ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ നാല് അധിക ബാങ്ക് അവധികൾ കൂടി നൽകണമെന്നാവശ്യം ഗവൺമെന്റിനോട് ഉന്നയിച്ചിരിക്കുകയാണ് ട്രേഡ് യൂണിയൻ കോൺഗ്രസ്. ഓഗസ്റ്റ് മുതൽ ക്രിസ്മസ് വരെയുള്ള സമയത്തിനിടയിൽ അവധികൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ, ഒരെണ്ണം വേണമെന്ന ആവശ്യം വളരെ ശക്തമാണ്. ഒരു വർഷത്തിൽ ആകെ 8 പൊതു അവധികൾ മാത്രമാണ് ഇംഗ്ലണ്ടിലും വെയിൽസിലും ഉള്ളത്. എന്നാൽ സ്കോട്ട്ലൻഡിൽ പതിനൊന്നും, നോർത്തേൺ അയർലൻഡിൽ പത്തും വീതം അവധികളുണ്ട്. ഏറ്റവും കുറഞ്ഞത് 12പൊതു അവധികൾ എങ്കിലും ഒരു വർഷം വേണമെന്ന ആവശ്യമാണ് ട്രേഡ് യൂണിയനുകൾ ഉന്നയിച്ചിരിക്കുന്നത്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇംഗ്ലണ്ടിലും വെയിൽസിലും ലഭിക്കുന്ന അവധികൾ വളരെ കുറവാണെന്ന് ബ്രിട്ടീഷ് ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ഫ്രാൻസസ് ഒ ഗ്രേഡി വ്യക്തമാക്കി.
ട്രേഡ് യൂണിയൻ കോൺഗ്രസ് നടത്തിയ അന്വേഷണത്തിൽ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളായ റൊമാനിയ, ലിത്തുവേനിയ, സ്ലോവാക്കിയ, സ്ലോവേനിയ, ഫിൻലാൻഡ്, സൈപ്രസ് എന്നിവിടങ്ങളിൽ 15 പൊതു അവധികൾ വീതം ഉണ്ടന്ന് കണ്ടെത്തി. ഇതോടൊപ്പംതന്നെ ജപ്പാനിൽ പതിനേഴും , ഓസ്ട്രേലിയയിൽ പന്ത്രണ്ടും, ന്യൂസിലൻഡ്, ചൈന എന്നിടിവിടങ്ങളിൽ പതിനൊന്നും വീതം അവധികളുണ്ടെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് വ്യക്തമാക്കി. ഈ കോവിഡ് സാഹചര്യത്തിൽ ജീവനക്കാർക്ക് അവധികൾ നൽകുന്നത് സഹായകരമാകുമെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ഓർമിപ്പിച്ചു. ഗവൺമെന്റ് ആവശ്യത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Leave a Reply