ബെര്‍ലിന്‍: ജര്‍മനിയിലെ മഞ്ഞുകാല വിനോദസഞ്ചാര കേന്ദ്രമായ ആള്‍ട്ടന്‍ബര്‍ഗില്‍ ഹിറ്റ്‌ലര്‍ മീശയും സ്വസ്തിക പതിച്ച ഹെല്‍മെറ്റുമായെത്തിയയാള്‍ അഭയാര്‍ത്ഥികളെ ആക്രമിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയാണ് ഇയാള്‍ ആക്രമിച്ചത്. ഓര്‍ മലനിരകളില്‍ സ്‌കീയിംഗിന് എത്തിയ അഭയാര്‍ത്ഥികളായ രണ്ടു യുവാക്കളെയാണ് ഇയാള്‍ ആക്രമിച്ചത്. ഹെല്‍മെറ്റു കൊണ്ട് തലക്കടിയേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21ഉം 26ഉം വയസുള്ള യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
സ്വസ്തിക ചിഹ്നം പതിച്ച ഹെല്‍മെറ്റ് ധരിച്ചെത്തിയ അക്രമി അഭയാര്‍ത്ഥികള്‍ക്കു നേരേ ചെല്ലുകയും ആക്രമണമഴിച്ചു വിടുകയുമായിരുന്നു. യുവാക്കളിലൊരാളുടെ തലയില്‍ ഹെല്‍മെറ്റു കൊണ്ട് ഇടിച്ച ഇയാള്‍ കണ്ടു നിന്നവര്‍ ഇടപെടുന്നതു വരെ മര്‍ദ്ദനം തുടര്‍ന്നു. സ്ഥലത്തു നിന്ന് പോകുന്നതിനു മുമ്പ് ഇയാള്‍ ഒരു നാസി സല്യട്ട് ചെയ്തുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജര്‍മനി നിരോധിച്ചിട്ടുള്ള നാസി സല്യൂട്ട് ചെയ്യുകയും നാസി ചിഹ്നങ്ങള്‍ അണിയുകയും ചെയ്തതിന്റെ പേരിലും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. അക്രമിക്ക് 25 വയസ് പ്രായം തോന്നിക്കുമെന്ന് പോലീസ് അറിയിച്ചു.

പുതുവല്‍സരാഘോഷത്തിനിടെ കൊളോണില്‍ ഉണ്ടായ ലൈംഗികാതിക്രമത്തേത്തുടര്‍ന്ന് ജര്‍മനിയില്‍ അഭയാര്‍ത്ഥികള്‍ക്കു നേരേയുള്ള അക്രമസംഭവങ്ങള്‍ പെരുകിയിട്ടുണ്ട്. മദ്യപിച്ചെത്തിയ നോര്‍ത്ത് ആഫ്രിക്കന്‍ അറബ് വംശത്തില്‍പ്പെടുന്ന ആയിരത്തോളം പേരാണ് കൊളോണ്‍ ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും അവരെ കൊള്ളയടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 1.1 മില്യന്‍ അഭയാര്‍ത്ഥികള്‍ ജര്‍മനിയില്‍ എത്തിയതായാണ് കണക്ക്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതിലേറെയും.