സാധാരണ ഉപയോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ഒരു നീണ്ട പട്ടിക ഇനി മുതല്‍ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷനുകളില്‍ ഉണ്ടാകില്ല. മെയ് 31 മുതല്‍ ചില മരുന്നുകള്‍ എന്‍എച്ച്എസില്‍ നിന്ന് ലഭിക്കില്ലെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. ചുമ മരുന്ന്, ഐ ഡ്രോപ്‌സ്, വിരേചന മരുന്നുകള്‍, സണ്‍ ക്രീമുകള്‍, ആന്റി ഡാന്‍ഡ്രഫ് ഷാംപൂ, പാരസെറ്റമോള്‍ തുടങ്ങി ലഭ്യമല്ലാതാകുന്ന മരുന്നുകളുടെ പട്ടികയും എന്‍എച്ച്എസ് പ്രസിദ്ധീകരിച്ചിരുന്നു. മലബന്ധം, ചെറിയ പൊള്ളലുകള്‍, ഗുരുതരമല്ലാത്ത നടുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള ചികിത്സയും ഇനി മുതല്‍ ആശുപത്രികളില്‍ നിന്ന് ലഭ്യമാകില്ലെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന എന്‍എച്ച്എസിന് ഇതിലൂടെ വര്‍ഷം 100 മില്യന്‍ പൗണ്ട് മിച്ചംപിടിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഹെല്‍ത്ത് സര്‍വീസ് നേരിട്ട ഏറ്റവും മോശം വിന്ററിനു ശേഷമാണ് ഈ തീരുമാനം. നിരവധി ഓപ്പറേഷനുകള്‍ കഴിഞ്ഞ വിന്ററില്‍ മാറ്റിവെക്കേണ്ടതായി വന്നിരുന്നു. അടുത്ത വിന്ററിലെങ്കിലും പ്രതിസന്ധി ഒഴിവാക്കണമെങ്കില്‍ കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. അതിനൊപ്പമാണ് പണം ലാഭിക്കാനുള്ള ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ എന്‍എച്ച്എസ് ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനമായത്.
മിച്ചം പിടിക്കുന്ന പണം അത്യാവശ്യ കാര്യങ്ങള്‍ക്കായി നീക്കിവെക്കാനുള്ള നിര്‍ദേശത്തെ എന്‍എച്ച്എസ് ഒഫീഷ്യലുകളില്‍ ഭൂരുപക്ഷവും പിന്തുണച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വസ്തുക്കളാണ് എന്‍എച്ച്എസ് വിതരണം ചെയ്യുന്നതെന്ന് നേരത്തേ വിവാദമുയര്‍ന്നിരുന്നു. ചികിത്സക്കായുള്ള ഫണ്ടില്‍ നിന്നാണ് ഇത്തരം വസ്തുക്കള്‍ക്കായി അനാവശ്യ ചെലവഴിക്കല്‍ ഉണ്ടാകുന്നതെന്നായിരുന്നു വിവാദം.
Leave a Reply