സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ച വിവാഹച്ചടങ്ങിന്റെ ക്ഷണക്കത്ത് ഇന്ത്യയിലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ. ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശവും ആകാംക്ഷയുമാണ് ക്ഷണക്കത്ത് ചോരാൻ ഇടയാക്കിയതെന്ന് മാക്‌സ്‌വെൽ തുറന്നടിച്ചു. ക്ഷണക്കത്ത് ചോർന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും ശരിയായില്ലെന്നും, തീർത്തും രഹസ്യമായി നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹചടങ്ങുകളുടെ വിശദാംശങ്ങൾ പരസ്യമായ സാഹചര്യത്തിൽ, ചടങ്ങുകളുടെ സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാക്‌സ്വെൽ തമിഴ് പെൺകൊടി വിനി രാമനെയാണ് മാക്‌സ് വെൽ വിവാഹം ചെയ്യുന്നത്. മാർച്ച് 27നു തമിഴ് ആചാര പ്രകാരമാണു വിവാഹം നടത്തുക. വിനി ജനിച്ചത് ഓസ്‌ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്പര്യം തുടരുന്നവരാണ്. തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്തു പരമ്പരാഗത മഞ്ഞ നിറത്തിലാണു പുറത്തിറക്കിയത്. ഇതാണ് സോഷ്യൽമീഡിയയിൽ വ്യാപകമായത്.
‘ക്ഷണക്കത്ത് ചോർന്നത് ഒട്ടും ശരിയായില്ല. എന്തായാലും വിവാഹ ചടങ്ങിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സത്യത്തിൽ തീർത്തും സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു ചടങ്ങായിരുന്നു ഇത്. നിർഭാഗ്യവശാൽ ഇന്ത്യയിലെ ബന്ധുക്കളിൽ ചിലർ ആവേശം കയറി ക്ഷണക്കത്ത് അവരുടെ ചില സുഹൃത്തുക്കളെ കാണിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം അവിടുത്തെ പ്രധാനപ്പെട്ട മാധ്യമങ്ങളിലെല്ലാം ആ കത്ത് പ്രത്യക്ഷപ്പെട്ടു. ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിലൂടെ കത്ത് എനിക്കും അയച്ചുതന്നു’ മാക്‌സ്‌വെൽ പ്രതികരിച്ചു.
മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതൽ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്നു വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു.
Leave a Reply