ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന്റെയും പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതിന്റെയും ഒന്നാം വാര്‍ഷികം കൃതജ്ഞതാബലിയര്‍പ്പണത്തോടെ തിങ്കളാഴ്ച (ഒക്ടോബര്‍ 9) രാവിലെ 11 മണിക്ക് രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രധാന കാര്‍മ്മികനാകുന്ന ദിവ്യബലിയില്‍, പാപ്പുവാ ന്യൂ ഗിനിയായുടെയും സോളമന്‍ ഐലന്റിന്റെയും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയും കോട്ടയം അതിരൂപതാംഗവുമായ ആര്‍ച്ച് ബിഷപ്പ് കുര്യന്‍ മാത്യു വയലുങ്കല്‍ വചനസന്ദേശം നല്‍കും.

ദിവ്യബലിയുടെ സമാപനത്തില്‍ പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ചവരും അടുത്ത കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരുമായ ഫ്രാന്‍സിസ്‌കോസ്, ജസീന്ത എന്നിവരുടെ തിരുശേഷിപ്പ് പ്രതിഷ്ഠാകര്‍മ്മവും കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. തുടര്‍ന്ന് വിശുദ്ധരോടുള്ള ബഹുമാനാര്‍ത്ഥം ലദീഞ്ഞു പ്രാര്‍ത്ഥനയും നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും. രൂപതയിലെ 173 വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും ഓരോ വി. കുര്‍ബാന കേന്ദ്രത്തിന്റെ പ്രതിനിധികളായ അല്‍മായരും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരും. തുടര്‍ന്ന് നടക്കുന്ന സ്‌നേഹവിരുന്നിനുശേഷം പ്രിസ്ബിറ്റല്‍ കൗണ്‍സിലിന്റെയും മറ്റ് കൗണ്‍സിലുകളുടെയും സമ്മേളനങ്ങള്‍ രൂപതാ കാര്യാലയത്തില്‍ സമ്മേളിക്കും.

2016 ഒക്ടോബര്‍ 9ന് ഔദ്യോഗികമായി ആരംഭിച്ച ഗ്രേറ്റ് ബിട്ടണ്‍ സീറോ മലബാര്‍ രൂപത, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്റ്, വെയില്‍സ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളെ ഒരുമിച്ചു കൂട്ടാനും വിശ്വാസികളുടെ ആത്മീയ അടിത്തറ കൂടുതല്‍ ശക്തമാക്കാനും സീറോ മലബാര്‍ സഭാചൈതന്യം അടുത്ത തലമുറയിലേയ്ക്ക് കുറവ് കൂടാതെ കൈമാറ്റം ചെയ്യാനുള്ള ഉത്തരവാദിത്തം ശക്തമാക്കാനും പരമ്പരാഗത സുറിയാനി ക്രിസ്തീയ കുടുംബചൈതന്യം നിലനിര്‍ത്താന്‍ പുതിയ തലമുറയെ സഹായിക്കുന്നതുമുള്‍പ്പെടെ പ്രാധാന്യമുള്ള ഒന്നിലേറെ കാര്യങ്ങളില്‍ ഈ ആദ്യവര്‍ഷം തന്നെ ശ്രദ്ധ പതിപ്പിച്ചു.

50ല്‍ അധികം വൈദികരുടെയും സന്യസ്തരുടെയും അല്‍മായരുടെയും സഹായത്തോടെ, സ്ത്രീകള്‍ക്കായി വനിതാഫോറം, കുട്ടികള്‍ക്ക് മതബോധനം, ദൈവശാസ്ത്ര കോഴ്‌സുകള്‍ തുടങ്ങി പതിനെട്ടോളം വിവിധ കമ്മീഷനുകളിലായി രൂപതയിലുള്‍പ്പെടുന്ന വിവിധ തലത്തിലുള്ള വിശ്വാസികളുടെ ആത്മീയവും സാമൂഹികവുമായ സമഗ്ര വളര്‍ച്ചയെയും വികസനത്തെയും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച അടിത്തറയിടാനും ഈ ആദ്യവര്‍ഷം തന്നെ രൂപതയ്ക്ക് സാധിച്ചു.

രൂപതയ്ക്ക് ശക്തമായ നേതൃത്വം നല്‍കുന്ന അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മികവും ദീര്‍ഘവീക്ഷണങ്ങളും രൂപതയ്ക്ക് കരുത്താവുന്നു. വരാനിരിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷനും ബൈബിള്‍ കലോത്സവവും സഭാമക്കളെ പരിശുദ്ധാത്മാവില്‍ ഒന്നിപ്പിക്കുന്ന ദിവസങ്ങളാണ്. ദൈവഹിത പ്രകാരം രൂപതയുടെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും വരും നാളുകളില്‍ ശക്തമായി മുമ്പോട്ടുപോകാന്‍ തിങ്കളാഴ്ച നടക്കുന്ന കൃതജ്ഞതാബലിയില്‍ രൂപതാധ്യക്ഷനോടൊപ്പം ദൈവജനം ഒരുമിച്ച് ചേര്‍ന്ന് പ്രാര്‍ത്ഥിക്കും.