ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പതിനൊന്നുകാരിയായ പെൺകുട്ടി അമ്മയായി. കുഞ്ഞിന് ജന്മം നൽകിയത് ഈ മാസം ആദ്യമാണ്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാണ് ഇതെന്ന് കരുതപ്പെടുന്നു. പത്തു വയസുള്ളപ്പോഴാണ് പെൺകുട്ടി ഗർഭിണിയായതെന്നും പ്രസവശേഷം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തിന് ഈ സംഭവത്തെപ്പറ്റി യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ല. സാമൂഹിക സേവനങ്ങളും കൗൺസിൽ മേധാവികളും അന്വേഷണം നടത്തിവരികയാണ്. ഇത് വലിയൊരു ഞെട്ടൽ ഉണ്ടാക്കിയെന്ന് കുടുംബാംഗം പറഞ്ഞു. “അവൾ ഇപ്പോൾ വിദഗ്ദ്ധരുടെ സംരക്ഷണത്തിലാണ്. പ്രധാന കാര്യം ഇരുവരും സുഖമായിരിക്കുന്നുവെന്നാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടനിൽ ഇതിനുമുമ്പ് ഏറ്റവും പ്രായം കുറഞ്ഞ അമ്മ ട്രെസ മിഡിൽടൺ ആയിരുന്നു. ട്രെസ 2006 ൽ പ്രസവിക്കുമ്പോൾ 12 വയസ്സായിരുന്നു പ്രായം. “ഒരു പെൺകുട്ടി പ്രായപൂർത്തിയാകാൻ തുടങ്ങുന്ന ശരാശരി പ്രായം 11 ആണ്. 8 വയസ്സിനും 14 വയസ്സിനും ഇടയിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ശരീരഭാരം ഹോർമോണുകളെ ബാധിക്കുന്നുണ്ട്. പെൺകുട്ടിക്ക് ശരീരഭാരം കൂടുതലാണെങ്കിൽ പ്രതീക്ഷിക്കുന്നതിലും നേരത്തെ പ്രായപൂർത്തി ആയേക്കാൻ സാധ്യതയുണ്ട്.” ഡോക്ടർ കരോൾ കൂപ്പർ പറഞ്ഞു. ശൈശവത്തിൽ ഗർഭധാരണം നടന്നാൽ ശിശുവിന്റെ ഭാരം കുറയുക, അകാല പ്രസവം, നിരവധി അണുബാധകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അവർ കൂട്ടിച്ചേർത്തു.

2014-ൽ, പന്ത്രണ്ട് വയസുള്ള പെൺകുട്ടിക്കും പതിമൂന്നുകാരനും ഒരു കുഞ്ഞ് ജനിച്ചിരുന്നു. 2017 ൽ, 11 വയസുള്ള ഒരു പെൺകുട്ടി പ്രസവിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.