ന്യൂ ജെൻ സൗഹൃദങ്ങൾ സോഷ്യൽ മീഡിയയിലൂടെ മാത്രമായി മാറുന്നുവോ, ലൈക്കിലൂടെ ഓടുന്ന കൂട്ടുകെട്ടുകൾക്ക് നന്മനഷ്ടപെടുന്നുവോ ?
ബിജോ തോമസ് അടവിച്ചിറ എഴുതുന്നു ……
കാലത്തിന്റെ മാറ്റത്തിൽ ഈ തലമുറയ്ക്ക് നഷ്ടപ്പെടുന്നത് ഓർത്തിരിക്കാൻ ഒരുപിടി നല്ല നാളുകളായി മാറുന്നു . കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ പ്രകൃതിയെ ചൂഷണ ചെയ്യുന്നതുപോലെ , ശാസ്ത്രത്തിന്റെ വളർച്ച പുതു തലമുറയെ ഒരു കൈ വിരലിൽ ലൈക്കുകളുടെയും മെസ്സേജുകളുടെയും ലോകത്തു ഒതുക്കി നിർത്തുന്നു. ഒരു പരിധിവരെ മാത്രം ആവശ്യമുള്ള ന്യൂ ജെൻ കൂട്ടായ്മയായ വാട്ട്സ് അപ്പ് , ഫേസ് ബുക്കും ഒതുക്കിയിടുന്നത് പുതിയ തലമുറയുടെ നല്ലൊരു നാളെയെ ആണ്. അപ്പോൾ നിങ്ങളിൽ ചിലർ ചോദിക്കും അതുകൊണ്ട് എന്താണ് എന്ന് ? എല്ലാം ആവിശ്യം ആണ് ആവിശ്യത്തിന് മാത്രം എന്ന് ഉള്ളൂ !!! അന്യദേശങ്ങളിൽ പാർക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരു കൈ വിരലിന്റെ തുമ്പിൽ കൊണ്ട് വരുന്ന സോഷ്യൽ മീഡിയ സൗഹൃദം നല്ലത് തന്നെ, പക്ഷെ അത് പരിധി വിടുമ്പോൾ നഷ്ടപ്പെടുന്നത് നിങ്ങളുടെ നല്ല നാളുകളുടെ കുട്ടുകെട്ടുകളുടെ ആ ഓർമ്മകൾ ആയിരിക്കും !
കഴിഞ്ഞുപോയ നിമിഷങ്ങൾ ഓർമ്മകളുടെ രേഖകളാണ്. വേദനിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയുന്ന ഭൂതകാലം …… കാലം അതിന്റെ വഴികൾ പിന്നീടുപ്പോഴും ഓർമ്മകൾ പെയ്തുകൊണ്ടിരിക്കും.
എന്റെ ചെറുപ്പകാലത്തെ കൂട്ടുകെട്ടുകൾ ജാതി മത വര്ഗിയതകൾക്കു അതീതം ആയിരുന്നു, തൊടിയിൽ കളിച്ചു നടന്ന പ്രായം തൊട്ടു ജീവിത പങ്കാളിയെ ചേർത്ത് വയ്ക്കുന്ന കാലം വരെ അത് ഞാൻ തുടർന്നു. ഇന്ന് കാലം മാറി തൊട്ടതിനും ഇല്ലാത്തതിനും സോഷ്യൽ മീഡിയ വഴി ജാതിയുടെയും മതത്തിന്റെയും പിന്നെ മറ്റുപലതിന്റെയും പേരിൽ പരസ്പരം ചെളിവാരിയെറിഞ്ഞു കൂട്ടുകെട്ടുകൾ അളന്നു നിർത്തി ഒരു രേഖ വരക്കുന്നു. ആ കാലങ്ങളിൽ സഹൃദം ഇങ്ങനെ അല്ലായിരുന്നു . എന്റെ ചെറുപ്പകാലം ഒരു ഗ്രാമത്തിൽ ആയിരുന്നു എന്നും ഓർത്തിരിക്കാൻ ഒരു പിടി നല്ല നാളുകൾ തന്ന ആ കുട്ടനാടൻ ഗ്രാമത്തിലേക്ക് നിങ്ങളെ ഞാൻ കൂട്ടികൊണ്ടു പോകാം !!!
