വീടു വിട്ടിറങ്ങിയ എട്ടു വയസുകാരി മാതാപിതാക്കളോട് ക്ഷമ പറഞ്ഞുകൊണ്ട് എഴുതിയ കത്ത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് ചെഷയര്‍ പോലീസ്. വീടു വിട്ടിറങ്ങിയതിനും മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചതിനും മാപ്പുപറയുന്ന കത്ത് പോലീസിനാണ് കുട്ടി നല്‍കിയത്. താന്‍ ചെയ്തത് ശരിയായില്ലെന്നും ഇനി ഇത്തരം പ്രവൃത്തി തന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും കത്തില്‍ കുട്ടി വ്യക്തമാക്കുന്നു. പോലീസിന്റെ സമയം കളഞ്ഞതിനും കുട്ടി ക്ഷമ ചോദിക്കുന്നു. എല്ലാവരെയും സുരക്ഷിതമായി കാക്കുന്നതിന് പോലീസിന് നന്ദിയുണ്ടെന്നും കത്തില്‍ പറയുന്നു. ഇന്നലെയാണ് പോലീസ് ഈ കത്ത് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.
ഞാന്‍ വീട്ടില്‍ നിന്നു പോയപ്പോള്‍ അമ്മയ്ക്ക് നിങ്ങളെ വിളിക്കേണ്ടി വന്നു. അക്കാര്യത്തില്‍ എനിക്ക് ഖേദമുണ്ട്. അങ്ങനെ ചെയ്തപ്പോള്‍ എന്റെ അമ്മയ്ക്കും അച്ഛനും ഏറെ വിഷമമുണ്ടായി. അതുകൊണ്ട് ഇനി ഇത് ആവര്‍ത്തിക്കില്ല. ഞാന്‍ അധികം ദൂരെയൊന്നും പോയില്ലെങ്കിലും എന്റെ സഹോദരി ഏറെ ഭയപ്പെട്ടു. ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. നിങ്ങളുടെ സമയം വെറുതെ കളഞ്ഞതിലും വിഷമമുണ്ടെന്ന് കുട്ടിയുടെ കത്തില്‍ പറയുന്നു. ഒരു എട്ടു വയസുകാരിയില്‍ നിന്ന് കിട്ടിയതാണ് ഈ കത്ത് എന്ന തലക്കെട്ടോടെയാണ് കത്ത് ചെഷയര്‍ പോലീസ് ട്വീറ്റ് ചെയ്തത്.
കുട്ടിയെയും അവളുടെ മാതാപിതാക്കളെയും അഭിനന്ദിച്ചുകൊണ്ടാണ് ട്വീറ്റില്‍ പ്രതികരണങ്ങള്‍ എത്തിയത്. കുട്ടിയെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പഠിപ്പിച്ച മാതാപിതാക്കള്‍ക്ക് ആദ്യം നന്ദി പറയണമെന്ന് സ്യൂ ലീസ് എന്ന ട്വിറ്റര്‍ യൂസര്‍ പറയുന്നു. കത്ത് വായിച്ച് കണ്ണുനിറഞ്ഞുവെന്നും ചിലര്‍ പ്രതികരിച്ചു.
Leave a Reply