ഐഎംഎഫിന്റെ തലപ്പത്തേക്കെത്തുന്ന ആദ്യ വനിതയായി മലയാളി സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായാണ് ഗീതയ്ക്ക് സ്ഥാനക്കയറ്റം. സ്ഥാനം ഏറ്റെടുക്കുന്നതോടെ ഐഎംഎഫിലെ ഉയര്‍ന്ന പദവിയിലുള്ള രണ്ടാമത്തെയാളാകും ഗീത. അടുത്ത മാസം 21ന് അവര്‍ ചുമതലയേല്‍ക്കും.
നിലവില്‍ ഐഎംഎഫ് ചീഫ് എകണോമിസ്റ്റ് ആണ് ഗീത ഗോപിനാഥ്. 2018 ഒക്ടോബറില്‍ ആണ് ഗീത ഗോപിനാഥ് ഐഎംഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. കോവിഡ് മഹാമാരി,വാക്‌സിനേഷന്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ഐഎംഎഫിന്റെ ചരിത്രത്തിലെ ആദ്യ മുഖ്യ സാമ്പത്തിക വിദഗ്ധയാണ് ഗീത ഗോപിനാഥ്. ഫണ്ടിന്റെ ഗവേഷക വിഭാഗത്തിന്റെ ചുമതലയായിരുന്നു ഇതുവരെ ഗീതയ്ക്ക്.
നിലവിലെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോഫ്രി ഒകാമോട്ടോ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ഗീതയ്ക്ക് നിയമനം. ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലിന ജോര്‍ജീവയാണ് ഗീതയുടെ പുതിയ സ്ഥാനലബ്ധിയെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഫണ്ടിനുവേണ്ടി ഇതിനകം തന്നെ ഗീത അര്‍പ്പിച്ച സംഭാവനകള്‍ അപാരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നമ്മുടെ കാലത്തെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധി ഘട്ടം മറികടക്കാനായി ഫണ്ടിനെയും ആഗോള സമ്പദ്ഘടനയെയും ബൗദ്ധികമായി നേതൃത്വം നല്‍കിയയാളാണ് ഗീതയെന്നും ക്രിസ്റ്റലിന ജോര്‍ജീവ കൂട്ടിച്ചേര്‍ത്തു.
2016-18ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. കണ്ണൂര്‍ സ്വദേശി ടിവി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് അമേരിക്കന്‍ പൗരത്വമുള്ള ഗീത. 1971 ഡിസംബര്‍ എട്ടിന് കൊല്‍ക്കത്തയിലാണ് ഗീതയുടെ ജനനം.
ഡല്‍ഹി സര്‍വകലാശാലയില്‍നിന്നാണ് ബിരുദ, ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കുന്നത്. 1996ല്‍ വാഷിങ്ടണ്‍ സര്‍വകലാശാലയിലും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കി. 2001ല്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി. ഷിക്കാഗോ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം തുടരുന്നതിനിടെയാണ് ഐഎംഎഫിന്റെ ഭാഗമാകുന്നത്.മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇഖ്ബാല്‍ സിംഗ് ധലീവാളാണ് ഭര്‍ത്താവ്. മകന്‍ രഹീല്‍.
Leave a Reply