ഷിബു മാത്യു
ഇത് ചാൾസ് ആൻ്റണി. മലയാളിയാണ്. തനി കൊച്ചിക്കാരൻ. സ്പാനീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ, അറബിക്, ഹീബ്രു, യേശുക്രിസ്തു സംസാരിച്ച അരമിയക് തുടങ്ങി 18 വിദേശ ഭാഷകളിലായി ഗാനങ്ങൾ ആലപിച്ച് ആഗോള ശ്രദ്ധ നേടിയ അത്ഭുത പ്രതിഭ. വിദേശ ഭാഷകളെ കൂടാതെ പതിമൂന്ന് ഇന്ത്യൻ ഭാഷകളും ചാൾസിന് സ്വന്തം. തീർന്നില്ല, 2016ൽ കെ ആൻ്റ് കെ ഫൗണ്ടേഷൻ മുബൈയുടെ മൾട്ടി ടാലൻ്റഡ് സിംഗർ അവാർഡ് ജേതാവ് കൂടിയാണിദ്ദേഹം.
ബക്കിംഹാം കൊട്ടാരത്തിൽ ചാൾസ് രാജകുമാരൻ്റെ മുമ്പിൽ പാടുക എന്നതാണ് അടുത്ത ലക്ഷ്യം. അതു നേടാനാണ് ചാൾസ് യുകെയിലെത്തിയത്.
ഇതൊരു ചെറിയ മുഖവര മാത്രം. ചാൾസിനെ കൂടുതൽ അറിയാനിരിക്കുന്നതേയുള്ളൂ. ഒരു ഗായകനിലുപരി ചെറുപ്പം മുതൽ ഗിത്താറിലായിരുന്നു ചാൾസിന് താല്പര്യം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഗിത്താർ പഠിച്ചു തുടങ്ങി. ജേഷ്ഠ സഹോദരൻ ജോസ് എഡ്വേർഡ് ആണ് ചാൾസിൻ്റെ ഗുരു. പഠന കാലത്ത് ഉപകരണ സംഗീത മത്സരത്തിൽ സംസ്ഥാന ലെവലിൽ വരെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഹോട്ടൽ ഇൻഡസ്ട്രിയിൽ ജോലിയാരംഭിച്ചു. കൊച്ചിയിലെ ഹോട്ടൽ ഇൻ്റർനാഷണലിൽ ഗിത്താറിസ്റ്റ് ആയിട്ടായിരുന്നു തുടക്കം. തുടർന്ന് ഗിത്താറിനോടൊപ്പം ഗാനങ്ങളും ആലപിച്ചു തുടങ്ങി. ഈ കാലയളവിലാണ് ആംഗ്ലോ ഇന്ത്യൻ സിംഗർ കോളിൻ ഡിസൂസയുമായി പരിചയപ്പെടുന്നത്. അദ്ദേഹം വഴി താജ് മലബാർ ഹോട്ടലിലേയ്ക്ക് ഓഫർ വന്നു. അതൊരു മാറ്റത്തിൻ്റെ തുടക്കമായിരുന്നു. അവിടെ വച്ചാണ് അന്യഭാഷയിലേയ്ക്ക് തിരിയുന്നതെന്ന് ചാൾസ് പറയുന്നു.
താജിലെ ഗസ്റ്റുകൾ കൂടുതലും വിദേശീയരായതുകൊണ്ട് ഇംഗ്ലീഷ് അല്ലാതെ ഒരു ഇന്ത്യൻ ഭാഷയിലും ഗാനങ്ങൾ ആലപിക്കാൻ അനുവാദമില്ലായിരുന്നു. ഹോട്ടലിൽ എത്തുന്ന വിദേശീയരായ ഗസ്റ്റുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന അവരുടെ ഭാഷയിലുള്ള ഗാനങ്ങൾ പാടിയാൽ അത് കൂടുതൽ കളം പിടിക്കും എന്ന ചിന്ത ചാൾസിൽ കടന്നു കൂടി. പിന്നീടങ്ങോട്ട് അതിനുള്ള ശ്രമമായിരുന്നു. ഹോട്ടലിൽ വരുന്ന ഗസ്റ്റുകളോട് തന്നെ അവരുടെ താല്പര്യം ചോദിച്ചറിയുകയും അവരെക്കൊണ്ട് തന്നെ അവർക്കിഷ്ടപ്പെട്ട ഗാനങ്ങൾ പാടിപ്പിച്ച് അത് റിക്കൊർഡ് ചെയ്ത് പഠിച്ച് പിന്നീടൊരവസരത്തിൽ അതേ രാജ്യത്തിൽ നിന്ന് വരുന്ന മറ്റ് ഗസ്റ്റുകൾക്ക് മുമ്പിൽ പാടുമായിരുന്നു. അന്യരാജ്യത്ത് ചെല്ലുമ്പോൾ ഇഷ്ടപ്പെട്ട ഗാനം കേട്ടാൽ മനസ്സ് കുളിർക്കാത്തതാരാണ് ഈ ലോകത്തിലുള്ളത്. അതു കൊണ്ട് തന്നെ ആലാപനത്തിലുണ്ടാകുന്ന തെറ്റുകൾ വളരെ സന്തോഷത്തോടെ വരുന്ന ഗസ്റ്റുകൾ തിരുത്തി തരുമായിരുന്നുവെന്ന് ചാൾസ് പറയുന്നു. ചാൾസിനതൊരു പ്രചോദനമായി.
