹായിക്കാനാണ് ശ്രമിക്കേണ്ടതെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ചീഫ് എക്സിക്യൂട്ടിവ് പാറ്റ് ക്യൂലനും ഓർമ്മപ്പെടുത്തി. സർക്കാരിന് ഭാഗത്ത് നിന്നും അവസാനമായി എന്ത് തീരുമാനം ഉണ്ടാകുമെന്ന കാത്തിരിപ്പിലാണ് ജനങ്ങൾ.