മഴക്കാല ഓർമ്മകളോടെ തുടങ്ങാം …. ഒരു മഴക്കാലത്തോടെ ആണല്ലോ സ്കൂൾ തുറക്കലും അന്നത്തെ കുട്ടികാലത്തെ പ്രധാന വിനോദം ചൂണ്ട ഇട്ടു മീൻ പിടിത്തം ആണ്. ക്ലാസ് വിട്ടു വന്നാൽ ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് അടുത്തുള്ള തോടുകളിൽ മീൻപിടുത്തമാണ് അതും ഒരുമിച്ചു ഒരു കൂടയിൽ ഈർക്കിൽ കോർത്ത്…. ഒരു ആറുമണിയോട് കൂടി മീൻ പിടുത്തം നിർത്തി വീതം വയ്ക്കും പിന്നെ തോട്ടിലെ കുളിയാണ്… കന്നിനെ കയം കാണിച്ചതു പോലെ തോട്ടിലെ ചെളിമുഴുവൻ അടിച്ചു തകർത്തു. വെള്ളം കോരനും അലക്കാനും വരുന്ന അമ്മമാരുടെയും , ചേച്ചിമാരുടെയും വായിലെ വഴക്കു മുഴുവൻ കേട്ട് അതെങ്ങനെ നീളും.
സ്കൂൾ അവധി ദിനങ്ങളിൽ മീൻ പിടുത്തതിനൊപ്പം ചില കളികളും കാണും അതിൽ പ്രധാന കളികൾ ചിലത് ഇങ്ങനെ .. സിഹാർട്ട് പാക്കറ്റ് കളക്ടര് ചെയ്തു വെക്കും പിന്നീട് അതിനു ഒരു വിലയിടും, വിൽസ്, സിസ്സർ പിന്നെ മൾബറോ അങ്ങനെ !!! അത് ഒരു കളത്തിൽ ഒന്നിന് മുകളിൽ ഒന്നായി അടുക്കും എന്നിട്ട് കുറച്ചു അകലെ നിന്ന് ചെരുപ്പുകൊണ്ട് അതിനെ ലക്ഷ്യമാക്കി എറിയും കളത്തിനു പുറത്തു വീഴുന്നത് എറിയുന്ന ആൾക്ക് എടുക്കാം, പിന്നെ ഉള്ള ഒരു പ്രധാന കളി വട്ടു കളി ആണ് …. തലക്ക് വട്ടു അല്ല ഓഹ് ഗോലി ഗോലി … അതുകൊണ്ടു പലതരം കളികൾ ഉണ്ട് കേട്ടോ ‘മൂപ്പച്ച’ ഏറ്റവും dangerous കളി അതാണ്. മൂന്ന് കുഴി കുഴിച്ചുള്ള കളിയിൽ തോൽക്കുന്ന ആൾ കൈ മടക്കി നിലത്തു വച്ച് കൈ മൊട്ടക്കിട്ടു ഗോലി കൊണ്ട് ജയിക്കുന്ന ആളുടെ കൈയിൽ നിന്നും അടിവാങ്ങണം, രസകരമായ ഓർമ്മകൾ പലരും ചേട്ടൻമാരുടെ അടികൊണ്ടു കരഞ്ഞിട്ടുണ്ട് ഞാനും. വർഷങ്ങളോളം കുട്ടുകാർ ഈ ഒറ്റ കളി കാരണം പിണങ്ങിയും ഇരുന്നിട്ടുണ്ട് ഇപ്പോൾ ഓർക്കുമ്പോൾ എല്ലാം ഒരു തമാശ !!! പിന്നെ ഉരുട്ടു ഒറ്റ തുടങ്ങിയ കളികളും….. പഠിത്തത്തോടൊപ്പം അങ്ങനെ പോകും എല്ലാ ദിവസങ്ങളും
ഓർമകളിലെ ഓണം വിളിക്കുന്നു പിന്നെയും….
