ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കെറ്ററിംഗ് :- ഒക്ടോബർ 19-ാം തീയതി അകാലത്തിൽ മരണമടഞ്ഞ മാർട്ടിന ചാക്കോയ്ക്ക് യുകെ മലയാളികളുടെ യാത്രാമൊഴി. മാർട്ടിനയുടെ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. മുൻപ് അറിയിച്ചതുപോലെ രാവിലെ 10 മണി മുതൽ മാർട്ടിനയുടെ ഭൗതിക ശരീരത്തിൻറെ പൊതുദർശനം ആരംഭിച്ചു. ഉറ്റവരും ബന്ധുക്കളുമാണ് ഈ സമയത്ത് അന്തിമോപചാരം അർപ്പിച്ചത്. മാർട്ടിനയുടെ ഭർത്താവ് അനീഷിന്റെയും മക്കളായ നേഹയുടെയും ഒലീവിയയുടെയും ദുഃഖം എല്ലാ യുകെ മലയാളികളുടെയും വേദനയായി മാറുന്ന രംഗങ്ങളാണ് സംസ്കാര ചടങ്ങുകളിൽ സാക്ഷ്യം വഹിച്ചത്. വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ലെസ്റ്റർ ഇടവക വികാരിയും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാളുമായ മോൺസിഞ്ഞോർ ജോർജ് ചേലക്കൽ അച്ചനാണ് നേതൃത്വം നൽകിയത് .

സാമൂഹിക പ്രതിബദ്ധതയുള്ള വിശ്വാസത്തിൽ അടിയുറച്ച നല്ല ഒരു വ്യക്തിത്വമായിരുന്നു മാർട്ടിനയുടേതെന്ന് തൻറെ അനുശോചന പ്രസംഗത്തിൽ മോൺസിഞ്ഞോർ ജോർജ് ചേലക്കൽ അച്ചൻ പറഞ്ഞു. മാർട്ടിനയുടെ അഞ്ചു സഹോദരങ്ങളും യുകെയിൽ തന്നെയുണ്ട്. മാർട്ടിന എല്ലാവർക്കും മാതൃകയായിരുന്നു. കുടുംബത്തെ ഒരുമയോടെ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ മുഖ്യ കണ്ണി മാർട്ടിന ആയിരുന്നു . അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയ സഹോദരിയുടെ വേർപാടിൽ വിങ്ങിപൊട്ടുന്ന മാർട്ടിനിയുടെ സഹോദരിമാരെയും സഹോദരന്റെയും ദുഃഖം വാക്കുകൾക്ക് അതീതമായിരുന്നു. അടുത്തിടെ മാത്രം യുകെയിലെത്തി തിരിച്ചുപോയ മാർട്ടിനയുടെ മാതാപിതാക്കൾ തങ്ങളുടെ പ്രിയമകളെ ഒരു നോക്കു കാണാൻ എമർജൻസി വിസയ്ക്കായി ശ്രമിച്ചെങ്കിലും വിധി അനുവദിച്ചില്ല .

പള്ളിയിൽ വച്ച് നടന്ന കുർബാനയ്ക്കും മൃതസംസ്കാര ശുശ്രൂഷകൾക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് നേതൃത്വം നൽകിയത്. കുർബാനയ്ക്ക് ശേഷം നടന്ന അനുശോചന പ്രസംഗങ്ങളിൽ നിഴലിച്ചു നിന്നത് വിവിധ മേഖലകളിൽ മാർട്ടിന നടത്തിയ ഇടപെടലുകളുടെയും സേവനങ്ങളുടെയും നേർക്കാഴ്ചകളായിരുന്നു. അനീഷ് തന്റെ പ്രിയതമയ്ക്ക് അന്ത്യ യാത്രാമൊഴി നൽകി സംസാരിച്ചപ്പോൾ തങ്ങളുടെ ഒപ്പം എല്ലാ ചടങ്ങുകളിലും പരിപാടികളിലും മുന്നിൽ നിൽക്കുന്ന മാർട്ടിനയുടെ മുഖമായിരുന്നു എല്ലാവരുടെയും മനസ്സിൽ . മക്കളായ നേഹയും ഒലീവിയയും വിങ്ങലോടെ തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ അനുസ്മരിച്ചത് ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു.

2.30 തോടെ ഭൗതികശരീരം സെമിത്തേരിയിൽ അടക്കം ചെയ്തു. പൊതുദർശനത്തിലും സംസ്കാര ചടങ്ങുകളിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. മരിച്ചടക്ക് ചടങ്ങിനുപരിയായി തങ്ങളുടെ പ്രിയ സഹോദരിയുടെ വേർപാടിന്റെ വേദന തളം കെട്ടിക്കിടക്കുന്ന അന്തരീക്ഷമായിരുന്നു എവിടെയും.

വെറും 40 -മത്തെ വയസ്സിൽ മരണമടഞ്ഞ മാർട്ടിനയുടെ വിയോഗം ഉൾക്കൊള്ളാൻ ഇതുവരെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആയിട്ടില്ല. മൂന്ന് വർഷത്തോളമായി അർബുദ ചികിത്സയിൽ ആയിരുന്നു മാർട്ടീന.

കെറ്ററിംഗ്‌ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്. കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനയും കുടുംബവും.

മാർട്ടിന ചാക്കോയുടെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം, അകാല വേർപാടിൽ  ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.