ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എൻഎച്ച്എസ് വെബ്സൈറ്റിൽ മാസമുറയെ സംബന്ധിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളിൽ സ്ത്രീകൾ എന്ന പദം പൂർണമായി ഒഴിവാക്കിയതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരിക്കുകയാണ്. ഇത്തരം മാർഗനിർദ്ദേശങ്ങൾ ഗുണത്തേക്കാൾ ഉപരി ദോഷം, പെൺകുട്ടികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും മെഡിക്കൽ രംഗത്തെ വിദഗ്ധർ വ്യക്തമാക്കി. ജെൻഡർ – ന്യൂട്രൽ ഭാഷ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം എൻഎച്ച്എസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. എൻ എച്ച് എസ് വെയിൽസ് നിയന്ത്രിക്കുന്ന ബ്ലഡി ബ്രില്ല്യന്റ് എന്ന വെബ്സൈറ്റിലാണ് ഇത്തരം ഭാഷ ഉപയോഗിച്ചിരിക്കുന്നത് എന്ന് മെയിൽ ഓൺലൈൻ പത്രം ചൂണ്ടിക്കാട്ടി. പിരീഡ് സിനെ സംബന്ധിക്കുന്ന തെറ്റായ ധാരണകൾ ഇല്ലാതാക്കുവാനും, അത് മനുഷ്യ ശരീരത്തിലെ സാധാരണ ഒരു പ്രക്രിയ ആണെന്ന് ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കുന്നതിനുമാണ് 2021ൽ എൻ എച്ച് എസ് വെയിൽസും, വെൽഷ് ഗവൺമെന്റും ചേർന്ന് ഈ വെബ്സൈറ്റ് ആരംഭിച്ചത്. മെനോപോസിനെ സംബന്ധിക്കുന്ന വിവരങ്ങളിലും, മുലയൂട്ടുന്നതിനെ സംബന്ധിക്കുന്ന വിവരങ്ങളിലും ഒന്നും തന്നെ സ്ത്രീകൾ എന്ന പദം ഉപയോഗിച്ചിട്ടില്ല.

ഇത്തരത്തിലുള്ള ഭാഷ പൊതുവിൽ സ്വീകാര്യം ആണെങ്കിലും, ആരോഗ്യ നിർദ്ദേശങ്ങളിൽ അത്തരം ഭാഷ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിന് കാരണമാകും എന്നാണ് മെഡിക്കൽ വിദഗ്ധർ വ്യക്തമാക്കുന്നത്. സ്ത്രീകളിൽ മാസമുറ അവസാനിക്കുന്ന അവസ്ഥയാണ് എന്നതായിരുന്നു മെനോപോസിനെ സംബന്ധിച്ച് മുൻപ് എൻ എച്ച് എസ് നൽകിയിരുന്ന വിശദീകരണം. എന്നാൽ ജൻഡർ ന്യൂട്രൽ ഭാഷയിൽ സ്ത്രീകൾ എന്ന പദം പൂർണമായി നീക്കം ചെയ്തു.