ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദിവസവും പാൽ കുടിക്കുന്നത് കുടലിൽ ക്യാൻസർ വരാനുള്ള സാധ്യതകളെ ഗണ്യമായി കുറയ്ക്കുമെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. ഓക്സ്ഫോർഡ് സർവകലാശാലയിലെ മുതിർന്ന പോഷകാഹാര എപ്പിഡെമിയോളജിസ്റ്റുമായ ഡോ. കെരൻ പാപ്പിയറിൻ്റെ നേതൃത്വത്തിൽ നടന്ന പഠനമാണ് പുതിയ വിവരങ്ങൾ അനാവരണം ചെയ്തത്. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് കുടലിൽ ക്യാൻസർ വരാനുള്ള സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുമെന്നാണ് ഭക്ഷണവും രോഗവുമായുള്ള ബന്ധത്തെ കുറിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഒരു ഗ്ലാസ് പാലിൽ അടങ്ങിയിരിക്കുന്ന ഏകദേശം 300 മില്ലിഗ്രാം അളവ് വരുന്ന കാൽസ്യത്തിന്റെ അളവാണ് കുടൽ ക്യാൻസർ സാധ്യത 17 ശതമാനം കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തിയത്. ഫോർട്ടിഫൈഡ് സോയ പാലിനും സമാന രീതിയിലുള്ള സംരക്ഷണം നൽകാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോർട്ടിഫൈഡ് സോയ പാലിൽ അടങ്ങിയിരിക്കുന്ന കാൽസ്യത്തിന്റെ അളവാണ് ഇതിന് കാരണം. പാലുൽപന്നങ്ങൾ ക്യാൻസർ സാധ്യത തടയാൻ സഹായിക്കുമെന്നതിന് ഈ പഠനം ശക്തമായ തെളിവുകൾ നൽകുന്നതായി ഡോ. കെരൻ പറഞ്ഞു.


ലോകത്തിൽ ഏറ്റവും വ്യാപകമായ സ്താനാർബുദത്തിനും ശ്വാസകോശ അർബുദത്തിനും പിന്നിൽ മൂന്നാം സ്ഥാനമാണ് കുടൽ ക്യാൻസറിനുള്ളത്. പ്രതിവർഷം ഏകദേശം 2 ലക്ഷം പേർക്കാണ് ഈ ക്യാൻസർ പിടിപെടുന്നത്. കുടൽ ക്യാൻസർ മൂലം ആഗോള തലത്തിൽ ഒരു ദശലക്ഷം മരണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2040 ആകുമ്പോഴേക്കും കുടൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം 3.2 ദശലക്ഷത്തിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. വ്യക്തമല്ലാത്ത കാരണങ്ങളാൽ ലോകമെമ്പാടുമുള്ള ചെറുപ്പക്കാരിൽ കുടൽ കാൻസർ കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1990 കളുടെ തുടക്കത്തിനും 2018 നും ഇടയിൽ 25 നും 49 നും ഇടയിൽ പ്രായമുള്ള യുകെയിലെ മുതിർന്നവരിൽ കുടൽ കാൻസർ രോഗനിർണയം നടത്തുന്നവരുടെ എണ്ണം 22% വർദ്ധിച്ചു. കുടൽ ക്യാൻസറിനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ആശങ്കാജനകമാണെന്നും പകുതിയിലധികം ഇത്തരത്തിലുള്ള ക്യാൻസർ രോഗങ്ങളും ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുന്ന മാറ്റങ്ങളിലൂടെ തടയാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.