മലയാളം യുകെ ന്യൂസ് ടീം
വിതിൻഷോ സെന്റ് ആന്റണീസ് ചർച്ച് പോളിന് ആദരാജ്ഞലി അർപ്പിക്കാൻ എത്തിയവരെക്കൊണ്ട് 11 മണിക്ക് മുമ്പെ നിറഞ്ഞു. പുഷ്പാലംകൃതമായ വാഹനത്തിൽ ഫ്യൂണറൽ ഡയറക്ടർസ് സ്വർഗീയ നിദ്രയിലായ പോളി൯െറ മൃതദേഹം ചർച്ചിൽ എത്തിച്ചിരുന്നു. നിരവധി സ്കൂൾ കുട്ടികൾ യൂണിഫോമിൽ തങ്ങളുടെ കൂട്ടുകാരിയുടെ പപ്പയ്ക്ക് വിട പറയാൻ എത്തി. വിങ്ങിപ്പൊട്ടുന്ന ഹൃദയങ്ങളുമായി പോളി൯െറ സുഹൃത്തുക്കളും ബന്ധുക്കളും അതേ സമയം ചർച്ചിൽ നടന്നുകൊണ്ടിരുന്ന ഗാന ശുശ്രൂഷയിൽ പങ്കെടുത്തു കൊണ്ടിരുന്നു. ഇംഗ്ലീഷുകാരടക്കം നൂറുകണക്കിന് ആളുകളാണ് സ്നേഹ നിധിയായ പിതാവിനെ ഒരു നോക്കു കാണാൻ എത്തിയത്.
11.05 ന് ഫ്യൂണറൽ ഡയറക്ടർസ് മൃതദേഹം ചർച്ചയിലേയ്ക്ക് വഹിച്ചു. കവാടത്തിൽ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ധൂപാഭികേഷത്തോടെ അൾത്താരയ്ക്ക് മുമ്പിലേക്ക് സ്വീകരിച്ചു. ഫാ.സജി മലയിൽ പുത്തൻ പുരയ്ക്കലിലടക്കം 15 ഓളം വൈദികർ അൾത്താരയിൽ അണിനിരന്നു. പോളി൯െറ പ്രിയ മക്കളായ കിംബർലിയും ആഞ്ചലയും DAD എന്ന് എഴുതിയ വെളുത്ത പുഷ്പങ്ങളുടെ റീത്ത് അൾത്താരയ്ക്ക് മുമ്പിൽ സമർപ്പിച്ചു. നിരവധി ബന്ധുക്കളും സുഹൃത്തുക്കളും പോളിന് പുഷ്പചക്രങ്ങൾ അർപ്പിച്ചു.
11.18 ന് കുർബാന ആരംഭിച്ചു. വി. ഗ്രന്ഥ വായനയ്ക്ക് ശേഷം മാർ ജോസഫ് സ്രാമ്പിക്കൽ തന്നെ പ്രസംഗത്തിൽ സ്നേഹനിധിയായ പോളി൯െറ അകാല വിയോഗത്തിൽ ദുഃഖിക്കുന്നവരെ ആശ്വസിപ്പിച്ചു. പോളി൯െറ പത്നി മിനിയ്ക്കും മക്കളായ കിംബർലിയ്ക്കും അഞ്ചലയ്ക്കും ഈ സഹന നിമിഷത്തിൽ മലയാളി സമൂഹം നല്കുന്ന പിന്തുണ പ്രത്യേകം പരാമർശിച്ചു. “ഈശോ എന്ന സമാധാനത്തിൽ പോൾ എത്തി ചേർന്നിരിക്കുകയാണ്. പോൾ സ്വർഗത്തിലേയ്ക്ക് ജനിച്ചിരിക്കുകയാണ്. വി.കുർബാനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം. കുർബാനയിലെ പ്രാർത്ഥനയിലൂടെയാണ് നാം വിശ്വാസം ഉറപ്പിക്കുന്നത്, സഹനത്തിന് ശക്തി ലഭിക്കുന്നത്”. മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
തുടർന്ന് ഇരുപതോളം കുട്ടികൾ പ്രാർത്ഥനാ ചിന്തകൾ വിശ്വാസ സൂഹത്തിനു മുൻപിൽ അർപ്പിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് തിരുകർമ്മങ്ങൾ നടന്നത്. തുടർന്ന് പോളി൯െറ ആത്മാവിനായി പ്രാർത്ഥിച്ചു കൊണ്ട് വിശ്വാസ സമൂഹം വി.കുർബാന സ്വീകരിച്ചു. കുർബാനയുടെ സമാപന ആശീർവാദത്തിനു ശേഷം ആഞ്ചല പഠിക്കുന്ന സ്കൂളിലെ കുട്ടികൾ ഫ്യൂണറൽ സോങ്ങ് അവതരിപ്പിച്ചു. തുടർന്നു തങ്ങളുടെ പപ്പായെ സ്മരിച്ചു കൊണ്ട് ആഞ്ചലയും കിംബർലിയും ഓർമ്മകൾ പങ്കുവെച്ചു. എല്ലാവർക്കും ത൯െറ പപ്പാ പ്രിയങ്കരനായിരുന്നുവെന്ന് കിംബർലി പറഞ്ഞു.
സ്നേഹനിധിയായ പപ്പായുടെ ഓർമ്മകൾ കുരുന്നുകൾ പങ്കുവെച്ചത് ചർച്ചിൽ കൂടിയിരുന്നവരെ കണ്ണീരണിയിച്ചു. പോളി൯െറ സഹോദരൻ അനുസ്മരണ പ്രസംഗം നടത്തി. ഈ വിഷമഘട്ടത്തിൽ കുടുംബത്തിന് പൂർണ പിന്തുണ നല്കിയ മലയാളി സമൂഹത്തിനും വിവിധ സംഘടനകൾക്കും വൈദികർക്കും പോലീസിനും അദ്ദേഹം നന്ദി പറഞ്ഞു. പൊതു സമൂഹം പോളിന് രണ്ടു വരികളിലായി നിരന്ന് ആദരാജ്ഞലികൾ അർപ്പിച്ചു. തുടർന്ന് പോളി൯െറ പത്നി മിനിയും മക്കളായ കിംബർലിയും ആഞ്ചലയും വിടവാങ്ങൽ മുത്തം നല്കി. അതിനു ശേഷം മാർ സ്രാമ്പിക്കലി൯െറ നേതൃത്വത്തിൽ ഒപ്പീസ് നടന്നു. വിടവാങ്ങുന്നേൽ എന്ന ഗാനം ദേവാലയത്തിൽ ഗായക സംഘം ആലപിക്കുമ്പോൾ പോളിന്റെ ശവമഞ്ചം സംസ്കാര ചടങ്ങുകൾക്കായി പുറത്തേയ്ക്ക് വഹിച്ചു.