ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ഒട്ടേറെ പേരുടെ ജീവനാണ് കവർന്നെടുത്തത്. കോവിഡിനോട് പടപൊരുതി ഒട്ടേറെ ആരോഗ്യ പ്രവർത്തകരാണ് ജീവൻ ഹോമിച്ചത് . കോവിഡ് കവർന്നെടുത്ത ഒരു കുഞ്ഞു മാലാഖയുടെ ജീവിതമാണ് ഇന്ന് അവളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തുന്നത്. അവൾക്ക് 10 വയസ്സേ ഉണ്ടായിരുന്നുള്ളൂ. തൻറെ ക്ലാസിലെ ക്ലാസ് നേഴ്സിന്റെ ചുമതലയായിരുന്ന തെരേസ സ്പെറിയ്ക്ക്. രോഗലക്ഷണങ്ങൾ ഉള്ള തൻറെ സഹപാഠികളെ നേഴ്സിങ് റൂമിലേക്ക് കൊണ്ടു പോകുന്ന ചുമതലയാണ് ക്ലാസ് ടീച്ചർ കുഞ്ഞു തെരേസയ്ക്ക് നൽകിയത് . ഇതിനെ തുടർന്ന് കോവിഡ് ബാധിച്ചത് തെരേസയുടെ ജീവൻ നഷ്ടപ്പെടുത്തുകയായിരുന്നു.
തുടക്കത്തിൽ തലവേദനയും പനിയും വിട്ടുമാറാത്ത ചുമയും ആണ് തെരേസയ്ക്ക് രോഗലക്ഷണങ്ങളായി പ്രത്യക്ഷപ്പെട്ടതെന്ന് അവളുടെ പിതാവ് ജെഫ് സ്‌പെറി പറഞ്ഞു. ആളുകൾക്ക് സേവനം ചെയ്യുന്നതും സഹായിക്കുന്നതിലും ഒട്ടേറെ വായിക്കുന്നതിലും തെരേസ സന്തോഷം കണ്ടെത്തിയിരുന്നെന്ന് അവളുടെ പിതാവ് പറഞ്ഞു. വെർജീനിയയിലെ ഹിൽ പോയിൻറ് എലമെന്ററി സ്കൂൾ വിദ്യാർഥിനിയായിരുന്ന തെരേസയെ രോഗലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും അവളുടെ മരണ ശേഷമുള്ള പരിശോധനയിലാണ് തെരേസയ്ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു എന്ന് കണ്ടെത്തിയത്. തികച്ചും ആരോഗ്യവതിയായ തെരേസയുടെ മരണം സ്കൂളുകളിൽ കോവിഡിനെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം ഇട്ടിരിക്കുകയാണ് .
Leave a Reply