2003 ൽ താജ് വിട്ട് ലി മിരഡിയനിലെത്തുമ്പോൾ 6 വിദേശ ഭാഷകളിലെ നിരവധി സൂപ്പർ ഗാനങ്ങൾ ചാൾസിൻ്റെ സ്വന്തമായി. ഈ 6 രാജ്യക്കാർ ചോദിക്കുന്ന പ്രസിദ്ധമായ ഏതു ഗാനവും ഏതു സമയത്തും പാടുവാൻ തക്കവണ്ണം ചാൾസ് വളർന്നിരുന്നു. തുടർന്നുള്ള ലി മിരഡിയൻ ഹോട്ടലിലെ 5 വർഷങ്ങൾ. 6 അന്യഭാഷാ ഗാനങ്ങളിൽ നിന്ന് 18 അന്യഭാഷാ ഗാനങ്ങളിൽ വരെയെത്തി ചാൾസിൻ്റെ മുന്നേറ്റം. സ്പാനീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, ഡച്ച്, പോർച്ച്ഗീസ്, ആഫ്രിക്കൻ, അറബിക്, ചൈനീസ്, ജാപ്പനീസ്, നേപ്പാളി, കൊറിയൻ, സിംഹളീസ്, സ്വിസ്, ക്യൂബൻ, ഹീബ്രൂ, ഒടുവിൽ യേശുക്രിസ്തു സംസാരിച്ചിരുന്ന അരമിയക് വരെയാണ് 18 വിദേശ ഭാഷകൾ. കൂടാതെ 13 ഇന്ത്യൻ ഭാഷകളിലുള്ള ഗാനങ്ങളും. ഈ കാലഘട്ടങ്ങളിൽ ചാൾസിനെ ലോകം അറിഞ്ഞ് തുടങ്ങിയിരുന്നു.
2012 ലാണ് ചാൾസിൻ്റെ ജീവിതത്തിന് പുതിയ വഴിത്തിരിവുണ്ടാകുന്നത്. ലോകം ആരാധിക്കുന്ന ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണ കേരളത്തിലെത്തിയപ്പോൾ പതിനായിരക്കണക്കിന് ഫുട്ബോൾ പ്രേമികൾക്ക് നടുവിൽ മറഡോണയ്ക്ക് വേണ്ടിയും മറഡോണയോടൊപ്പവും സ്പാനീഷിൽ ഗാനങ്ങൾ ആലപിച്ചു. അന്ന് മറഡോണയുടെ ജന്മദിനമായിരുന്നു. “ബേസാമേ മൂച്ചോ” എന്ന് തുടങ്ങുന്ന സ്പാനീഷ് ഗാനമായിരുന്നു (എന്നെ ധാരാളം ചുംബിക്കൂ) മറഡോണയുടെ 52 – മത് ജന്മദിനത്തിൽ ചാൾസ് പാടിയത്. അന്യ ഭാഷയിലെ ചാൾസിൻ്റെ പ്രാവീണ്യം കണ്ട് അത്ഭുതപ്പെട്ടു പോയ മറഡോണ ചാൾസിനെ കെട്ടിപ്പിടിച്ചാശ്ലേഷിക്കുകയായിരുന്നു. പ്രാദേശീക മാധ്യമങ്ങൾ ഉൾപ്പെടെ ഇൻ്റർനാഷണൽ മാധ്യമങ്ങളിൽ വരെ ഇത് വാർത്തയായി. ബി ബി സി , ഓസ്ട്രിയൻ റേഡിയോ, ലാറ്റിൻ അമേരിക്കൻ റേഡിയോ എന്നിവയിലും സംപ്രേക്ഷണം ചെയ്തു. പിന്നീട് 2016 ൽ മറഡോണ കൽക്കത്തയിൽ എത്തിയപ്പോഴും സ്പാനീഷ്, ഇറ്റാലിയൻ, ക്യൂബൻ എന്നീ ഭാഷകളിലും ഗാനങ്ങൾ ആലപിക്കാൻ അവസരമുണ്ടായി.
