ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ : – കൺസർവേറ്റീവ് പാർട്ടിയുടെ ഇലക്ഷൻ വിജയത്തോടെ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന എല്ലാ വിവാദങ്ങൾക്കും അവസാനമായെന്നും, ഇനി പരിഹാരമാർഗ്ഗങ്ങൾക്കുള്ള സമയം ആണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന ലേബർ പാർട്ടി അംഗങ്ങൾ പലരും തനിക്ക് വേണ്ടി വോട്ട് ചെയ്തതായി അദ്ദേഹം പറയുന്നു. അവർ തന്നിൽ അർപ്പിച്ച വിശ്വാസത്തെ താൻ ഒരിക്കലും കളങ്കപ്പെടുത്തില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1987 ന് ശേഷമുള്ള കൺസർവേറ്റീവ് പാർട്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായത്. 80 എംപിമാരുടെ ഭൂരിപക്ഷത്തോടെയാണ് കൺസർവേറ്റീവ് പാർട്ടി വിജയം കൈവരിച്ചത് .
ബോറിസ് ജോൺസൻ അധികാരത്തിലെത്തിയതോടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ വിടവാങ്ങൽ അടുത്ത മാസം അവസാനത്തോടെ തന്നെ നടക്കുമെന്ന് ബിബിസി പൊളിറ്റിക്കൽ എഡിറ്റർ ലോറ കോൺസ്ബെർഗ് അഭിപ്രായപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിക്ക് 365 എംപിമാരും, ലേബർ പാർട്ടിക്ക് 203 എംപിമാരുടെയും പിന്തുണയാണ് ലഭിച്ചത്. സ്കോട്ടിഷ് നാഷണൽ പാർട്ടി – 48, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി -11, ഡെമോക്രാറ്റിക് യൂണിയണിസ്റ്റ് പാർട്ടി – 8 എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്ക് ലഭിച്ചത്.ബ്രെക്സിറ്റ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. കഴിഞ്ഞ ഇലക്ഷനിൽ ലേബർ പാർട്ടിക്ക് ലഭിച്ച പല തെറ്റുകളും ഇത്തവണ ടോറികൾക്ക് അനുകൂലമായി. മിഡ്ലാൻഡ്, ഇംഗ്ലണ്ടിന്റെ വടക്കൻ ഭാഗങ്ങൾ, വെയിൽസ് എന്നിവ കൺസർവേറ്റീവ് പാർട്ടിയെ അനുകൂലിച്ചു.
തനിക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാവരോടുമുള്ള നന്ദി പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ബ്രെക്സിറ്റിനെ എതിർക്കുന്നവരുടെ അഭിപ്രായങ്ങളെയും താൻ മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഇലക്ഷനിൽ ലേബർ പാർട്ടിയുടെ വോട്ട് വിഹിതം വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ഇനിയൊരു ഇലക്ഷന് താൻ മത്സരിക്കില്ലെന്ന് ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ പറഞ്ഞു.
Leave a Reply