ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അമേരിക്കൻ വസ്ത്ര ശൃംഖലയായ ഗ്യാപ്പ് യുകെയിലെയും അയർലണ്ടിലെയും 81 സ്റ്റോറുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. ഇനി പൂർണ്ണമായും ഓൺലൈനിലൂടെ ബിസിനസ് നടത്താനാണ് പദ്ധതി. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ യുകെയിലെ എല്ലാ സ്റ്റോറുകളും ഘട്ടംഘട്ടമായി അടയ്ക്കുമെന്ന് അവർ അറിയിച്ചു. ജൂലൈ അവസാനത്തോടെ വാടക കാലാവധി അവസാനിക്കുന്ന 19 സ്റ്റോറുകളും ഇതിൽ ഉൾപ്പെടുന്നു. അടച്ചുപൂട്ടലിന് ഒരുങ്ങുന്നതോടെ വലിയ തൊഴിൽ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ടോപ്ഷോപ്പ്, ബർട്ടൺ, ഡൊറോത്തി, പെർകിൻസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഡെബൻഹാംസും, ആർക്കേഡിയയും ബ്രിട്ടനിലെ കോവിഡ് പ്രതിസന്ധിയിൽ നേരിട്ടത് വൻ തകർച്ചയാണ്. യുണൈറ്റഡ് കിംഗ് ഡത്തിലും യൂറോപ്പിലും ഞങ്ങൾ ഗ്യാപ് ഓൺലൈൻ ബിസിനസ് നിലനിർത്താൻ പോകുന്നുവെന്ന് ഒരു പ്രസ്താവനയിലൂടെ കമ്പനി അറിയിച്ചു.
“ഇ-കൊമേഴ്‌സ് ബിസിനസ് വളരുകയാണ്. ഞങ്ങളുടെ ഉപഭോക്താക്കളെ അവർ ഷോപ്പിംഗ് നടത്തുന്നിടത്ത് കണ്ടുമുട്ടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പൂർണമായും ഡിജിറ്റൽ ആയി മാറുന്ന ആദ്യത്തെ ബിസിനസ് ആണ് ഞങ്ങളുടേത്. ഓൺലൈൻ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ ഞങ്ങൾ ഒരു പങ്കാളിയെ തിരയുകയാണ്.” ഗ്യാപ് വക്താവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം യുകെയിലെ എല്ലാ ഷോപ്പുകളും യൂറോപ്പിലുടനീളമുള്ള 59 ഷോപ്പുകളും അടയ്ക്കാൻ ഗ്യാപ് പദ്ധതിയിടുന്നുവെന്ന വാർത്ത പുറത്തു വന്നിരുന്നു. “പങ്കാളിത്തത്തിലൂടെ” യൂറോപ്പിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഗ്യാപ് പറഞ്ഞു.
2019 ൽ ഗ്യാപ് ലോകവ്യാപകമായി ഇരുന്നൂറിലധികം സ്റ്റോറുകൾ അടച്ചിരുന്നു. 1969 ൽ സ്ഥാപിതമായ ഗ്യാപ്, 1987 ൽ യുകെയിലും 2006 ൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിലും ആദ്യത്തെ ഔട്ട്‌ലെറ്റുകൾ തുറന്നു. ചില്ലറ വിൽപ്പനയിലെ എക്കാലത്തെയും മോശമായ സമയമാണ് ഇതെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ അടച്ചുപൂട്ടൽ. മഹാമാരി ഏല്പിച്ച ആഘാതത്തെ തുടർന്ന് 30 സ്റ്റോറുകൾ കൂടി അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായി മാർക്സ് ആൻഡ് സ്പെൻസർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കച്ചവട തകർച്ച നേരിടുന്നത് മൂലം 600 ജോലികൾ അപകടത്തിലാക്കുമെന്ന് തോൺടൺസ് വെളിപ്പെടുത്തി. മെയ് മാസത്തിൽ ഒരു മെഗാ വിൽപ്പന നടത്തിയതിന് ശേഷം ഡെബൻഹാംസ് അവരുടെ എല്ലാ കടകളും അടച്ചു.
Leave a Reply