തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് ദുബായിൽ അറസ്റ്റിലായ ഫൈസല്‍ ഫരീദ്. ഇയാളെ മൂന്ന് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് സൂചന. യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ മലയാളി ബിസിനസുകാരനാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ തിരുവനന്തപുരത്തേക്ക് സ്വര്‍ണം കയറ്റി അയച്ചതെന്നാണ് ആരോപണം. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വന്നതിന് പിന്നാലെ. പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണം ഏറ്റെടുത്ത് രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. അപ്പോഴും മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള അവ്യക്തത തുടര്‍ന്നു. യുഎഇ ഈ കേസില്‍ അവരുടെതായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടും അവിടെയുള്ള ഒരു പ്രധാനപ്രതിയെ പിടികൂടാനോ അയാളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനോ കഴിഞ്ഞില്ലെന്നത് ഫൈസല്‍ ഫരീദിനെകുറിച്ചുള്ള ദുരൂഹകള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇനി അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കുകയെന്നതാണ് അന്വേഷണ സംഘത്തിനു മുന്നിലെ പ്രധാന ദൌത്യം. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായതായാണ് വിവരം
കസ്റ്റംസ് ഇങ്ങനെയൊരു പേര് പുറത്തു വിട്ടതിനു പിന്നാലെ മാധ്യമങ്ങളെല്ലാം അന്വേഷിച്ചിറങ്ങിയത് ആരാണ് ഈ ഫൈസല്‍ ഫരീദ് എന്നറിയാനായിരുന്നു. ഫൈസല്‍ ഫരീദാണോ ഫാസില്‍ ഫരീദാണാ എന്ന അവ്യക്തതയും ഇതിനിടയില്‍ വന്നു. ഫൈസലെന്നും ഫാസിലെന്നും എഴുതുകയും പറയുകയും ചെയ്തു. കൊച്ചി സ്വദേശിയാണെന്നു മാത്രമായിരുന്നു കേസിലെ മൂന്നാം പ്രതിയെക്കുറിച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലും മാധ്യമങ്ങള്‍ക്ക് ആകെ കണ്ടെത്താനായ വിവരം. ഇയാളുടെ ഒരു ചിത്രം പോലും ദിവസങ്ങളുടെ അന്വേഷണത്തിനിടയിലും ആര്‍ക്കും കണ്ടെത്താനായില്ല. അതേസമയം ഫൈസല്‍ ആണ് സ്വര്‍ണം കയറ്റി അയച്ചതെന്നും ഇയാളെ പിടികൂടാനായാല്‍ സ്വര്‍ണക്കടത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയാന്‍ കഴിയുമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കസ്റ്റംസ്.
ഒരാഴ്ച്ച പിന്നിട്ടിട്ടും ഫൈസല്‍ ഫരീദ് അജ്ഞാതനായി തന്നെ തുടരുന്നതിനിടയിലായിരുന്നു ‘ഫൈസല്‍ ഫരീദിന്റെ ചിത്രം’ ഒരു മുഖ്യധാരാ മാധ്യമം പുറത്തു വിടുന്നത്. പിന്നാലെ ഇയാളെക്കുറിച്ചുള്ള ചില വിവരങ്ങളും പുറത്തു വന്നു. കൊച്ചി സ്വദേശിയെന്ന് ആദ്യം പറഞ്ഞ ഫൈസല്‍ കൊടുങ്ങല്ലൂര്‍ മൂന്നുപിടിക സ്വദേശിയാണെന്നതായിരുന്നു പുതിയ വിവരം. വര്‍ഷങ്ങളായി ഗള്‍ഫില്‍ വിവിധ ബിസിനസുകള്‍ ചെയ്തു വന്നിരുന്ന ഇയാള്‍ക്ക് ആഡംബര കാറുകളുടെ ഒരു ഗ്യാരേജ് ഉണ്ട്. ഗള്‍ഫില്‍ നടക്കുന്ന കാര്‍ റേസിംഗുകളിലും ഇയാള്‍ സജീവ പങ്കാളിയാണ്. ആഡംബര കാറുകളോട് വലിയ പ്രിയമാണ് ഫൈസലിന്. ഗള്‍ഫില്‍ ഒരു ജിംനേഷ്യവും ഇയാള്‍ക്കുണ്ട്. മറ്റൊരു പ്രധാന കാര്യം, സിനിമ താരങ്ങളുമായി ഇയാള്‍ക്കുള്ള ബന്ധമാണ്, ബോളിവുഡ് താരങ്ങളോടടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്നുള്ള വാർത്തകളാണ് പുറത്തുവന്നത്. ഫാസിലിന്റെ ജിംനേഷ്യം ഉത്ഘാടനം ചെയ്തത് ബോളിവുഡ് താരം അര്‍ജ്ജുന്‍ കപൂര്‍ ആയിരുന്നു.
