ചെന്നൈ: ചെന്നെയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അടക്കം കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ചെന്നെയിലെ തംബാരമ സെലൈയൂരില്‍ ആണ് ദാരുണമായ സംഭവം നടന്നത്. ‘ന്യൂസ് ജെ’ ചാനല്‍ റിപ്പോര്‍ട്ടര്‍ പ്രസന്ന (32), ഭാര്യ അര്‍ച്ചന (28), അമ്മ രേവതി (59) എന്നിവരാണ് വീടിനുള്ളില്‍ വച്ച് തന്നെ മരിച്ചത്. ഫ്രഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മൂവര്‍ക്കും വീടിനുള്ളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. ശരീരത്തില്‍ പൊള്ളലേറ്റാണ് മൂവരുടെയും മരണം.

രാവിലെ വീട്ടുജോലിക്കാരി വന്ന് വാതിലില്‍ മുട്ടിയിട്ടും വാതില്‍ തുറക്കാതെ വന്നതോടെയാണ് മരണവിവരം പുറത്തറിയുന്നത്. വീട്ടുജോലിക്കാരി അയല്‍വാസികളെ വിളിച്ചുകൂട്ടി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. അപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നെയിലെ സ്വകാര്യ ആശുപത്രിയിലാണ് മൂവരുടെയും മൃതദേഹമുള്ളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

ഫ്രിഡ്ജിൽ നിന്ന്‌ ഗ്യാസ്‌ ലീക്കായതാണ്‌ മരണകാരണമെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. മുറിയിൽ സ്‌ഫോടനം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ട്‌. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.