വാഷിംഗ്ടൺ: അമേരിക്കൻ ശതകോടീശ്വരനായ ജെഫ്രി എപ്‌സ്റ്റൈന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചുനൽകിയ കേസിൽ മുൻ കാമുകിയും ബ്രിട്ടീഷുകാരിയുമായ ഗിസ്ലൈൻ മാക്സ്വെൽ കുറ്റക്കാരിയെന്ന് യു. എസ് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിയെന്ന ഗുരുതരമായ കുറ്റമുൾപ്പെടെ അഞ്ചു കേസിൽ ഗിസ്ലൈൻ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ന്യൂയോർക്കിലെ 12 പേരടങ്ങുന്ന ജൂറിയാണ് അഞ്ച് ദിവസത്തെ അന്തിമ വിചാരണയ്ക്ക് ശേഷം വിധി പ്രസ്താവിച്ചത്. ശിക്ഷ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അറുപതുകാരിയായ ഗിസ്ലൈൻ ശിഷ്ടകാലം ജയിലിൽ കഴിയേണ്ടി വരും. 1994 നും 2004 നും ഇടയിലാണ് എപ്‌സ്റ്റൈൻ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.

2020 ജൂലൈ മുതൽ ജയിലിൽ കഴിയുകയാണ് ഗിസ്ലൈൻ. 14 വയസ്സുള്ളപ്പോള്‍ ജെഫ്രി എപ്സ്റ്റീന്‍ തന്നെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന ആരോപണവുമായി ഒരു പെൺകുട്ടി രംഗത്തെത്തിയതോടെയായിരുന്നു ഈ കേസിന്റെ ആരംഭം. തന്നെ എപ്സ്റ്റീന്‍ പീഢിപ്പിക്കുന്ന സമയത്ത് മുറിക്കുള്ളില്‍ ഗിസ്ലൈനും ഉണ്ടായിരുന്നെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. 1994ലാണ് ഈ സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതി ഉയർന്നതിന് പിന്നാലെ മറ്റ് നിരവധിപേർ സമാനമായ പരാതിയുമായി രംഗത്തെത്തി. പ്രതിഭാഗവും വാദിഭാഗവുമായി 33 സാക്ഷികളെ വിസ്‌തരിച്ച ശേഷമാണ് വിധി പ്രസ്താവിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോടതി വിധി പുറത്തുവന്നതിനു പിന്നാലെ ആന്‍ഡ്രൂ രാജകുമാരനും സംശയ നിഴലിലാണ്. ബാലപീഢകനായ എപ്സ്റ്റീനുമായുള്ള സൗഹൃദത്തിന്റെ പേരിൽ നിരവധി തവണ ആരോപണവിധേയനാകേണ്ടി വന്ന വ്യക്തിയാണ് ആൻഡ്രൂ. നാല് മാസങ്ങൾക്ക് മുമ്പ് ആന്‍ഡ്രൂവിനെതിരെ യുവതി ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് നൽകിയിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേ, തനിക്ക് 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. എപ്‌സ്‌റ്റൈനും ആന്‍ഡ്രൂവും ചേര്‍ന്നാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്നും യുവതി വെളിപ്പെടുത്തി. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണോള്‍ഡ് ട്രംപ്, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങി ഉന്നതരാണ് ജെഫ്രിയുടെ സുഹൃദ് വലയത്തിലുണ്ടായിരുന്നത്. 2019ല്‍ വിചാരണയില്‍ കഴിയവെ ജയിലില്‍ വെച്ച് ജെഫ്രി മരണപ്പെടുകയായിരുന്നു.