ന്യൂസ് ഡെസ്ക്, മലയാളം യുകെ

വരും ദിവസങ്ങളിൽ യുകെയിൽ ഭവന വായ്പ എടുക്കുന്നതിനുള്ള ചിലവ് ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ കുറെ നാളുകളായി മോർട്ട്ഗേജ് നിരക്കുകളിൽ കുറവ് വന്നു കൊണ്ടിരുന്നത് വീട് വാങ്ങുന്നവർക്ക് ഉപകാരപ്രദമായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറച്ചതും മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞതും ഭവന വിപണിയിൽ വൻ ഉണർവിന് കാരണമായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്ന് മാസമായി വീടുകളുടെ വില തുടർച്ചയായ മൂന്നാം മാസവും റിക്കോർഡ് ഉയരത്തിൽ എത്തിയ വാർത്ത മലയാളം യുകെ ന്യൂസ് നേരത്തെ വാർത്തയാക്കിയിരുന്നു.


കഴിഞ്ഞ കുറെ നാളുകളായി മാർക്കറ്റിലെ മത്സരം കനത്തപ്പോൾ മോർട്ട്ഗേജ് നൽകുന്ന സ്ഥാപനങ്ങൾ നിരക്കുകൾ കുറയ്ക്കാൻ നിർബന്ധിതരായിരുന്നു. എന്നാൽ ഈ പ്രവണതയ്ക്ക് തടയിട്ടു കൊണ്ട് കവന്ററി ബിൽഡിംഗ് സൊസൈറ്റി മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പുറമെ കീസ്റ്റോണ്‍, ആല്‍ഡെര്‍മോര് എന്നീ ധനകാര്യ സ്ഥാപനങ്ങളും നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു. വര്‍ഷാന്ത്യത്തില്‍ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കുന്ന ആയിരക്കണക്കിന് ഭവന ഉടമകള്‍ക്ക് ഇത് തിരിച്ചടിയാകും.


മോർട്ട്ഗേജ് നിരക്കുകൾ വീണ്ടും ഉയരുകയും വീടുകളുടെ വില കൂടുകയും വാടക ചിലവേറിയതും ആയാൽ ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് കനത്ത പ്രഹരമായിരിക്കും എന്നാണ് വിലയിരുത്തുന്നത്. വരാനിരിക്കുന്ന ബഡ്ജറ്റിനെ കുറിച്ചുള്ള ആശങ്കയാണ് മൂലമാണ് മോർട്ട്ഗേജ് ഉയർത്താൻ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഒക്ടോബർ 30 – ന് ചാൻസിലർ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ ഉയർന്ന കടമെടുപ്പ് ചിലവുകളെ നേരിടണമെങ്കിൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തേണ്ടതായി വരുമെന്ന് ട്രിനിറ്റി ഫിനാൻഷ്യലിൻ്റെ ബ്രോക്കർ ആരോൺ സ്‌ട്രട്ട് പറഞ്ഞു.