അര്‍ഹിക്കുന്ന കൈകളില്‍ സഹായമെത്തിക്കുമ്പോഴാണ് അതിന് അര്‍ത്ഥമുണ്ടാകൂ. അങ്ങനെ നോക്കുമ്പോള്‍ ജിഎംഎ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എല്ലാ അസോസിയേഷനുകള്‍ക്കും മാതൃകാപരമാണ്. ആശുപത്രികളിലെ അടിയന്തര സഹായങ്ങള്‍ നല്‍കി അത് പൊതു സമൂഹത്തിന് ഗുണകരമാക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ജിഎംഎ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ജില്ലാ ആശുപത്രികളെ കേന്ദ്രീകരിച്ച് നടത്തുന്ന ഇത്തരം സഹായങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുന്ന വലിയ ആശ്വാസമാണ്.

2002 മെയ് മാസം സ്ഥാപിതമായ ജിഎംഎ 20ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

12 ജില്ലകളിലെ ജില്ലാ ആശുപത്രികള്‍ക്കായി സേവനം പൂര്‍ത്തിയാക്കി ജിഎംഎ ഇനി കണ്ണൂരും എറണാകുളത്തും കൂടി സേവനം എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഇക്കുറി പാലക്കാട് ജില്ലാ ആശുപത്രിയ്ക്ക് വാട്ടര്‍ കൂളര്‍ സിസ്റ്റം നല്‍കിയാണ് ജിഎംഎ മാതൃകയാകുന്നത്.

ഡിഎംഒ ഡോ റീത കെ പി, സൂപ്രണ്ട് ഡോ ജയശ്രീ പി കെ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ കെ എ നാസര്‍ ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.ആര്‍എംഒ ഡോ ഷൈജ ജെ എസ്, ചീഫ് നഴ്‌സിങ് ഓഫീസര്‍ രാധാമണി ,ആശുപത്രി പിആര്‍ഒ അജിത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ജിഎംഎയ്ക്ക് വേണ്ടി യുകെ മലയാളികളുടെ അസോസിയേഷന്‍ കൂട്ടായ്മയായ യുക്മയുടെ പ്രസിഡന്റും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമായ ഡോ ബിജു പെരിങ്ങത്തറ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ചാരിറ്റിയുടെ ഭാഗമാകാന്‍ ഓരോ അംഗങ്ങളും കാണിക്കുന്ന മനസ് എടുത്തു പറയേണ്ടത് തന്നെ. ജിഎംഎ പ്രസിഡന്റ് ജോവില്‍ടണും സെക്രട്ടറി ദേവ്‌ലാല്‍ സഹദേവനും ചാരിറ്റിയുടെ ഭാഗമായ ഏവര്‍ക്കും നന്ദി അറിയിച്ചു.

യുകെയില്‍ താമസിക്കുമ്പോഴും നാട്ടില്‍ പറ്റാവുന്ന സഹായമെത്തിക്കാന്‍ പ്രയത്‌നിക്കുന്നവരാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍. 2002 മേയ് 26ന് ആരംഭിച്ച ജിഎംഎ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിന്റെ അഭിമാനമായി മാറുകയാണ്.

ക്രിയാത്മക പ്രവര്‍ത്തനമാണ് ജിഎംഎയുടെ വിജയവും. ചെറിയ പരിപാടികള്‍ ആയാലും അതിലൊരു ചാരിറ്റി ഉള്‍പ്പെടുത്തുന്നതാണ് ജിഎംഎയുടെ രീതി.

അവയവ ദാനമെന്ന മഹാസന്ദേശം വിളിച്ചോതിക്കൊണ്ടുള്ള ബോധവത്കരണ സെമിനാറുകള്‍ വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരികയാണ് അസോസിയേഷന്‍. അതിന്റെ ഭാഗമായി 2016 ല്‍ എന്‍.എച്ച്.എസ്സ് ബ്ലഡ് & ട്രാന്‍സ്പ്ലാന്റും ഫാ. ഡേവിസ് ചിറമേല്‍ നേതൃത്വം നല്‍കുന്ന ഉപഹാറുമായി സഹകരിച്ചു ജി.എം.എ യിലെ 100 % അംഗങ്ങളും അവയവ സ്റ്റം സെല്‍ ഡോനെഷന്‍ രജിസ്റ്ററില്‍ ഒപ്പു വച്ചപ്പോള്‍ ആ നേട്ടം കൈവരിക്കുന്ന യു.കെ. യിലെ ആദ്യ അസ്സോസ്സിയേഷന്‍ ആയി മാറി ജി.എം.എ. ഇങ്ങനെ, ഒരു കമ്മ്യൂണിറ്റി അസ്സോസിയയേഷന്‍ എന്നതിലുപരി മുഴുവന്‍ സമയ ജീവകാരുണ്യത്തിന്റെ മാതൃകയാണ് ജിഎംഎ.

