ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലണ്ടനിലും ഇംഗ്ലണ്ടിന്റെ തെക്കു കിഴക്കൻ പ്രദേശങ്ങളിലും അഞ്ചിലൊന്ന് പെട്രോൾപമ്പുകളിലും ഇപ്പോഴും ഇന്ധനക്ഷാമമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റിട്ടെയിൽ വിതരണക്കാർ. എന്നാൽ യുകെയുടെ മറ്റ് പ്രദേശങ്ങളിൽ പെട്രോൾ ലഭ്യതയ്ക്ക് കാര്യമായ പുരോഗമനമുണ്ടെന്നും, ഡെലിവറികൾ സുഗമമാക്കാൻ സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ അറിയിച്ചു. എന്നാൽ തെക്കു കിഴക്കൻ പ്രദേശങ്ങളുടെ സ്ഥിതിഗതികൾ ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് അവർ വ്യക്തമാക്കി. ഇന്ധന ലഭ്യത വർദ്ധിച്ചതോടെ ഇ ജി ഗ്രൂപ്പ് ഏർപ്പെടുത്തിയിരുന്ന 30 പൗണ്ട് തുകയുടെ നിബന്ധന അവസാനിപ്പിച്ചിരിക്കുകയാണ്. തെക്കൻ പ്രദേശങ്ങളിലൊഴികെ മറ്റെല്ലായിടത്തും സ്ഥിതിഗതികൾ സാധാരണ ഗതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ആർമിയിൽ നിന്നുള്ള നിരവധി പേരെ ഇന്ധന വിതരണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗവൺമെന്റ് ചെയ്യുന്ന അടിയന്തര നടപടികൾക്ക് വളരെയധികം നന്ദിയുണ്ടെന്നും പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ അറിയിച്ചു. 65 ഓളം ഡ്രൈവർമാരെയും പുതിയതായി നിയോഗിച്ചിട്ടുണ്ട്. ഇവർക്കെല്ലാം തന്നെ റിഫ്രഷർ ട്രെയിനിങും നൽകി കഴിഞ്ഞതായി ഗവൺമെന്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ട്രെയിനിങ് കഴിഞ്ഞവരെ ഇന്ധന ലഭ്യത കുറഞ്ഞ ഇടങ്ങളിലേയ്ക്ക് നിയോഗിക്കുമെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു.
പത്ത് ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ പല ഔട്ട്ലെറ്റുകളിലും പെട്രോൾ ലഭ്യത കുറവാണെന്ന് ബി പി ഗ്രൂപ്പ് അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്. ഇതോടെ ജനങ്ങൾ കൂടുതൽ പെട്രോൾ ശേഖരിച്ചു വയ്ക്കാൻ ആരംഭിക്കുകയും, ഇതു കൂടുതൽ പെട്രോൾ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്തു. ലോറി ഡ്രൈവർമാരുടെ അഭാവം പെട്രോൾ മേഖലയെ മാത്രമല്ല, മറ്റു പല മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പകർച്ചവ്യാധി, ബ്രെക്സിറ്റ് മുതലായവയൊക്കെ ഡ്രൈവർമാരുടെ ക്ഷാമത്തിന് കാരണമായി പറയുന്നുണ്ട്. കാര്യങ്ങൾ സാധാരണനിലയിലേയ്ക്ക് എത്തിക്കുവാൻ ഗവൺമെന്റ് വളരെ നന്നായി പരിശ്രമിക്കുന്നുണ്ട്.
Leave a Reply