ബൈജു പോൾ

ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ മലയാളി ഫെഡറേഷന്റെ 34-മത് ആഗോള പ്രവാസി സംഗമം വർണ്ണാഭമായി സമാപിച്ചു. അഞ്ചു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും അവിസ്മരണീയമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. കോവിഡ് കാലഘട്ടത്തിനുശേഷം ഇത്തവണ വിപുലമായ തയ്യാറെടുപ്പുകളോടെ ജർമ്മനിയിലെ കൊളോണിനടുത്തുള്ള പ്രകൃതി രമണീയമായ ഐഫലിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമായി വർഷങ്ങളായി കലാസാംസ്കാരിക സാമൂഹിക സംഘടന മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഏകദേശം 250 തോളം പ്രതിനിധികളാണ് പങ്കെടുക്കുവാനായി എത്തിയത്.

സമ്മേളനം നടന്ന ഓരോ ദിവസവും രാവിലെ മുതൽ വൈകിട്ട് വരെ കൃത്യമായ ആസൂത്രണത്തോടും ചിട്ടയോടുംകൂടി ക്രമീകരിച്ച വിവിധ സമ്മേളനങ്ങൾ, കലാസാംസ്കാരിക പരിപാടികൾ, പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ചർച്ചകളുൾപ്പെടെ നടത്തിയ എല്ലാ പരിപാടികളും ഏറെ ശ്രദ്ധേയവും ഏവർക്കും പ്രയോജനപ്രദവുമായിരുന്നു. സ്നേഹവും കരുണയും കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ സാംസ്കാരിക പ്രതിഭകളുടെ നേതൃത്വത്തിൽ നടത്തിയ വൈവിധ്യമാർന്ന നിരവധി കലാപരിപാടികളും സമ്മേളനത്തിന് മിഴിവേകുവാനായി അവതരിപ്പിക്കുകയുണ്ടായി. വിയന്നയിൽ നിന്നുമെത്തിയ സംഗീത സംവിധായകനും അനുഗ്രഹീത ഗായകനുമായ ശ്രീ സിറിയക്ക് ചെറുകാട് ഇടവേളകളിലായി ആലപിച്ച പഴയതും പുതിയതുമായ ഗാനങ്ങൾ എല്ലാവർക്കും ഏറെ ഹൃദ്യവും ആകർഷണീയവുമായിരുന്നു.

വിവിധ രാജ്യങ്ങളിൽ രാഷ്ട്രീയ സാമൂഹിക കലാ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ വ്യക്തികൾക്ക് ജിഎംഎഫിന്റെ ആഗോള പ്രവാസി സംഗമങ്ങളോടുമനുബന്ധിച്ച് നൽകി വരുന്ന ജി എം എഫ് പുരസ്കാരത്തിന് ഇത്തവണ അർഹനായത് യുകെയിൽ നിന്നുമുള്ള ലോക കേരള സഭ അംഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും യൂണിയൻ ഓഫ് യു കെ മലയാളി അസോസിയേഷൻസ് ( യുക്മ) സാംസ്കാരിക വേദി രക്ഷാധികാരിയുമായ ശ്രീ സി എ ജോസഫാണ്. ആഗോള പ്രവാസി സംഗമത്തിന്റെ നാലാം ദിവസം നടന്ന സാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ച് ജി എം എഫ് ഗ്ലോബൽ ചെയർമാനും ലോക കേരള സഭ അംഗവുമായ ശ്രീ പോൾ ഗോപുരത്തിങ്കൽ ജിഎംഎഫ് കർമ്മശ്രേഷ്‌ഠ പുരസ്കാരം ശ്രീ സി എ ജോസഫിന് സമ്മാനിച്ചു.

മുൻകാലങ്ങളിൽ ജിഎംഎഫ് പുരസ്കാരം സ്വീകരിച്ചിട്ടുള്ള ബഹു കേരള വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ജിഎംഎഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നടത്തിയിട്ടുള്ള നല്ല അഭിപ്രായങ്ങളും അനുസ്മരിച്ച ശ്രീ പോൾ ഗോപുരത്തിങ്കൽ യുകെയിലെ കലാസാംസ്കാരിക സാമൂഹിക മേഖലകളിലെ സജീവ സാന്നിധ്യവും ഉജ്ജ്വല വാഗ്മിയും മികച്ച സംഘാടകനും അഭിനേതാവുമായ സി എ ജോസഫിന്റെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ജിഎംഎഫ് കർമ്മശ്രേഷ്‌ഠ പുരസ്കാരം നൽകുവാൻ തീരുമാനിച്ചതെന്നും അറിയിച്ചു. ജി എം എഫ് ജർമ്മൻ പ്രൊവിൻസ് പ്രസിഡന്റ് ശ്രീ സണ്ണി വേലുക്കാരൻ സി എ ജോസഫിനെ പൊന്നാട അണിയിച്ചാദരിച്ചു. ജിഎംഎഫ് ട്രഷററും സാമൂഹിക പ്രവർത്തകനുമായ ശ്രീ വർഗീസ് ചന്ദ്രത്തിൽ പ്രശസ്തി പത്രവും സി എ ജോസഫിന് നൽകി. ജിഎംഎഫിന്റെ സജീവ പ്രവർത്തകനും കവിയുമായ ശ്രീ ബേബി കലയങ്കരി സി എ ജോസഫിനെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജിഎംഎഫ് നൽകിയ കർമ്മശ്രേഷ്‌ഠ പുരസ്കാരം ഇനിയും തന്റെ ജീവിതത്തിൽ കഴിയുന്നവിധം ശ്രേഷ്ഠമായ കാര്യങ്ങൾ സമൂഹത്തിനുവേണ്ടി ഉത്തരവാദിത്വത്തോടും കടമയോടുംകൂടി ചെയ്യുവാൻ പ്രേരിപ്പിക്കുന്നതാണെന്നും സൂചിപ്പിച്ച സി എ ജോസഫ് കഴിഞ്ഞ അഞ്ചുദിനങ്ങളിലായി നടന്ന കലാസാംസ്കാരിക പരിപാടികളിലും പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ചർച്ചകളിലുമൊക്കെ പങ്കെടുക്കുവാൻ സാധിച്ചതിനും ജി എം എഫിന്റെ സംഘാടകർക്കും പ്രതിനിധികൾക്കും ഹൃദയം നിറഞ്ഞ നന്ദിയും പ്രകാശിപ്പിച്ചു.

