മുൻ എസ്ഐ ശശിധരനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ ചോദ്യങ്ങൾക്കു സിജു മറുപടി പറഞ്ഞതു ചെറുചിരിയോടെ. അറസ്റ്റിലായ സിജുവിനെ വീട്ടിലും ആയുധങ്ങൾ ഉപേക്ഷിച്ച കുത്തിയതോട് കടവിലും തെളിവെടുപ്പിനു കൊണ്ടു വന്നു. ഇന്നലെ രാവിലെ 11 നു പാറമ്പുഴ കുഴിയാലിപ്പടി–വെള്ളൂപ്പറമ്പ് റോഡരികിലെ കുത്തിയ തോട്ടിൽ സിജുവിനെ എത്തിച്ചു. കൊല്ലാൻ ഉപയോഗിച്ച ഇരുമ്പു പൈപ്പുകൾ കടവിലിറങ്ങി കളഞ്ഞുവെന്നു സിജു പറഞ്ഞിരുന്നു. മുട്ടൊപ്പം വെള്ളമേ തോട്ടിലുള്ളു. ഒന്നര അടി നീളവും 4 ഇഞ്ച് വ്യാസവും വരുന്ന 2 ഇരുമ്പു പൈപ്പുകൾ തോടിന്റെ മധ്യഭാഗത്തു നിന്നു കണ്ടെടുത്തു. രണ്ടിലും തുരുമ്പു കയറിയ നിലയിലായിരുന്നു. ഒരു പൈപ്പ് കഷണം കൂടിയുണ്ടെന്ന് സിജു പറഞ്ഞതോടെ പൊലീസ് 2 മണിക്കൂറിലധികം പ്രദേശം മുഴുവൻ അരിച്ചു പെറുക്കി. എന്നാൽ കണ്ടെത്താനായില്ല.

മൂന്നരയോടെ സിജുവിന്റെ വീട്ടിലെത്തി. കൂടെ താമസിക്കുന്ന യുവതിയെയും കുട്ടിയെയും വീട്ടിലെത്തിച്ചു. കൊല്ലപ്പെട്ട ശശിധരന്റെ വീട്ടിൽ നിന്ന് ഈ സമയം കൂട്ടക്കരച്ചിൽ ഉയർന്നു. വീടിനുള്ളിൽ ഒന്നര മണിക്കൂർ നീണ്ട തെളിവെടുപ്പു നടത്തി. ഫൊറൻസിക് അധികൃതരും തെളിവെടുപ്പിൽ പങ്കെടുത്തു. അയൽവാസികളെയും നാട്ടുകാരെയും കണ്ടിട്ടും സിജുവിന്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. വരയൻ ഷർട്ടും മുണ്ടുമായിരുന്നു വേഷം.

കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചപ്പോൾ, കടന്നുകളയാൻ കാട്ടിയ വ്യഗ്രതയാണ് സിജുവിനെ കുടുക്കിയത്. കൊല നടന്ന ദിവസംതന്നെ കസ്റ്റഡിയിൽ എടുത്ത സിജുവിനെ മതിയായ തെളിവുകളുടെ അഭാവത്തിൽ പിറ്റേ ദിവസം പൊലീസ് വിട്ടു. തിങ്കളാഴ്ചതന്നെ വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനായിരുന്നു പൊലീസ് പദ്ധതി. ഇതിനിടെയാണ് ഇയാൾ പൊലീസിന്റെ കണ്ണു വെട്ടിച്ചു കടന്നത്. ഇതിനിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ കയ്യേറ്റം ചെയ്തതും പൊലീസുകാരന്റെ സ്കൂട്ടർ മോഷ്ടിച്ചതും വിനയായി. ചൊവ്വാഴ്ച രാവിലെ പിടിയിലായ സിജുവിനെതിരെ ഈ കുറ്റങ്ങൾക്കു കേസെടുത്തു. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിലാണു കുറ്റസമ്മതം.

നാട്ടുകാർ നൽകിയ വിവരമനുസരിച്ച്, ഞായറാഴ്ച കസ്റ്റഡിയിലെടുത്ത സിജുവിനെ മാരത്തൺ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. രാത്രി ഉറക്കമില്ലാത്ത സിജുവിനോട് ഉറങ്ങാൻ അനുവദിക്കാതെ ചോദ്യം ചെയ്യുന്ന പോലെയുള്ള പൊലീസിന്റെ സ്ഥിരം നമ്പർ ഏറ്റില്ല. ഓരോ സമയത്തും ഓരോ സ്വഭാവമാണ് സിജു കാട്ടിയത്. ഭീഷണിയും അനുനയവുമൊന്നും ഫലിച്ചില്ല. ഇടയ്ക്ക് സ്റ്റേഷനിൽ നിന്നു വിട്ടയച്ചത് പൊലീസിനു തിരിച്ചടിയായി. വിട്ടയച്ച സിജു മുങ്ങിയതോടെ കൊലയിൽ പങ്കുണ്ടെന്നു പൊലീസിന് ഉറപ്പിക്കാനായെന്നു മാത്രം.

പ്രഭാത നടത്തത്തിന്റെ സമയത്ത് ആക്രമിക്കാനായിരുന്നു പദ്ധതി. അഞ്ചു മണിയോടെയാണു ശശിധരൻ സാധാരണ നടക്കാൻ ഇറങ്ങാറുള്ളത്. ഇതു മനസ്സിലാക്കി വളരെ മുൻപുതന്നെ വീടിന്റെ മുൻവശത്തെ വഴിയോരത്ത് ഇരുമ്പു പൈപ്പുമായി ഇരുന്നു, ശശിധരനെ അടിച്ചു.