.ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹോളിഡേ പാർക്കിൽ 15 വയസ്സുകാരിയായ പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു. സംഭവത്തോട് അനുബന്ധിച്ച് 19 വയസ്സുള്ള ചെറുപ്പക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടി എങ്ങനെയാണ് മരിച്ചതെന്നോ യുവാവിനെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നോർത്ത് വെയിൽസിലെ ഹോളിഡേ പാർക്കിലെ കാരവനിലാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. എയർ ആംബുലൻസ് സംഭവസ്ഥലത്ത് എത്തി ചേർന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവസ്ഥലത്തുനിന്നും ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതായും പോലീസ് കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതായും കാണാം. ദാരുണവും ഒറ്റപ്പെട്ടതുമായ സംഭവമാണ് നടന്നതെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മാർക്ക് പിയേഴ്സ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാവിധ സഹകരണവും നൽകിയതിന് ടൈ മാവറിന്റെ ജീവനക്കാരോടും മാനേജ്മെന്റിനോടും അവധിക്കാല ആഘോഷങ്ങളിൽ അവിടെ ഉണ്ടായിരുന്നവരോടും അദ്ദേഹം നന്ദി പറഞ്ഞു. 100 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഫാമിലി പാർക്കാണ് ടൈ മാവർ. എല്ലാവർഷവും പതിനായിരക്കണക്കിന് ആളുകളാണ് അവധിക്കാലം ആഘോഷിക്കാൻ ഇവിടെ എത്തിച്ചേരുന്നത്.