ജിഎംഎഫിന്റെ പ്രാരംഭകാലം മുതലുള്ള സംഘാടകരിലൊരാളും സാമൂഹിക പ്രവർത്തകനും ജിഎംഎഫ് ട്രഷററുമായ ശ്രീ വർഗീസ് ചന്ദത്തിലിന് ജി എം എഫ്- മാൻ ഓഫ് ദി ഈയർ പുരസ്കാരവും നൽകി ആദരിച്ചു. ജി എം എഫ് ഗ്ലോബൽ ചെയർമാൻ ശ്രീ പോൾ ഗോപുരത്തിങ്കൽ പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിച്ചപ്പോൾ കർമ്മശ്രേഷ്‌ഠ അവാർഡ് ജേതാവ് സി എ ജോസഫ് വർഗീസ് ചന്ദത്തിലിന് മെഡലും സമ്മാനിച്ചു.

അഞ്ച് ദിവസങ്ങളിലായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ചർച്ചകളിൽ പങ്കെടുത്തും സാംസ്കാരിക സമ്മേളനങ്ങളിൽ ആശംസകൾ അർപ്പിച്ചും ജർമ്മനിയിലെ വിവിധ മണ്ഡലങ്ങളിൽ പ്രശോഭിച്ചിട്ടുള്ള അബ്രഹാം നടുവിലേത്ത്, മെറ്റ്മാൻ ജോസഫ്, ബേബിച്ചൻ കലയെത്തുംമൂറിയിൽ, സാബു ജേക്കബ് ആറാട്ടുകുളം, സണ്ണി വെള്ളൂർ, എബ്രഹാം ജേക്കബ്, ജോസ് പുതുശ്ശേരി,ബേബി കുര്യാക്കോസ്, റെജി നന്തികാട്ട്, മേരി ക്രീയ്ഗർ , ഡേവീസ് വടക്കുംചേരി എന്നിവർ സംസാരിച്ചു.

ജിഎംഎഫ് ആഗോള സമ്മേളനത്തിന്റെയും കലാസാംസ്കാരിക പരിപാടികളുടെയും വിജയത്തിനായി ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, സെക്രട്ടറി അഡ്വ സേവ്യർ ജൂലപ്പൻ, ട്രഷറർ വർഗീസ് ചന്ദ്രത്തിൽ, പി ആർ ഒ ബൈജു പോൾ, ജർമ്മൻ പ്രോവിൻസ് പ്രസിഡന്റ് സണ്ണി വേലുക്കാരൻ, ജിഎംഎഫ് സംഘാടകസമിതി അംഗങ്ങളായ ജെമ്മ ഗോപുരത്തിങ്കൽ, സിറിയക്ക് ചെറുകാട്, മേരി ക്രീയ്ഗർ, എൽസി വേലുക്കാരൻ, ലില്ലി ചാക്യാത്ത് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച വിവിധ കമ്മറ്റികളിലെ അംഗങ്ങളും മികവാർന്ന പ്രവർത്തനങ്ങളായിരുന്നു നടത്തി വന്നിരുന്നത്.

സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയവർക്കുവേണ്ടിയുള്ള വ്യായാമത്തിന്റെ ഭാഗമായി ഓരോ ദിവസവും രാവിലെ യോഗയും എയ്റോബിക് ഡാൻസും പരിശീലിപ്പിച്ച മേരി ക്രീയ്ഗറിനെ സംഘാടകസമിതി പ്രത്യേകമായി അഭിനന്ദിച്ചു. കഴിഞ്ഞ 34 വർഷങ്ങളിലായി നടത്തിവരുന്ന അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കലാസാംസ്കാരിക സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി മലയാളികളാണ് എത്തിച്ചേരാറുള്ളത്. അടുത്ത ഗ്ലോബൽ മലയാളി പ്രവാസി സംഗമം 2024 ജൂലൈ 12 മുതൽ 16 വരെ ജർമ്മനിയിലെ കൊളോണിനടുത്തുള്ളി ഐഫലിൽ വെച്ച് നടത്തുന്നതാണെന്നും സംഘാടക സമിതി അറിയിച്ചു.