ചെന്നൈയിൽ എം.ആർ.എഫ് സംഘടിപ്പിച്ച പ്രൈവെറ്റ് ഡിന്നർ പാർട്ടിയിൽ സച്ചിൻ തെണ്ടുൽക്കറിനും മാക് ഗ്രാത്തിനും മുമ്പാകെ, സൗദി അറേബ്യൻ പ്രിൻസ് പ്രിൻസ് ഫൈസൽ ഓഫ് സൗദി അറേബ്യൻ്റെ മുമ്പാകെ, ഇറ്റാലിയൻ ഫുട്ബോൾ അലസാൻത്രോ ഡൽപിയാറോയുടെ 40 – താം ജന്മദിനത്തിലൊക്കെ ഗാനങ്ങൾ ആലപിക്കുവാനുള്ള അവസരമുണ്ടായി.
മലയാളികളുടെ പ്രിയ ലാലേട്ടൻ്റെ സന്തത സഹചാരിയാണ് ചാൾസ്. ബോളിവുഡ് താരം സൽമാൻ ഖാൻ്റെ സഹോദരൻ അർബാസ് ഖാൻ്റെ ജന്മദിനം ലാലേട്ടൻ്റെ വീട്ടിൽ ആഘോഷിച്ചപ്പോൾ അവിടെയും ചാൾസ് പാടി. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വതീയൻ പാത്രിയർക്കീസ് ബാവയോടൊപ്പം ചേർന്ന് യേശു ക്രിസ്തു സംസാരിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന അരമിയക് ഭാഷയിൽ “അബുൻ ദ ബശ് മായോ” (സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ ഗാനരൂപം) എന്ന ഗാനം പാടാൻ സാധിച്ചതും ജനശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരിയിൽ തിരുവനംന്തപുരം ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കെ . ആർ ഗൗരിയമ്മ അവാർഡ് ദാന ചടങ്ങിൽ ലോക പ്രശസ്തനായ ക്യൂബൻ റവലൂഷ്യനറി ലീഡർ ചെകുവരയുടെ മകൾ ഡോ. അലൈഡാ ചെകുവരയോടൊപ്പം ക്യൂബൻ ഗാനങ്ങൾ പാടിയതും , രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നടന്ന “ലഞ്ച് വിത്ത് രാഹുൽ” എന്ന പാർട്ടിയിൽ പാടിയതും സമീപ കാലത്തു നടന്ന എടുത്തു പറയേണ്ട സംഭവങ്ങളാണ്. വേൾഡ് മലയാളി കൗൺസിൽ യു എസ്സിലെ ന്യൂജേഴ്സിയിൽ വെച്ച് ഡെഡിക്കേറ്റഡ് സർവ്വീസ് റ്റു ദ വേൾഡ് ഓഫ് മ്യൂസിക് എന്ന ബഹുമതി നൽകി ആദരിക്കുകയാണിപ്പോൾ.
സംഗീത ലോകത്ത് മുപ്പത് വർഷത്തെ പരിചയസമ്പത്തുള്ള ചാൾസ് ആൻ്റണി യുകെയിൽ സ്ഥിരതാമസത്തിനൊരുങ്ങുകയാണ്. മാർച്ച് 31ന് ലിവർപൂളിലെ പ്രസിദ്ധമായ ക്രോസ് കീസ് പബ്ബിൽ ചാൾസ് ആൻ്റണിയുടെ യുകെയിലെ ആദ്യ പ്രോഗ്രാം നടക്കും. കുടിലിൽ എൻ്റർടൈൻമെൻ്റ് നടത്തുന്ന ഈ പ്രോഗ്രാമിൽ നിന്ന് ലഭിക്കുന്ന തുക പൂർണ്ണമായും ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. വൈകിട്ട് 7 മണിക്ക് നടക്കുന്ന ലൈവ് പ്രോഗ്രാം പത്ത് പൗണ്ട് ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുകയാണ്. ചാൾസ് ആൻ്റണിയുടെ യുകെയിലെ ആദ്യ ലൈവ് പ്രോഗ്രാം കാണാൻ യുകെയിലെ എല്ലാ സംഗീതാസ്വാദകരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കഠിനമായി പരിശ്രമിച്ചു വളർന്നു വരുന്ന ഒരു കലാകാരൻ്റെ സ്വപ്നം പൂവണിയട്ടെ.
അദ്ദേഹത്തിന് ബക്കിംഹാം പാലസിൽ പാടാനുള്ള അവസരമൊരുങ്ങട്ടെ. മലയാളം യുകെ ന്യൂസിൻ്റെ ആശംസകൾ നേരുന്നു.
ചാൾസ് ആൻ്റണിയെ ആർക്കും ഏത് സമയത്തും വിളിക്കാം.
Mobile # 07767595563
Leave a Reply