കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് ടീം നീലാംബരി 2021 ഒക്ടോബർ 16 ന് സംഘടിപ്പിച്ച ഗിരീഷ് പുത്തഞ്ചേരി നൈറ്റ് വൻ വിജയമായി. ഭാരതത്തിന്റെ ആത്മാവറിഞ്ഞ ഗാനചക്രവർത്തി ശ്രീ. SP ബാലസുബ്രഹ്മണ്യം , ഇംഗ്ലണ്ട് മലയാളികളുടെ എല്ലാമെല്ലാമായിരുന്ന ഹരിയേട്ടൻ,പുത്തൻ പ്രതീക്ഷയായിരുന്ന സിനിമാ ഡയറക്ടർ ശ്രീ. സച്ചി, വിവിധ കലാ രംഗങ്ങളിൽ മികവിന്റെ പര്യായമായിരുന്ന അഭിനയകുലപതി ശ്രീ. നെടുമുടി വേണു എന്നീ മഹാത്മാക്കൾക്ക് ആദരമർപ്പിച്ചു കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്.
യുകെ പൂളിലെ സെന്റ് എഡ്വേർഡ്സ് സ്ക്കൂൾ ഹാളിൽ ഒക്ടോബർ 16 നു അരങ്ങേറിയ ഗിരീഷ് പുത്തഞ്ചേരി നൈറ്റ് മിഴിവുറ്റതാക്കാൻ മലയാള സിനിമാ സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പറും നിർമ്മാതാവും നടനുമായ ശ്രീ.ഉണ്ണി ശിവപാൽ തട്ടീം മുട്ടീം സീരിയലിലൂടെ മലയാളിയുടെ ഓമനയായിത്തീർന്ന ഭാഗ്യലക്ഷ്മി എന്ന മീനാക്ഷി ജനപ്രിയനും സാംസ്ക്കാരിക പ്രവർത്തകനുമായ ശ്രീ. സന്തോഷ് പാലി എന്നിവർ മുഖ്യാതികളായി വന്നെത്തി.
ഉച്ചയ്ക്ക് മൂന്നര മുതൽ രാത്രി പത്തര വരെ നീണ്ടു നിന്ന ഈ കലാസന്ധ്യയിൽ കേരളത്തിലെയും യുകെയിലും
പ്രമുഖ ഗായകർ അതീവ ഹൃദ്യമായ ഗാനങ്ങളുമായി മനസ്സു കുളിർപ്പിച്ചപ്പോൾ, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, , സിനിമാറ്റിക് ഡാൻസ് തുടങ്ങിയ നൃത്തവിശേഷങ്ങളുമായി അപ്സര നർത്തകിമാരും അരങ്ങിൽ സജീവമായി.
കവിയും ഗാനരചയിതാവുമായ ശ്രീ. പാപ്പച്ചൻ കടമക്കുടി , യുകെയിലെ കലാ സാഹിത്യരംഗങ്ങളിൽ നിറഞ്ഞു നില്ക്കുന്ന ശ്രീ. ബോബി അഗസ്റ്റിൻ , യു കെ കലാഭവന്റെ ഡയറക്റ്ററും . സാംസ്ക്കാരിക പ്രവർത്തകനുമായ ശ്രീ. ജയ്സൻ കലാഭവൻ ഉത്തരവാദിത്ത നിർവഹണത്തിൽ ഊർജ്ജസ്വലനായ പ്രവർത്തനകേരളപോലിസ് സബ് ഇൻസ്പെക്ടർ സുനിൽ ലാൽ എന്നിവരെ കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിലെ സ്തുത്യർഹമായ സേവന മികവിന്റെ അടിസ്ഥാനത്തിൽ ടീം നീലാംബരി ആദരിച്ചു.
യുകെയിലെ ഏറ്റവും മികച്ച സൗണ്ട് എഞ്ചിനീയർ ശ്രീ. ശ്രീനാഥന്റെ ജാസ് ലൈവ്, വെളിച്ച വിനിമയത്തിൽ യുകെയിൽ ഒന്നാം നമ്പറായ ശ്രീ.ഷിനു എന്നിവരുടെ അനുപമമായ പ്രവർത്തന മികവ് സ്റ്റേജിലെ ഗാന-നൃത്ത പരിപാടികൾക്ക് അതുല്യമായ കൃത്യതയും ഭംഗിയും പകർന്നു.
പരിപാടിയുടെ സ്റ്റിൽ ഫോട്ടോ സെഷൻ സ്റ്റാർട് ക്ലിക്ക് , ബിജു മൂന്നാനപ്പള്ളി ബിടിഎം ഫോട്ടോഗ്രാഫി, സന്തോഷ് ബഞ്ചമിൻ ടൈം ലെസ് സ്റ്റുഡിയോ എന്നിവരും ഓർമ്മകളെ എന്നും സജീവമായി നിറുത്തുവാൻ വീഡിയോ ഗ്രാഫിയിൽ പകർത്തി അനശ്വരമാക്കിയ സാം, ജിസ്മോൻ, ആദ്യാവസാനം ഗിരീഷ് പുത്തഞ്ചേരി നൈറ്റ് ലൈവായി ഒപ്പിയെടുത്ത് പ്രക്ഷേപണം ചെയ്ത മാഗ്നാ വിഷൻ.ടി വി, LED യാൽ സ്റ്റേജും പരിസരങ്ങളും മായാ പ്രപഞ്ചമായി മാറ്റിയ വെൽസ് കളർ മീഡിയ എന്നീ മീഡിയാ പ്രതിഭകളുടെ സജീവ സാന്നിധ്യമാണ് ഈ സംരംഭം കൂടുതൽ കൂടുതൽ ആകർഷകമാക്കിയത്. വേദിയോടനുബന്ധിച്ച് രാവിലെ മുതൽ മട്ടാഞ്ചേരി ടൗൺടന്റെ ലഘുഭക്ഷണശാല വളരെ ഹൃദ്യമായിരുന്നു .
ടീം നീലാംബരിയുടെ ആത്മാർത്ഥതയും സംഘാടക മികവുമാണ് ഇത്ര ജനപ്രീതിനേടിയ ഒരു സംഗീത സായാഹ്നത്തിനു പിന്നിലുള്ള പ്രേരക ശക്തി. ഗിരീഷ് പുത്തഞ്ചേരി നൈറ്റിന്റെ വിജയത്തിനായി അവിശ്രമം ഊണും ഉറക്കവുമില്ലാതെ പ്രവർത്തിച്ച മനോജ് മാത്രാടൻ , ജയ്സൻ ബത്തേരി , സത്യനാരായണൻ , സജി കോശി , മഹേഷ് അലക്സ് , ഷീല സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സംഘാടക സംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നു.
Leave a Reply