ഓണകാലമായ പിന്നെ ബഹു രസമാണ് കളികൾ കൂടും അവധിക്കു എന്റെ മൂന്ന് കുഞ്ഞു അനിയൻമാരുമായി പേരമ്മയുടെ വീട്ടിലേക്ക്. അവിടെ ചേച്ചിയും ചേട്ടനും ഉണ്ട്. അവിടെ പോയാൽ ടേപ്‌റെക്കോഡിൽ പാട്ടുകൾ കേൾക്കാം ….. പിന്നെ ഓണത്തിന്റെ ദിവസങ്ങൾ അടുക്കുമ്പോൾ രാത്രിയിൽ രാവെളുക്കുവോളം ഓരോ ഒരോ കളികളാണ് തുമ്പി തുള്ളൽ, കബഡി, പഴുക്കാ, കുലുക്കി കുത്തു പിന്നെയും പേര് മറന്നു പോയ പലകളികളും, ഇന്നത്തെ പോലെ അന്ന് ടി വി യും ചാനലുകളും അധികം ആർക്കും ഇല്ലാത്തതുകൊണ്ട്, സകല ആളുകളുടെയും കൂട്ടായ മത്സരങ്ങൾ ആയിരുന്നു . എന്റെ സ്കൂൾ കാലത്തെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങൾ ഇതായിരുന്നു എല്ലാം മധുരമുള്ള ഓർമ്മകൾ
തുമ്പി തുള്ളൽ
കുറച്ചു കൂടി വളർന്നപ്പോൾ കാര്യങ്ങൾ മാറി ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് വീട്ടിൽ ടിവി മേടിക്കുന്നത് സ്കൂൾ വിട്ടു വരും വഴി വഴിയിൽ വച്ച് ഒരു ചേട്ടൻ പറഞ്ഞു നിന്റെ വീട്ടിൽ ആന്റിന ഫിറ്റ് ചെയുന്നത് കണ്ടു എന്ന് പിന്നെ ഒരു ഒന്നര കിലോമീറ്റര് ഞാൻ ഇങ്ങനെ വീട്ടിലെത്തി എന്ന് എനിക്ക് ഇന്നും അറിയില്ല. ഈ തലമുറയിൽ ജീവിക്കുന്ന ഒരു അഞ്ചാം ക്ലാസുകാരന് ഇത് ഒരു അത്ഭുതമായി തോന്നില്ലാരിക്കാം കാരണം LKG പഠിക്കുന്ന കുട്ടിക്ക് വരെ ടാബ് ഫോൺ ഉള്ള കാലം ആണ് ഇന്ന്. അന്ന് പക്ഷെ പിന്നെ ദൂരദർശൻ മാത്രമുള്ള ഒരു ലോകത്തു ടിവി കാഴ്ചകൾ വല്ലപ്പോഴും വരുന്ന ഞായറാഴ്ച മലയാളം സിനിമ കാണാൻ അന്ന് വീട്ടിൽ തിയറ്ററിലെ പോലെ ആളായിരുന്നു. ടിവിയോടൊപ്പം ഞങ്ങളുടെ ഇടയിലേക്ക് പുതിയ ഒരു കളികൂടി കടന്നു വന്നു ക്രിക്കറ്റ് പിന്നെ അത് മാത്രമായി ഞങ്ങളുടെ കളി, റോഡിലും കൃഷി കഴിഞ്ഞ പാടത്തു, പഞ്ചായത്തു പറമ്പിലും ആയി ക്രിക്കറ്റ് മാത്രം തലയ്ക്കു പിടിച്ചു സ്കൂളിലും പഠിത്തത്തിനും ഇടയിലും ക്രിക്കറ്റ് കളിയും ക്രിക്കറ്റ് കാഴ്ചകളുമായി പറന്നു നടന്നു.
എന്നാൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എത്തിപ്പെട്ടത് ആകട്ടെ പുതിയ ഒരു ലോകത്തും അതും പ്രസിദ്ധമായ ചങ്ങനാശേരി എസ് ബി കോളേജ് എന്ന കലാലയ മടിത്തട്ടിൽ. ഇന്നത്തെ തലമുറയ്ക്ക് കാലഹരണപ്പെട്ടു നഷ്ടപ്പെട്ടും തിരനഷ്ടവും ആയ ഒരു കോഴ്സ് പി ഡിഗ്രി കാലഘട്ടം സ്കൂൾ ജീവിതത്തിന്റെ പേടിപ്പെടുത്തുന്ന ക്ലാസ്സിൽ നിന്നും ആരും ചോദിക്കാനും നിർബന്ധിച്ചു ക്ലാസ്സിൽ ഇരുത്താനും ഇല്ലാത്ത കാലം പിന്നെ പറയണോ കഥ…. അടിച്ചു പൊളിച്ചു സിനിമ തിയേറ്ററും, പാർക്കും, ബസ്ഡേയും, കണ്ണുകൾ കൊണ്ടുള്ള പ്രണയവും, പ്രണയ ഹംസങ്ങളായും, ജീവിതത്തിലെ എന്നെ വരെ ഏറ്റവും നല്ല ഓർമ്മകൾ സമ്മാനിച്ച ദിവസങ്ങൾ…. ഒരു മനുഷ്യന്റെ ജീവിതത്തിൽ അവന്റെ വിധി ഇങ്ങനെ മാറും എന്നറിയുന്ന പ്രായം… അവിടെ തോൽക്കാതിരിക്കാൻ ശ്രമിക്കാം….
