ന്യൂസ് ഡെസ്ക് മലയാളം യുകെ

മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. മരിച്ചവരിൽ കവൻട്രിയിൽ താമസിക്കുന്ന യുകെ മലയാളികളുടെ പതിനഞ്ചുകാരിയായ മകളും. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16), സഹോദരന്റെ മകൾ അരയൻകാവ് മുണ്ടയ്ക്കൽ ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.

ജിസ്മോൾ യുകെ റഗ്ബി ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. അമ്മയുടെ സഹോദരനായ സജി മാത്യു (51 ) വിൻെറ മൃതസംസ്‌കാരത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയതാണ് ജിസ്മോളും കുടുംബവും. നാളെ യുകെയ്ക്ക് പോകാൻ ഇരിക്കെയാണ് അപകടം. ജിസ്മോൾ കാൽ വഴുതി വീണു വെള്ളത്തിൽ താഴുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും ഒഴുക്കിൽ പ്പെടുകയായിരുന്നു. രാവിലെ 11 ഓടെയാണ് അപകടം നടന്നത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോൺസന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവർ രക്ഷപെട്ടു. ഇതിൽ ജോബിയുടെ മകളാണ് മരിച്ച ജിസ്മോൾ. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോബി മാത്യു സൗമ്യ ജോബി ദമ്പതികളുടെ മൂത്ത മകളാണ് ജിസ്മോൾ ജോബി. ജുവൽ ജോബി ജോയൽ ജോബി എന്നിവരാണ് സഹോദരങ്ങൾ. ഏഴു പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വൈക്കം കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്നും അഗ്നിശമന സേന എത്തി രണ്ടു മണിക്കൂറോളം നീണ്ട് തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ജിസ്മോൾ ജോബിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.