ന്യൂഡൽഹി: ആം ആദ്മി പാർട്ടി തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ തെളിയിച്ചാൽ പരസ്യമായി തൂങ്ങിമരിക്കാൻ തയാറെന്ന് ഈസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാർഥിയും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരവുമായ ഗൗതം ഗംഭീർ. എതിർ സ്ഥാനാർഥിയും എഎപി നേതാവുമായ അതിഷി മർലിനയെ അധിക്ഷേപിച്ച് നോട്ടീസ് വിതരണം ചെയ്തെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു ഗംഭീർ. ആരോപണങ്ങൾ തെളിയിച്ചാൽ പരസ്യമായി തൂങ്ങിമരിക്കാൻ തയാറാണെന്നു പറഞ്ഞ ഗംഭീർ, മറിച്ച് സംഭവിച്ചാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയാറാകുമോ എന്നും വെല്ലുവിളിച്ചു.
ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ബിജെപിയുടെ കൃഷ്ണനഗർ കൗണ്‍സിലർ സന്ദീപ് കപൂറാണ് കമ്മീഷനു പോലീസ് അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ കമ്മീഷൻ പോലീസിനു നിർദേശം നൽകി. എഎപിയുടെ ആരോപണം നേരത്തെ തന്നെ ഗംഭീർ തള്ളിയിരുന്നു. ആരോപണം ഉന്നയിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അടക്കമുള്ള എഎപി നേതാക്കൾക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
Leave a Reply