കമല്‍ഹാസന്‍ സാമ്പത്തികമായി കബളിപ്പിച്ചെന്ന് നടി ഗൗതമിയുടെ വെളിപ്പെടുത്തല്‍. തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് ഗൗതമി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കമല്‍ഹാസന്റെ കൂടെ ഒന്നിച്ച് ജീവിതം ആരംഭിച്ചതിനു ശേഷം താന്‍ സിനിമകളില്‍ അഭിനയിക്കുന്നത് പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്ക് വേണ്ടിയും ഇതര നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മിച്ച കമല്‍ ചിത്രങ്ങള്‍ക്ക് വേണ്ടിയും താന്‍ വസ്ത്രാലങ്കാരം ചെയ്തിരുന്നു.

വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച സിനിമകളില്‍ നിന്നും തനിക്ക് പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ലെന്ന് ഗൗതമി പറയുന്നു. നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവയില്‍ നിന്നൊന്നും പ്രതിഫലം തരാന്‍ തയ്യാറായില്ലെന്നും ഗൗതമി തന്റെ ബ്ലോഗില്‍ കുറിച്ചു. കമല്‍ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷവും താന്‍ പ്രതിഫലം ആവശ്യപ്പെട്ടിരുന്നതായി ഗൗതമി പറയുന്നു. വലിയൊരു തുക പ്രതിഫല ഇനത്തില്‍ ലഭിക്കാനുണ്ടെന്നും ഗൗതമി വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM

ഇയിടെ രാഷ്ട്രീയത്തിലിറങ്ങിയ കമല്‍ഹാസന്റെ സാമ്പത്തിക സ്രോതസ്സ് ഗൗതമിയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു എന്നാല്‍ ഇക്കാര്യം ഗൗതമി നിഷേധിച്ചു. പതിമൂന്ന് വര്‍ഷങ്ങള്‍ ഒരുമിച്ച് കഴിഞ്ഞിരുന്ന കമലും ഗൗതമിയും വിവാഹം കഴിച്ചിരുന്നില്ല. കമലിന്റെ മക്കളായ ശ്രുതി ഹാസനാണ് ഇവര്‍ പിരിഞ്ഞതിന് പിന്നിലെന്ന ആരോപണവും ഗൗതമി നിഷേധിച്ചു. ബന്ധം അവസാനിക്കാന്‍ കാരണം ആത്മാഭിമാനത്തിന് മുറിവേറ്റതിനാലാണെന്ന് അവര്‍ വ്യക്തമാക്കി.