കാലടി: കാലടി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടിക്കടുത്ത് കാഞ്ഞൂർ പഞ്ചായത്തിലെ ചെങ്ങൽ ആറാട്ടുകടവിൽ ശ്രീമൂലനഗരം സ്വദേശികളായ മണിയന്തറ സലാം മകൻ റിസ്വാൻ (23), കാനാപ്പിള്ളി പീറ്റർ – ജിഷ ദമ്പതികളുടെ മകൻ ഐബിൻ (21) എന്നിവരാണ് മുങ്ങിമരിച്ചത്. ഇന്ന് (ഏപ്രിൽ 28 ശനി) വൈകീട്ട് 3.45നാണ് അപകടം ഉണ്ടായത്. ഐരാപുരം ശങ്കര കോളജ് വിദ്യാര്‍ഥിയാണ് മരിച്ച ഐബിന്‍. ഐബിന്റെ പിതാവിന്‍റെയും മാതാവിന്‍റെയും സഹോദരങ്ങള്‍ യുകെയിലാണ് താമസം. അത് കൊണ്ട് തന്നെ ഈ ദുരന്തം യുകെ മലയാളികളെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സോഫി  നൈജോയുടെ സഹോദരി പുത്രനാണ് അപകടത്തിൽ മരിച്ച ഐബിന്‍. ഐബിന്റെ പിതാവിന്‍റെ അനുജന്‍ ഫെലിക്സ് ആന്റണി സ്വാന്‍സിയിലെ മോറിസ്ടനില്‍ ആണ് താമസം. ദുരന്ത വാര്‍ത്തയറിഞ്ഞ ഫെലിക്സ് നാളെ നാട്ടിലേക്ക് തിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുഹൃത്തുക്കളുമൊത്ത് ഇരുവരും ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയതാണ്. നീന്തുന്നതിനിടയില്‍ അടിയൊഴുക്കില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു. ശ്രീമൂലം മൂലേപ്പടവില്‍ രാമചന്ദ്രന്റെ മകന്‍ മൃദുല്‍ (23) നെ നാട്ടുകാര്‍ രക്ഷിച്ചു. ഇരുവരുടെയും മൃതദേഹം കാഞ്ഞൂര്‍ ആശുപത്രിയിലേക്ക് മാറ്റി. സഹോദരി പുത്രന് പറ്റിയ അപകട വർത്തയറിഞ്ഞ സോഫിയും കുടുംബവും നാട്ടിലേക്ക് നാളെയാണ് പുറപ്പെടുക. പോലീസിന്റെ നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്‌ച ഉച്ചക്ക് ശേഷം ശവസംസ്ക്കാരം നടക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.