അവിടെയും ഓർത്തിരിക്കാൻ ഏറ്റവും നല്ല നിമിഷങ്ങൾ തന്നത് സ്റുഡൻസിനു മാത്രം യാത്ര ചെയ്യാനുള്ള ആ കെഎസ്ആർടിസി ബസും കോളേജ് ഗ്രൗണ്ടും ആർട്സ് ബിൽഡിങ്ങും ആണ്. തകർക്കുകയായിരുന്നു ജീവിതം ഒരുക്കലും മറക്കാത്ത, ഇപ്പോളും ഓർക്കുമ്പോൾ ഇന്നും കണ്ണിലൂടെ ഒരു നേർത്ത ഈറൻ അണിയിച്ചു ഓർമ്മപ്പെടുത്തുന്ന സന്തോഷകരമായ നിമിഷങ്ങൾ, അവസാനം കുട്ടുകാരെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു പോയ നിമിഷങ്ങൾ വരെ മനസിലൂടെ കടന്നു പോയിപിന്നീട് ലൈഫിന്റ വിധി നിർണ്ണയിക്കുന്ന കോഴ്സുകളുടെ ലോകത്തെ മാറിയെങ്കിലും കുട്ടുകാരെ കൂടെ കുട്ടി തന്നെ മുന്നോട്ടു പോയത് പിന്നീടുള്ള വിനോദം അവധി ദിവസങ്ങളിൽ മാത്രം ആയി, അവധി ദിവസം ഒത്തുകൂടും വർത്തമാനം പറയും പരസ്പരം കളിയാക്കും കൌണ്ടർ ഒരു ലോകം. ഇപ്പോളും അത് ഉണ്ട് പക്ഷെ പേര് മാറി ട്രോൾ എന്നായി എന്ന് മാത്രം. ചിലർ കുട്ടുകാർ ഞങ്ങൾക്ക് മുൻപേ പഠനം മതിയാക്കി അപ്പോൾ ജോലിയിൽ പ്രവേശിച്ചിരുന്നു. ശനി ആഴ്ചകളിൽ അവർ വരുന്നതും കാത്തു നേരം ഇരുട്ടിയും ഇരിക്കും വന്നാൽ അവരെ തട്ടുകടയിൽ കൊണ്ട് പോയി ദോശ വാങ്ങിപ്പിക്കും . പാവം ഇപ്പോൾ ഓർക്കുമ്പോൾ എത്രനാൾ അവന്മാരെ അങ്ങനെ പറ്റിച്ചു . പിന്നീട് ഞങ്ങളുടെ ഗ്രാമത്തെ മാറ്റി മറിച്ച ഒരു സംഭവം ആയിരുന്നു ക്യൂസറ്റിന്റെ കോളേജ് ഞങ്ങളുടെ നാട്ടിലേക്കു വന്നത്
2002 ൽ ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്ന കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ പ്രൊഫഷണൽ കോളേജ് ഞങ്ങളുടെ ഗ്രാമത്തിന്റെ മുഖഛായയെയും അതോടൊപ്പം ഞങ്ങളുടെ സൗഹൃദങ്ങളെയും മാറ്റി മറിച്ചു. പുതിയ കൂട്ടുകാരായി. ഇന്ത്യയുടെ തന്നെ പല ഭാഗങ്ങളിൽ ഉള്ള കൗമാരക്കാർ, കൂടെ ഈ നാട്ടുകാർ കുറച്ചു ഹിന്ദിയും പഠിച്ചു. ജോലിക്കും പഠിത്തത്തിനും ഇടയിൽ നാട്ടിലുള്ള ഞങ്ങൾ സുഹൃത്തുക്കൾ പിന്നീട് സമയങ്ങളിൽ ഒത്തുകൂടുന്നു കേരളത്തിലെ പലദേശങ്ങളിനിന്നും ഇവിടെ വന്നു പഠിക്കുന്ന വിദ്ധാർത്ഥികളുടെ ഹോസ്റ്റൽ, ഹോം സ്റ്റേകളിലാക്കി, അവരിൽ പലരും ഞങ്ങളുടെ വീടുകളിലെ ഒരു അംഗത്തെ പോലെ ആയിരുന്നു. ഞങ്ങളുടെ നാട്ടിലെ എല്ലാ കലാപരിപാടികൾക്കും അവരും ഒപ്പം കൂടി. ഞങ്ങളുടെ പെങ്ങമ്മാരുടെ കല്യാണത്തലേന്നു സഹായിക്കുന്നത് മുതൽ എല്ലാ ആഘോഷങ്ങളിലും അവരും ഞങ്ങൾക്കൊപ്പം കൂടി. അവരുടെ താമസസ്ഥലങ്ങൾ ഞങ്ങൾ ഉത്സവപ്പറമ്പുകൾ ആക്കി. കോളേജ് ജീവിതം കഴിഞ്ഞു അവർ തിരിച്ചു പോകുമ്പോൾ ഞങ്ങളോടൊപ്പം അവരിൽ പലരും കണ്ണുനീർ തുടയ്ക്കുന്നുണ്ടായിരുന്നു.