സ്വന്തം നാടിനോടുള്ള നന്ദിയും കടപ്പാടും മനസ്സില്‍ മാത്രം സൂക്ഷിച്ചാല്‍ പോരാ, അത് അവശത അനുഭവിക്കുന്നവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കുമുള്ള കൈത്താങ്ങായി മാറണം എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു 2010 ല്‍ ‘എ ചാരിറ്റി ഫോര്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍സ് ഇന്‍ കേരള’ എന്ന സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. ‘ടുഗെദര്‍ വി കാന്‍ മെയ്ക്ക് എ ഡിഫറെന്‍സ്’ എന്ന വാക്യം അന്വര്‍ഥമാക്കി ഈ പദ്ധതിയുടെ പന്ത്രണ്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ അര്‍ഹിക്കുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ കഴിഞ്ഞ നിര്‍വൃതിയിലാണ് അസോസിയേഷന്‍.

ഓരോ വര്‍ഷവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. ഇവിടെ യു.കെ യില്‍, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതികതയും ആധുനിക ചികിത്സാ രീതികളും ഒരു പരിധി വരെ സൗജന്യമായി ലഭിക്കുമ്പോള്‍ നമ്മുടെ നാട്ടിലുള്ളവരുടെ അവസ്ഥ ഏവരേയും മനസില്‍ വേദനയുണ്ടാക്കുന്നതാണ്.ആ അവസ്ഥ തങ്ങള്‍ക്കാകുന്ന തരത്തില്‍ മെച്ചപ്പെടുത്തുക എന്ന ആത്മാര്‍ത്ഥമായ ശ്രമമാണ് ജി.എം.എ ഈ പദ്ധതിയില്‍ കൂടി ലക്ഷ്യമിടുന്നത്. ചാരിറ്റി ഫണ്ട് ഏതെങ്കിലും വ്യക്തികള്‍ക്കോ ആസ്പത്രി മാനേജ്‌മെന്റിനോ അയച്ചുകൊടുക്കാതെ, ആസ്പത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം എന്ത് സേവനമാണോ തീരുമാനിച്ചിട്ടുള്ളത് അതിന്റെ കുറ്റമറ്റ നിര്‍വഹണം ജി.എം.എ യുടെ തിരഞ്ഞെടുത്ത പ്രധിനിധി നേരില്‍ പോയി ചെയ്തു കൊടുക്കുന്നു

2011 ല്‍ തിരുവനന്തപുരം ജില്ലാ ആസ്പത്രിയിലെ ഓരോ ബ്ലോക്കുകളിലെയും രോഗികള്‍ക്കും മറ്റും ആവശ്യമായ ശീതീകരിച്ച കുടിവെള്ള സംവിധാനം ഒരുക്കികൊടുത്തുകൊണ്ടാണ് ജി.എം.എ ചാരിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതുവരെയും അവിടുത്തെ അന്തേവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് വൃത്തി ഹീനമായ ടോയ്‌ലറ്റുകളെയായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 2017 ലും അവിടെ കുടിവെള്ളത്തിനായി രോഗികള്‍ ഈ വാട്ടര്‍ കൂളിംഗ് സംവിധാനങ്ങളെ ആശ്രയിക്കുന്നത് കാണുമ്പോള്‍ അത് ജി.എം.എ യെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നു.

