സതേൺ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയെ തുടർന്ന് ഇന്ന് രാവിലെ 10 മുതൽ രാത്രി 9 വരെ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ബ്രിസ്റ്റോൾ, ഓക്സ്ഫോർഡ്, സതാംപ്ടൺ, ലണ്ടൻ, കെന്റ്, ഇപ്സ്വിച്ച് എന്നീ പ്രദേശങ്ങളിൽ വാണിംഗ് നിലനിൽക്കും. ദിവസം മുഴുവൻ കനത്ത മഴ, മിന്നൽ, ആലിപ്പഴം എന്നിവ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ട് മണിക്കൂറിനുള്ളിൽ ചില പ്രദേശങ്ങളിൽ 60 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഇത് വെള്ളപ്പൊക്കം, റോഡ് അടച്ചിടൽ, വൈദ്യുതി തടസ്സം, പൊതുഗതാഗതത്തിൽ വലിയ തടസ്സങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. വാണിംഗ് ലഭിക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഇടിമിന്നൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ നിന്ന് നീങ്ങി, സെൻട്രൽ, സതേൺ ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കാലാവസ്ഥാ നിരീക്ഷകൻ ക്ലെയർ നാസിർ വിശദീകരിച്ചു. വടക്കൻ അയർലൻഡ്, പടിഞ്ഞാറൻ സ്കോട്ട്ലൻഡ്, വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് വെയിലിനുള്ള സാധ്യത ഉണ്ട്.
Leave a Reply