ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലീഷ് യൂത്ത് ക്ലബ്ബുകൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു . കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യം വെച്ചാണ് സർക്കാരിൻറെ ഈ നടപടി. ഇതോടൊപ്പം സ്കൂൾ സമയത്തിനു ശേഷമുള്ള പ്രവർത്തനങ്ങൾക്കായും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 88 ബില്യൺ പൗണ്ടിന്റെ ധനസഹായം വിദ്യാർത്ഥികൾക്ക് സ്‌പോർട്‌സ്, ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ, കല, സംഗീതം, സംവാദം, സന്നദ്ധസേവനം എന്നീ മേഖലകളിലായാണ് ക്ലബ്ബുകൾ ചിലവഴിക്കേണ്ടത്.
കുട്ടികളും യുവാക്കളും വീടുകളിൽ ഒറ്റപ്പെട്ട് സമൂഹത്തിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യം ഉണ്ടെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. യുവാക്കൾക്ക് മാനസികമായ പിൻതുണ നൽകുന്നതിനും ഒരു കമ്പ്യൂട്ടറിനും മൊബൈലിനും നൽകാൻ കഴിയാത്ത ആത്മവിശ്വാസവും ജീവിത നൈപുണ്യവും നൽകുന്നതിനും വേണ്ടിയാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. 88 മില്യൺ പൗണ്ട് പാക്കേജിൽ, 22.5 മില്യൺ പൗണ്ട് മൂന്ന് വർഷത്തിനുള്ളിൽ 400 സ്‌കൂളുകളിലെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള പണമാണ്.
സ്കൗട്ട്സ്, ഗൈഡ്സ്, വോളണ്ടിയർ പോലീസ് കേഡറ്റുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കും യുവജന സംഘടനകളിൽ ആയിരക്കണക്കിന് സ്ഥാനങ്ങൾ സൃഷ്ടിക്കുന്നതിനും ഈ ഫണ്ടുകൾ പ്രാദേശിക അധികാരികളെ പിന്തുണയ്ക്കും. 2012 നും 2023 നും ഇടയിൽ ഇംഗ്ലണ്ടിലെ പ്രാദേശിക അധികാരികൾ നടത്തുന്ന യുവജന കേന്ദ്രങ്ങളുടെ എണ്ണം ഏതാണ്ട് പകുതിയായി കുറഞ്ഞിരുന്നു. യുവജന ജോലികൾക്കായുള്ള കൗൺസിൽ ചെലവ് 75% കുറയുകയും യുവ തൊഴിലാളികളുടെ എണ്ണം ഏകദേശം 4,500 ആയി കുറയുകയും ചെയ്തു. പുതിയതായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഈ സ്ഥിതിവിശേഷത്തിന് ഒരു മാറ്റത്തിനു കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലേബർ സർക്കാർ ഈ ഇനത്തിൽ ചിലവഴിക്കുന്ന പണം മുൻ സർക്കാരുകളെക്കാൾ കുറവാണെന്ന പരാതി വ്യാപകമായി ഉണ്ടായിരുന്നു. ധനസഹായം അടിയന്തിരമായി വർദ്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ യൂത്ത് വർക്ക് ചാരിറ്റിയായ യുകെ യൂത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Leave a Reply