യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള ടെസ്റ്റിനായി സ്ലോട്ട് ബുക്ക് ചെയ്യുന്നത് പലരുടെയും പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. ടെസ്റ്റിനായി ബുക്ക് ചെയ്യുന്നതിനായി നിരവധി തവണ അലാറം വെച്ച് നേരത്തെ എഴുന്നേറ്റ അനുഭവും ആയി പലരും രംഗത്ത് വന്നു. ഈസ്റ്റർ തിങ്കളാഴ്ചയും ബാങ്ക് അവധി ദിവസങ്ങളിലും ഡ്രൈവിംഗ് ലൈസൻസിനായി സമയം ചിലവഴിച്ചവർ നിരവധി പേരാണ്.
ബർമിംഗ്‌ഹാമിൽ നിന്നുള്ള സ്റ്റീഫൻ ഡോവ്സ് എന്ന വ്യക്തി അതിരാവിലെ അലാറം വെച്ച് എഴുന്നേറ്റത് ജോലിക്ക് പോകാനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ആയിരുന്നില്ല. പതിവായി ഡ്രൈവിംഗ് ലൈസൻസിനായി ബുക്ക് ചെയ്യാനായി അലാറം വെച്ച് എഴുന്നേൽക്കുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹം. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല എന്ന് അദ്ദേഹം പറഞ്ഞു. ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി (ഡിവിഎസ്എ) വെബ്സൈറ്റിൽ ലോഗിൻ ചെയ്തപ്പോൾ ഏതാണ്ട് ഒരു ഫെസ്റ്റിവൽ ടിക്കറ്റ് വാങ്ങുന്നതുപോലെ താൻ ഒരു ഓൺലൈൻ ക്യൂവിൽ പ്രവേശിച്ചു എന്നും ക്യൂവിൽ തൻറെ സ്ഥാനം 11,000 മത് ആയിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഒരാളുടെ മാത്രം അനുഭവമല്ല.
യുകെയിലെ ഡ്രൈവിംഗ് ലൈസൻസ് ബുക്കിംഗ് സിസ്റ്റത്തിലെ പിഴവുകൾ കാരണം ഡ്രൈവിംഗ് ടെസ്റ്റിനായി ബുക്ക് ചെയ്യുന്നത് ദുഷ്കരമായി തീർന്നിരിക്കുകയാണെന്ന വാർത്ത മലയാളം യുകെ നേരെത്തെ പ്രസിദ്ധികരിച്ചിരുന്നു. ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ബുക്ക് ചെയ്യുന്നതിനുള്ള ഏകമാർഗ്ഗം ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസി (ഡിവിഎസ്എ) വെബ്‌സൈറ്റ് വഴിയാണ്. എല്ലാ തിങ്കളാഴ്ചയും രാവിലെ 6 മണിക്ക് ഡിവിഎസ്എയുടെ വെബ്സൈറ്റിൽ ബുക്കിംഗ് ആരംഭിക്കുമെങ്കിലും ടെസ്റ്റ് സ്ലോട്ടുകൾ കിട്ടാറില്ലന്നതാണ് വ്യാപകമായി ഉയർന്നുവരുന്ന പരാതി. പല വ്യക്തികളും സ്ഥാപനങ്ങളും ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതാണ് സാധാരണക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് ഡിവിഎസ്എയുടെ ഉപയോഗ നിബന്ധനകളുടെ ലംഘനമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബുക്കിംഗ് സേവനം ദുരുപയോഗം ചെയ്തതിന് ഡിവിഎസ്എ 800-ലധികം ബിസിനസ് അക്കൗണ്ടുകൾ അടച്ചുപൂട്ടിയതായി ആണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത് . 62 പൗണ്ട് ഫീസിനു പുറമേ ഒരു ഇടനിലക്കാരന് നൂറുകണക്കിന് പണം നൽകാൻ തയ്യാറല്ലെങ്കിൽ ഒരു ഡ്രൈവിംഗ് ടെസ്റ്റ് ലഭിക്കാൻ ശരാശരി അഞ്ച് മാസമെടുക്കും എന്നതാണ് നിലവിലെ ദുരവസ്ഥ.
Leave a Reply