കേരളത്തിലെ പ്രളയബാധിത മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അവതരിപ്പിച്ച് ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി. പോസ്റ്റ്ഗ്രാജ്വേറ്റ് വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 4 എക്‌സിക്യൂട്ടീവ് സ്‌കോളര്‍ഷിപ്പുകളാണ് യൂണിവേഴ്‌സിറ്റി അവതരിപ്പിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ ഏതെങ്കിലും കോളേജുകളില്‍ ഒരു വര്‍ഷത്തെ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിന് 2019-2020 വര്‍ഷം പ്രവേശനം നേടുന്നവര്‍ക്കായാണ് ഈ സ്‌കോളര്‍ഷിപ്പ്. 40,000 പൗണ്ടാണ് സ്‌കോളര്‍ഷിപ്പ് തുക. എഎസ്ബിഎസ് പ്രോഗ്രാമുകള്‍ക്കായി 20,000 പൗണ്ടിന്റെ സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുകെ 2:1 ഓണേഴ്‌സ് ഡിഗ്രിക്ക് തുല്യമായതോ അതില്‍ ഉയര്‍ന്നതോ ആയ ഗ്രേഡുകള്‍ ബിരുദത്തിന് നേടുകയും മികച്ച അക്കാഡമിക് പ്രകടനം കാഴ്ചവെക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുക. ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ്ഗ്രാജ്വേറ്റ് പ്രവേശനത്തിന് ഓഫര്‍ ലഭിച്ചിരിക്കണം. ഫീ പര്‍പ്പസുകള്‍ക്കായി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ആയി യോഗ്യത നേടിയിരിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കേരളത്തില്‍ താമസിക്കുന്നയാളായിരിക്കണം തുടങ്ങിയവയാണ് യോഗ്യതയായി യൂണിവേഴ്‌സിറ്റി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷാ ഫോം ഓണ്‍ലൈനില്‍ പൂരിപ്പിച്ച് മേല്‍വിലാസം തെളിയിക്കുന്ന രണ്ടു രേഖകള്‍ സഹിതം അപേക്ഷിക്കണം. [email protected] എന്ന ഇമെയില്‍ വിലാസത്തിലാണ് രേഖകള്‍ അയക്കേണ്ടത്. യൂട്ടിലിറ്റി ബില്‍, ഫോണ്‍ബില്‍, ലീസ് എഗ്രിമെന്റ് അല്ലെങ്കില്‍ മോര്‍ഗേജ് സ്‌റ്റേറ്റ്‌മെന്റ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ എതെങ്കിലും രണ്ടെണ്ണമാണ് നല്‍കേണ്ടത്. ഏപ്രില്‍ 30 ആണ് അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി.
Leave a Reply