ഗ്ലാസ്ഗോ: സ്കോട്ലാൻഡ് മലയാളി കുടിയേറ്റ ചരിത്രത്തിൻ്റെ ഈറ്റില്ലമായ ഗ്ലാസ്ഗോ. എന്നാൽ മലയാളി അസോസിയേഷൻ്റെ അതിപ്രസരങ്ങൾക്ക് നാളിതുവരെ പ്രസക്തി നൽകാതെ , ഗ്ലാസ്ഗോ സൗത്തിൻ്റെ പ്രാന്തപ്രദേശങ്ങളിൽ അസോസിയേഷനുകൾ രൂപം കൊണ്ടപ്പോഴും,യുകെ മലയാളികളിൽ നിന്നും വ്യത്യസ്തതയും സാഹോദര്യവും പുലർത്തി, കുടിയേറ്റ ചരിത്രത്തിൻ്റെ ബാലാരിഷ്ടതകളിൽ വിഘടനങ്ങളില്ലാതെ ഒരുമയോടെ നിന്ന ഒരു സമൂഹമാണ് ഗ്ലാസ്ഗോ സൗത്ത് കേന്ദ്രീകൃതമായ മലയാളി സമൂഹം. കാലാനുസൃതമായി വർദ്ധിച്ചുവരുന്ന പുതു മലയാളി കുടിയേറ്റക്കാരെയും കൂടി ചേർത്ത് പിടിച്ച് അവരുടെ “വൈബി ” നൊപ്പം ചേർന്ന് ഗ്ലാസ്ഗോ മലയാളി സമൂഹത്തിൽ പുതുചരിത്രം രചിക്കാനായി സർവ്വംസജ്ജമായിരിക്കുകയാണ് G.M.A (ഗ്ലാസ്ഗോ മലയാളി അസോസിയേഷൻ).
“യുണൈറ്റിങ് പീപ്പിൾ ആൻഡ് സെലിബ്രേറ്റിങ് കൾച്ചർ ടുഗെതർ” എന്ന ആപ്ത വാക്യത്തിലടിയുറച്ച് ഗ്ലാസ്ഗോ സൗത്ത് കേന്ദ്രീകൃതമായി ഗ്ലാസ്ഗോ മലയാളി അസോസിയേഷൻ രൂപീകരണ കൂടിയാലോചന യോഗത്തിൽ 75 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 150 ൽപരം ആളുകൾ പങ്കെടുത്തു . തദവസരത്തിൽ ഗ്ലാസ്ഗോ മലയാളി അസോസിയേഷൻ്റെ (GMA) അഡ്ഹോക്ക് കമ്മറ്റിക്ക് രൂപം നല്കി പ്രഥമ പ്രസിഡൻ്റായി : സോജൻ സെബാസ്റ്റ്യൻ കാക്കല്ലിൽ, വൈസ് പ്രസിഡൻ്റ് : ടോമി ആൻ്റണി, സെക്രട്ടറി : അതുൽ തോമസ്, ജോയിൻ്റ് സെക്രട്ടറി : ഷിബു ജോസഫ്, ട്രഷറർ : ജേക്കബ് ടോം, ജോയിൻ്റ് ട്രഷറർ : ബിജു ജോസ്, പി ആർ ഒ: സോജു തമ്പി എന്നിവരെയും എക്സിക്യുട്ടിവ് അംഗങ്ങളായി : ജെയിംസ് മാത്യു, ബെന്നി മാത്യു, സാബു ജോസഫ്, രാജു തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.
2025ലെ ഓണാഘോഷത്തോടനുബന്ധിച്ച് വളരെ വിപുലമായ രീതിയിൽ “ഗ്ലാസ്ഗോ മലയാളി അസോ സിയേഷൻ്റെ ” കർമ്മ പരിപാടികൾക്ക് തുടക്കം കുറിക്കും. ആഗസ്റ്റ് 30 ന് ഡെസ്റ്റിനി ചർച്ച് ഹാളിൽ വച്ചായിരിക്കും ഗ്ലാസ്ഗോ മലയാളി അസോസിയേഷൻ്റെ പ്രഥമ ഓണാഘോഷവും ഉദ്ഘാടനവും. വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

	
		

      
      



              
              
              




            
Leave a Reply