ഗള്‍ഫില്‍ എത്തുന്ന സിനിമാ താരങ്ങളുമായി ഫൈസല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കുകയും സഞ്ചരിക്കാന്‍ തന്റെ ആഡംബര വാഹനങ്ങള്‍ വിട്ടുകൊടുക്കുകയുമൊക്കെ ഫൈസലിന്റെ രീതികളായിരുന്നു. സിനിമാക്കാരെ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ട് അവരുമായി ബന്ധം സ്ഥാപിക്കലായിരുന്നു ഫൈസലിന്റെ രീതി. എന്നാല്‍ ഈ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്തിരുന്നോ എന്നതിനെ കുറിച്ച് സൂചനകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ച് ഇനി അന്വേഷണം നടക്കുമെന്നാണ് സൂചന. യുഎഇയില്‍ സംഘടിപ്പിക്കുന്ന സിനിമ താരങ്ങള്‍ പങ്കെടുക്കുന്ന സ്റ്റേജ് ഷോകളിലും ഫൈസല്‍ സജീവ സാന്നിധ്യമായിരുന്നുവെന്നു പറയുന്നു.
ഈ വിവരങ്ങളും ഫൈസലിന്റെ ചിത്രവും പുറത്തു വന്നതിനു പിന്നാലെ കഥയില്‍ മറ്റൊരു ട്വിസ്റ്റ് നടന്നു. ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ‘പ്രത്യക്ഷപ്പെട്ടു’. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണെന്നു പറഞ്ഞു വരുന്ന ഫൈസല്‍ ഫരീദ് താനല്ലെന്നും തന്റെ ചിത്രം തെറ്റായി പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ഫൈസല്‍ ഫരീദിന്റെ വാദം. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ലെന്നും സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് അവരെക്കുറിച്ച് അറിയുന്നതെന്നും ഫൈസല്‍ പറഞ്ഞു. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് അവകാശപ്പെട്ടിരുന്നു.
ഫൈസലിന്റെ വാദങ്ങള്‍ പുറത്തു വന്നതോടെ മാധ്യമങ്ങളടക്കം വീണ്ടും സംശയത്തിലായി. ആരാണ് ശരിക്കുള്ള ഫൈസല്‍ ഫരീദ് എന്ന അന്വേഷണം വീണ്ടും ആരംഭിച്ചു. ഇതിനിടയിലാണ് ഫൈസലിന്റെ പേര് എഫ്‌ഐആറില്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്നു ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഫാസില്‍ ഫരീദ്, എറണാകുളം സ്വദേശി എന്നായിരുന്നു ആദ്യം ചേര്‍ത്തിരുന്നത്. പ്രതിയുടെ പേരും മേല്‍വിലാസവും പുതുക്കാന്‍ കോടതി എന്‍ഐഎയ്ക്ക് അനുമതിയും നല്‍കി.
തൃശൂര്‍ കൈപ്പമംഗലം പുത്തന്‍പള്ളി തൈപ്പറമ്പില്‍ ഫൈസല്‍ ഫരീദ് എന്നാണ് പുതിയതായി ചേര്‍ത്ത പേരും വിലാസവും. ഇയാളെ യുഎഇയില്‍ നിന്നും വിട്ടുകിട്ടാനായി ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടീസ് വേണം. അതിന് ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കണം.കോടതിയുടെ അനുമതിയോടുകൂടി വേണം ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കാന്‍. അതിനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷ കോടതി ഉടന്‍ തന്നെ പരിഗണിക്കും. ഇവിടെ വീണ്ടും ടിസ്റ്റ് വന്നു. ഈ വാര്‍ത്തകള്‍ക്കൊപ്പം മാധ്യമങ്ങള്‍ നല്‍കിയത് നേരത്തെ പ്രസിദ്ധീകരിച്ച അതേ ഫൈസല്‍ ഫരീദിന്റെ ചിത്രം തന്നെയാണ്. ഇതോടെ ആശയക്കുഴപ്പം വീണ്ടും വര്‍ദ്ധിച്ചു. താനല്ല സ്വര്‍ണക്കടത്തില്‍ പ്രതിയായ ഫൈസല്‍ ഫരീദ് എന്നു പറഞ്ഞു രംഗത്തു വന്ന അതേ ഫൈസല്‍ ഫരീദ് തന്നെയാണോ യഥാര്‍ത്ഥപ്രതി എന്നായി ചോദ്യങ്ങള്‍. ദേശാഭിമാനി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതേ എന്ന നിലപാടിലാണ് നില്‍ക്കുന്നത്. മാത്രമല്ല, ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും പുറത്തു വന്നു. ഏതായാലും ഏറെ അഭ്യൂഹങ്ങൾക്ക് ഫൈസൽ ഫരീദ് അറസ്റ്റ് സ്വർണക്കടത്ത് കേസിൽ വലിയ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.
Leave a Reply