സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്ധന വിലയില്‍ കുറവു വരുത്തി. ഹോള്‍സെയില്‍ വിലയില്‍ കുറവ് വന്നതോടെയാണ് റീട്ടെയില്‍ വില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍ബന്ധിതരായത്. ആസ്ഡയാണ് ആദ്യം വിലക്കുറവ് പ്രഖ്യാപിച്ചത്. പെട്രോളിന് 1 പെന്‍സും ഡീസലിന് രണ്ടു പെന്‍സുമാണ് ആഡ്‌സ കുറച്ചത്. പിന്നാലെ മോറിസണ്‍സും സെയിന്‍സ്ബറീസും വില കുറച്ചു കൊണ്ട് രംഗത്തെത്തി. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോളിന് 1.19 പൗണ്ടും ഡീസലിന് 1.30 പൗണ്ടുമാണ് ആസ്ഡ ഈടാക്കുന്നത്. ആഗോള വിലയില്‍ കുറവു വരുന്നത് അനുസരിച്ച് ഇന്ധനവില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശനം മോട്ടോറിംഗ് ഗ്രൂപ്പുകള്‍ ഉയര്‍ത്തിയിരുന്നു.
പെട്രോള്‍ ഹോള്‍സെയില്‍ വില ആഴ്ചകളായി കുറഞ്ഞുകൊണ്ടിരിക്കുയായിരുന്നുവെന്നും അതിന് അനുസൃതമായി വില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറായില്ലെന്നും ആര്‍എസി ഫ്യുവല്‍ വക്താവ് സൈമണ്‍ വില്യംസ് പറഞ്ഞു. ഇനിയും വിലക്കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കള്‍ പങ്കുവെക്കുന്നത്. ശരാശരി ഇന്ധന വില ഒക്ടോബര്‍ മധ്യത്തോടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. 1.31 പൗണ്ടായാണ് അന്ന് വില വര്‍ദ്ധിച്ചത്. നിലവില്‍ ശരാശരി വില പെട്രോളിന് 1.27 പൗണ്ടും ഡീസലിന് 1.35 പൗണ്ടുമാണ്. ക്രൂഡ് ഓയില്‍ വില കുറയുന്നതിനാല്‍ ഇന്ധനവിലയില്‍ കാര്യമായ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ബാരലിന് 60 ഡോളറായി താഴ്ന്നിരുന്നു. 2017 ഒക്ടോബറിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. അമേരിക്കന്‍ ഇന്ധനക്കമ്പനികള്‍ ഉദ്പാദനം വര്‍ദ്ധിപ്പിച്ചതാണ് ഈ വിലക്കുറവിന് കാരണം. വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ എണ്ണയുദ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് യോഗം അടുത്ത മാസം ചേരുന്ന യോഗത്തില്‍ തീരുമാനം എടുത്തേക്കും. ഉദ്പാദനം കുറയ്ക്കാനായിരിക്കും തീരുമാനം.
Leave a Reply