ന്യൂസ് ഡെസ്ക്, മലയാളം യുകെ
അൻപത് വയസിന് താഴെയുള്ളവരിൽ സ്തന , ശ്വാസകോശ അർബുദങ്ങൾ പോലെ തന്നെ പിത്തസഞ്ചി ക്യാൻസർ വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ചാരിറ്റി ക്യാൻസർ റിസർച്ച് യുകെയിൽ നിന്നുള്ള ഡേറ്റ അനുസരിച്ച് 24-49 വയസ്സ് പ്രായമുള്ള ബ്രിട്ടീഷുകാർക്കിടയിൽ ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ ക്യാൻസർ കേസുകളിൽ 84 ശതമാനം വർദ്ധനവ് ഉണ്ടായതായി കണക്കുകൾ ചൂണ്ടി കാണിക്കുന്നു. 90 കളുടെ തുടക്കം മുതലാണ് ഈ വർദ്ധനവ് ഉണ്ടായത് എന്നാണ് പഠനത്തിൽ വ്യക്തമായത്.
രോഗബാധിതരുടെ എണ്ണത്തിൽ ഇത്രയും വലിയ വർദ്ധനവിന് കാരണം ആധുനിക ഭക്ഷണക്രമത്തിലെ മാറ്റങ്ങളാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നതു മൂലം കുടലിലെ ബാക്ടീരിയകൾക്ക് സംഭവിക്കുന്ന മാറ്റങ്ങൾ പിത്തസഞ്ചി ക്യാൻസറിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. പിത്തസഞ്ചി ക്യാൻസർ താരതമ്യേന അപൂർവ്വമാണ്. എന്നിരുന്നാലും ഓരോ വർഷവും 1000 ത്തിലധികം കേസുകൾ ആണ് യുകെയിൽ കണ്ടു പിടിക്കപ്പെടുന്നത്. ഇതിനർത്ഥം പ്രതിദിനം മൂന്ന് പേർക്ക് രോഗം ബാധിക്കുന്നതായി ആണ് കണക്കുകൾ കാണിക്കുന്നത്.
രോഗബാധിതരുടെ എണ്ണം കൂടുകയും രോഗികളുടെ പ്രായം കുറയുകയും ചെയ്യുന്നതാണ് ഈ രോഗത്തിൻറെ കാര്യത്തിൽ പുതിയ മാറ്റം എന്ന് 40 വർഷത്തിലേറെ ഈ മേഖലയിൽ പരിചയമുള്ള ലോകപ്രശസ്ത ഓങ്കോളജിസ്റ്റായ പ്രൊഫസർ കരോൾ സിക്കോറ പറഞ്ഞു. ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങൾ ഇതിന് കാരണമെന്ന് താൻ സംശയിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ പ്രോഗ്രാമിൻ്റെ മുൻ മേധാവി പ്രൊഫസർ സിക്കോറ പറഞ്ഞു. മലിനീകരണം മദ്യത്തിൻറെ അമിതമായ ഉപയോഗം, ജങ്ക് ഫുഡ്, പിരിമുറുക്കം നിറഞ്ഞ ജീവിതം തുടങ്ങിയ ആധുനിക ജീവിത സാഹചര്യങ്ങൾ ക്യാൻസർ വർദ്ധനവിന് പ്രധാന കാരണമാകുന്നതായിട്ടാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
Leave a Reply