പിന്നെയും ഞങ്ങൾ കൂട്ടുക്കാർ മാത്രം തനിച്ചായി എന്നും വൈകുന്നേരങ്ങളിൽ വീടിനടുത്തുള്ള ആൾ താമസമില്ലാതെ ഒരു ബംഗ്ളാവിന്റെ ഒരു മതിലിൽ ഒത്തുകൂടുമായിരുന്നു വര്ഷങ്ങളോളം ഞങ്ങളെ പിന്തുടർന്ന് പോന്ന ഒരു ആചാരം ഒരു 20 ഓളം ചെറുപ്പക്കാർ ഒത്തുകൂടി പിന്നെ എന്തായിരിക്കും ഇരിപ്പും, വർത്തമാനം പറച്ചിലും ഷാപ്പിൽ പോകും പിന്നെ നടൻ പാട്ടും ……. പ്രായം കുടുതോറും എല്ലാം കഴിഞ്ഞു വർഷങ്ങൾ പോയതറിയാതെ… ഓർക്കുമ്പോൾ മനസിനെ വല്ലാതെ ആ ഓർമ്മകൾ വേദനിപ്പിക്കുന്നു അതെ നിങ്ങളിൽ പലര്ക്കും കിട്ടാത്ത ഇനി വരുന്ന ഒരു തലമുറക്ക് സിനിമയിൽ മാത്രം കാണുന്ന ഒരു കഥയായി മാത്രം കാണാൻ കഴിയുന്ന യഥാർത്ഥ ജീവിതം…..കാലങ്ങൾ മാറുകയാണ് കാലങ്ങൾക്കൊപ്പം സൗഹൃദങ്ങളും വരും തലമുറയുടെ സൗഹൃദ സങ്കൽപ്പങ്ങൾ നമ്മുക്കോ നമ്മുടെ അന്നത്തെ കൂട്ടുകെട്ടുകൾ ഇവർക്കോ ഒരിക്കലും ഉൾകൊള്ളാൻ കഴിയില്ലായിരിക്കും, പക്ഷെ മൊബൈൽ ഫോണുകളും, ഇന്റെനെറ്റും ഇല്ലായിരുന്ന കാലത്തെ കുട്ടുകെട്ടുകൾക്കു ആർദ്രമായ ഹൃദയത്തിൽ എന്നും മഞ്ഞുകോരിയിടുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു അത് എന്തെന്ന് എനിക്കും അറിയില്ല പക്ഷെ ഒന്ന് മാത്രം പറയാം
ഒരിക്കൽ മാത്രം സന്തോഷിപ്പിക്കുകയും പിന്നീടുള്ള ഓർമ്മകളിൽ മനസിനെ നൊമ്പരപ്പെടുത്തുന്ന സുഖമുള്ള ഓർമ്മകളാണ് സൗഹൃദം……
നിങ്ങളുടെ ഓർമ്മകൾ മഞ്ഞുതുള്ളിപോലെ പെയ്യുകയാണ് . ഓർമ്മകൾ മറവിയിലേക്കു വിസ്മരിക്കപ്പെടുന്നതിനു മുൻപ് ഓർക്കുക ഓർമ്മകളെ !!!
Leave a Reply