ഫാഷന്‍ ഡിസ്ട്രിബ്യൂഷന്‍ വെയര്‍ഹൗസുകളിലെ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ജീവനക്കാരെ ആശുപത്രികളിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ വിളിക്കുന്നത് പതിവാകുന്നതാണ് ആശങ്കയുയര്‍ത്തുന്നത്. റോച്ച്‌ഡെയിലിലെ ജെഡി സ്‌പോര്‍ട്‌സിന്റെ വെയര്‍ഹൗസില്‍ കഴിഞ്ഞ വര്‍ഷം 40 തവണയാണ് ആംബുലന്‍സുകള്‍ എത്തിയത്. ആസോസ് യൂണിറ്റില്‍ നിന്ന് 45 പേരെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. ബാണ്‍സ്ലിയില്‍ പ്രവര്‍ത്തിക്കുന്ന ആസോസ് യൂണിറ്റില്‍ നിന്ന് ആഴ്ചയില്‍ ഒരാള്‍ വീതം എന്ന നിലയിലാണ് ജീവനക്കാര്‍ ആശുപത്രികളിലേക്ക് മാറ്റപ്പെട്ടത്. ബ്രിട്ടനിലെ ലേബര്‍ മാര്‍ക്കറ്റിന്റെ ദുര്‍ബല വശമാണ് ഈ സംഭവങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് ലേബര്‍ എംപി ഫ്രാങ്ക് ഫീല്‍ഡ് പറഞ്ഞു.

പുതിയൊരു എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ വിക്ടോറിയന്‍ കാലഘട്ടത്തില്‍ ഉപേക്ഷിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മില്‍ട്ടന്‍ കെയിന്‍സ്, ഡിഡ്‌കോട്ട്, റീഡിംഗ് എന്നിവിടങ്ങളിലെ ടെസ്‌കോയിലേക്ക് 40 ആംബുലന്‍സുകള്‍ വിളിച്ചിട്ടുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. വാറിംഗ്ടണിലെ ആമസോണിലേക്ക് 21 ആംബുലന്‍സുകളും ഡോണ്‍കാസ്റ്ററിലേക്ക് ആറ് ആംബുലന്‍സുകളും വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആനുപാതികമായി കുറവാണെന്നും ജോലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പേരിലല്ല ആംബുലന്‍സുകള്‍ വിളിച്ചിട്ടുള്ളതെന്നുമാണ് ജെഡി സ്‌പോര്‍ട്‌സ് വിശദീകരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുന്‍കരുതലുകളുടെ ഭാഗമായാണ് ആംബുലന്‍സ് വിളിച്ചതെന്ന് ആസോസ്, എക്‌സ്പിഒ ലോജിസ്റ്റിക്‌സ് എന്നിവര്‍ അറിയിച്ചു. ലാഭത്തിനായുള്ള തൊഴിലുടമകളുടെ മത്സരം ജീവനക്കാരെ രോഗികളാക്കുകയാണെന്ന വിമര്‍ശനമാണ് ഇക്കാര്യത്തില്‍ പ്രധാനമായും ഉയരുന്നത്. ആംബുലന്‍സുകള്‍ എന്തു കാര്യത്തിനായാണ് വിളിച്ചതെന്ന കാര്യത്തില്‍ കണക്കുകള്‍ വ്യക്തത വരുത്തുന്നില്ല. എന്നാല്‍ ഇത്തരം ജോലിസ്ഥലങ്ങളില്‍ ടോയ്‌ലെറ്റ് ബ്രേക്കിന് സമയം നിശ്ചയിക്കുകയും അനാവശ്യ സെക്യൂരിറ്റി പരിശോധനകള്‍ നടത്തുകയും ചെയ്യുന്നതായി ആരോപണം ഉയരുന്നുണ്ട്. താങ്ങാനാവാത്ത വിധത്തിലുള്ള ടാര്‍ജെറ്റുകളാണ് അടിച്ചേല്‍പ്പിക്കുന്നത്. നിര്‍ബന്ധിത ഓവര്‍ടൈം ചെയ്യുന്ന ജീവനക്കാര്‍ നിന്ന് ഉറങ്ങുന്നതു പോലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.