ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ഒക്ടോബർ 24 മുതൽ ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്താൻ അനുമതി. യാത്രാ നിയന്ത്രണമില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർ വന്നതിന് ശേഷം രണ്ടാം ദിവസം വിലകൂടിയ പിസിആർ ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യം ആയിരുന്നു. ഇതിനൊരു മാറ്റം കൊണ്ടുവരികയാണ് ഇപ്പോൾ സർക്കാർ. പിസിആർ ടെസ്റ്റുകളേക്കാൾ വിലകുറഞ്ഞതും വേഗമേറിയതുമാണ് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ. കോവിഡുണ്ടോയെന്ന് സ്വയം പരിശോധിക്കാൻ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ സഹായിക്കും. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ഫോട്ടോ എടുത്ത് കാണിച്ചു സ്ഥിരീകരിക്കാം. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരും 18 വയസിനു താഴെയുള്ളവരും ഒക്ടോബർ 24 മുതൽ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്തിയാൽ മതിയാവും. സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ഇപ്പോൾ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഇംഗ്ലണ്ടിൽ എത്തുന്ന യാത്രക്കാർക്ക് നെഗറ്റീവ് ലാറ്ററൽ ഫ്ലോ റിസൾട്ടിന്റെയും ബുക്കിംഗ് റഫറൻസിന്റെയും ഫോട്ടോ എടുത്ത് കോവിഡ് ഇല്ലെന്ന് തെളിയിക്കാൻ സാധിക്കും. ചില വിമാനത്താവളങ്ങളിൽ ഉള്ള ടെസ്റ്റിംഗ് സെന്ററുകളിൽ യാത്രക്കാർക്ക് ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർ വന്നതിന് ശേഷം രണ്ടാം ദിവസം പിസിആർ ടെസ്റ്റ് നടത്തുകയും 10 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയുകയും വേണം.
വിദേശത്തേയ്ക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഈ തീരുമാനം കൈകൊള്ളുന്നതെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. അർദ്ധകാല അവധി ദിനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് ഈ മാസം അവസാനം ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ ലഭ്യമാകും. പനാമ, കൊളംബിയ, വെനിസ്വേല, പെറു, ഇക്വഡോർ, ഹെയ്തി, ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങൾ ആണ് ഇപ്പോൾ റെഡ് ലിസ്റ്റിൽ ഉള്ളത്. ആ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ സർക്കാർ അംഗീകൃത ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുകയും പിസിആർ ടെസ്റ്റ് നടത്തുകയും വേണം. ബ്രസീൽ, ഹോങ്കോംഗ്, ഇന്ത്യ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, തുർക്കി എന്നിവയുൾപ്പെടെ 37 രാജ്യങ്ങളിൽ നിന്ന് പൂർണമായി കുത്തിവയ്പ്പ് സ്വീകരിച്ചവരെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി.
Leave a Reply