അതിനു ശേഷം ഇടുക്കി, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലാ ആസ്പത്രികളിലേക്കായിരുന്നു ജി.എം.എ യുടെ സഹായഹസ്തം തേടി ചെന്നത്. പലപ്പോഴും ഇലക്ടിസിറ്റി ലഭ്യത ഇല്ലാത്തതിന്റെ പേരില്‍ ഓപ്പറേഷന്‍ പോലും ഇടക്ക് വച്ച് നിര്‍ത്തേണ്ടി വന്നിരുന്ന അവസ്ഥക്ക് വിരാമമിട്ടുകൊണ്ട് ഹൈ പവര്‍ ഇന്‍വെര്‍ട്ടറുകള്‍ 2012 ല്‍ ഇടുക്കിയിലും 2013 ല്‍ തൃശൂരും സ്ഥാപിക്കുകയായിരുന്നു ജി.എം.എ ചെയ്തത്. ബെഡുകളുടെ അഭാവം അലട്ടിയിരുന്ന കോട്ടയം ജില്ലാ ആസ്പത്രിയില്‍ 2014 ല്‍ ആവശ്യമായ പുതിയ ബെഡുകള്‍ വാങ്ങി നല്‍കുകയായിരുന്നു ജി.എം.എ ഫണ്ടിന്റെ ഉദ്യമം. ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വലിയ പാത്രങ്ങള്‍, വാര്‍ഡുകളിലേക്കു വിതരണം ചെയ്യുന്നതിന് ആവശ്യമായ ട്രോളികള്‍ തുടങ്ങിയവ ഇല്ലാതെ ഭക്ഷണ വിതരണം തന്നെ മുടങ്ങിയിരുന്ന വയനാട് സര്‍ക്കാര്‍ ആസ്പത്രിയില്‍ അതിനുള്ള പരിഹാരമായി മാറി 2015 ല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ പ്രതിബദ്ധത. 2016ല്‍ കാസര്‍കോട് മെഡിക്കല്‍ കിറ്റും ഓക്‌സിജന്‍ സിലിണ്ടറും എത്തിച്ചു. 2017ല്‍ മലപ്പുറത്ത് ഐസിയു മോണിറ്ററിങ് യൂണിറ്റ് നല്‍കി,2018 ല്‍ പത്തനംതിട്ടയില്‍ 17ഓളം ത്രീ സീറ്റര്‍ എയര്‍പോര്‍ട്ട് ചെയറുകള്‍ നല്‍കി. 2019ല്‍ ആലപ്പുഴയില്‍ o2 കോണ്‍സന്‍ട്രേറ്ററും 2021 ല്‍കൊല്ലത്ത് ചെയറുകളും സ്‌റ്റോറേജ് യൂണിറ്റും കൈമാറി.2022 ല്‍ വീല്‍ ചെയറും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററും ചെയറുകളും കോഴിക്കോട് ആശുപത്രിയ്ക്ക് കൈമാറി. ഇപ്പോഴിതാ പാലക്കാടിലെ ജില്ലാ ആശുപത്രിയിലും സഹായം എത്തിച്ചിരിക്കുകയാണ്. ആശുപത്രികളില്‍ വിശദമായി തിരക്കി അവര്‍ക്ക് അത്യാവശ്യമായത് എന്തോ അതാണ് ജിഎംഎ അസോസിയേഷന്‍ വാങ്ങി നല്‍കുന്നത്. അതിനാല്‍ തന്നെ ഈ ചാരിറ്റി കൂടുതല്‍ മഹത്തരവുമാണ്.

വിവിധ ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള സഹായങ്ങള്‍ ജിഎംഎ തുടരുകയാണ്.

ജിഎംഎയുടെ ഹൗസിങ് പ്രൊജക്ട് ഏറെ ശ്രദ്ധേയമായിരുന്നു. പ്രളയ സമയത്ത് 25000 പൗണ്ട് ലക്ഷ്യമിട്ട് കേരള ഫ്‌ളഡ് ഫണ്ടിന് രൂപം നല്‍കി 28000 പൗണ്ട് സമാഹരിച്ചത് വെറും മൂന്നാഴ്ച കൊണ്ടാണ്. അര്‍ഹരായവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി യുകെ മലയാളി സമൂഹത്തിനാകെ മാതൃക കാണിച്ചിരുന്നു അന്ന് ജിഎംഎ. എന്നും സ്വന്തം നാടിനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയാണ് ജിഎംഎയിലെ ഓരോ കുടുംബാംഗങ്ങളും.