ടെക്‌സാസ്: അമേരിക്കന്‍ മലയാളിയുടെ മൂന്ന് വയസുകാരിയായ മകളെ കാണാതായി. ടെക്‌സാസില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷെറിന്‍ മാത്യൂസ് എന്ന കുട്ടിയെയാണ് കാണാതായത്. പാല് കുടിക്കാത്തതിന് പിതാവ് കുട്ടിയെ പുലര്‍ച്ചെ 3 മണിക്ക് വീടിനു പുറത്തു നിര്‍ത്തുകയും പിന്നീട് കാണാതാകുകയുമായിരുന്നു. കുട്ടിയുടെ പിതാവായ വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്കായുള്ള തെരച്ചില്‍ പോലീസ് തുടരുകയാണ്. ഇതിനായി റിച്ചാര്‍ഡ്‌സന്‍ പോലീസ് ആംബര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു.

3.15 ഓടെയാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. വീടിനു വെളിയില്‍ മരത്തിന്റെ ചുവട്ടില്‍ കുട്ടിയെ നിര്‍ത്തുകയായിരുന്നുവെന്നാണ് വെസ്ലി പോലീസിനോട് പറഞ്ഞത്. പാല് കുടിച്ച് തീര്‍ക്കാത്തതിന് ശിക്ഷയായാണ് കുട്ടിയെ ഒറ്റക്ക് നിര്‍ത്തിയതെന്നും ഇയാള്‍ പറഞ്ഞു. 15 മിനിറ്റിനു ശേഷം തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയെ അപകടപ്പെടുത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷെറിന്റെ നാല് വയസുള്ള മൂത്ത സഹോദരിയെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഏറ്റെടുത്ത് വീട്ടില്‍ നിന്ന് മാറ്റി. കുട്ടികളെ പീഡിപ്പിച്ചതിന് സര്‍വീസ് മുമ്പും ഈ കുടുംബത്തില്‍ എത്തിയിട്ടുണ്ടെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയെ കാണാതായി അഞ്ച് മണിക്കൂറിന് ശേഷമാണ് വെസ്ലി ഇത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് വളരെ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല.