ന്യൂസ് ഡെസ്ക്, മലയാളം യുകെ

കിഴക്കൻ ലണ്ടനിലെ ഹാക്ക്‌നിയിൽ മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ 9 വയസ്സുകാരിയായ പെൺകുട്ടിക്ക് വെടിയേറ്റ സംഭവം കടുത്ത ഞെട്ടലാണ് യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചത്. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്. വെടിവെപ്പിൽ മറ്റ് മൂന്ന് മുതിർന്നവർക്കും പരിക്ക് പറ്റിയിരുന്നു ഇന്നലെ രാത്രി 9 .30 ഓടെയാണ് ബ്രിട്ടനെ നടുക്കിയ സംഭവം അരങ്ങേറിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പെൺകുട്ടിയുടെ തലയിൽ നെറ്റിയോട് ചേർന്ന് ആഴത്തിൽ മുറിവുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായിട്ടില്ല. ഇവർ ബ്രിട്ടനിലെ ബർമിങ്ഹാമിൽ ആണ്‌ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി താമസിച്ചു വരുന്നത് . ആക്രമണത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായില്ല. വെടിവെപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് മെറ്റ് പോലീസ് അറിയിച്ചു.


ഒൻപത് വയസ്സുള്ള പെൺകുട്ടി ജീവനുവേണ്ടി പോരാടുകയാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടി തന്റെ കുടുംബത്തോടൊപ്പം ഡാൽസ്റ്റണിലെ കിംഗ്‌സ്‌ലാൻ്റ് ഹൈ സ്ട്രീറ്റിലെ ഒരു റെസ്റ്റോറൻ്റിൽ അത്താഴം കഴിക്കുമ്പോഴാണ് ദാരുണ സംഭവം അരങ്ങേറുന്നത്. മോഷ്ടിച്ച മോട്ടോർ ബൈക്കിൽ വന്നവരാണ് ആക്രമണം നടത്തിയത് . 26, 37, 42 വയസ്സുള്ള യുവാക്കളാണ് പരുക്കേറ്റ മറ്റുള്ളവര്‍.