പാരീസ്: ഫ്രാന്‍സിന്റെ രണ്ടാമത് ഫുട്‌ബോള്‍ ലോകകപ്പ് നേട്ടം മതിമറന്ന് ആഘോഷിച്ച് നഗരങ്ങള്‍. എംപ്പാബെയും കൂട്ടരും മോസ്‌കോയില്‍ കപ്പുയര്‍ത്തിയതിന് ശേഷം ഫ്രാന്‍സിലെ നഗരങ്ങള്‍ ഉറങ്ങിയിട്ടില്ല. പതാകയുമേന്തി പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. പല സ്ഥലങ്ങളിലേയും ആഘോഷങ്ങള്‍ അതിരുകടന്നു. പോലീസുമായി ആരാധകര്‍ ഏറ്റുമുട്ടി. കുപ്പികളും മറ്റും പോലീസിന് നേരെ വലിച്ചെറിഞ്ഞ് അക്രമം അഴിച്ചുവിടാന്‍ ശ്രമമുണ്ടായി. ആയിരക്കണക്കിന് പോലീസുകാരാണ് ഒരോ സ്ഥലങ്ങളിലും നിയമിക്കപ്പെട്ടിരിക്കുന്നത്. അക്രമികള്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും തിരികെ പോവാന്‍ ആരാധകര്‍ കൂട്ടാക്കാതിരുന്നതോടെ കണ്ണീര്‍ വാതകം പ്രയോഗിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2006ന് ശേഷം ഇതാദ്യമായിട്ടാണ് ഫ്രാന്‍സ് ഫൈനലിലെത്തുന്നത്. വലിയ ആവേശത്തിലാണ് ആരാധകര്‍ ഫൈനലിനെ നോക്കിക്കണ്ടിരുന്നുത്.

പാരിസിലെ ഈഫല്‍ ടവറിന് കീഴില്‍ ഉള്‍പ്പെടെയ വലിയ സ്‌ക്രീനില്‍ കളി കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പലയിടങ്ങളിലും ഒരു സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്ന അത്രയും കാണികളുമുണ്ടായിരുന്നു. അക്രമ സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലെല്ലാം ശക്തമായി പോലീസ് സാന്നിധ്യവും ഉണ്ടായിരുന്നു. കളിയുടെ അവസാന മിനിറ്റുകളിലേക്ക് കടന്നപ്പോള്‍ തന്നെ ആരാധകര്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ബസ് സ്‌റ്റോപ്പുകളും തെരുവുകളും ദേശീയ പതാകകൊണ്ട് ആരാധകര്‍ അലങ്കരിച്ചു. പിന്നീട് പതാകയേന്തി തെരുവുകളിലൂടെ നടന്നു നീങ്ങിയ ആരാധകര്‍ പടക്കം പൊട്ടിക്കുകയും സമീപത്തെ കടകള്‍ തകര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടകളുടെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമം ആരംഭിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. ചിലര്‍ പടക്കം കത്തിച്ച് പോലീസിന് നേരെ എറിഞ്ഞു. പാരീസില്‍ ആഘോഷ പരിപാടികള്‍ നടത്തിയ മിക്കവരും മുഖം മറച്ചിരുന്നു. സ്വന്തം മൊബൈലില്‍ ചിത്രം പകര്‍ത്തുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്താണ് ആദ്യഘട്ടത്തില്‍ ആഘോഷം നടന്നത്. എന്നാല്‍ പിന്നീട് പോലീസിന് നേരെ തിരഞ്ഞ ആരാധകര്‍ ബിയര്‍ കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ പോലീസിനെ നേരെ വലിച്ചെറിഞ്ഞു. ഇതോടെ ജലപീരങ്കി ഉപയോഗിച്ച പോലീസ് അക്രമികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പാരീസ് നഗരത്തില്‍ രാത്രി വൈകിയും ആഘോഷങ്ങള്‍ നടന്നിരുന്നു. ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.