മാന്നാറിൽ സ്വർണ്ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലിസ് ഇന്ന് കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് കൈമാറും. മുഹമ്മദ് ഹനീഫ് എന്ന വ്യക്തിയാണ് സ്വർണക്കടത്തിനും യുവതിയെ തട്ടിക്കൊണ്ട് പോയതിനും പിന്നിലെന്നാണ് കണ്ടെത്തൽ. അതേ സമയം ഒന്നരക്കിലോ സ്വർണം പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ചാണ് ബിന്ദു കടത്തിക്കൊണ്ട് വന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു.
എൻഫോഴ്സ്മെൻറിനും, കസ്റ്റംസിനുമാണ് പൊലീസ് റിപ്പോർട്ട് കൈമാറുക. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേരളത്തിലും ഗൾഫിലും വലിയ ശൃoഖല തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. വിദേശത്തുള്ളവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ട് പോകുന്നതിനായി നിർദ്ദേശം നൽകിയത്. മുഹമ്മദ് ഹനീഫയുടെ സ്വർണക്കടത്ത് സംഘത്തിലെ 9 പേരാണ് ആലപ്പുഴയിലെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചട്ടുണ്ട്.
ബിന്ദുവിൻ്റെ ഭർത്താവ് ബിനോയിയുമായി ഹനീഫക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബിനോയി മുഖാന്തരമാണ് ബിന്ദു ഹനീഫയുടെ സംഘത്തിൽ എത്തുന്നത്. പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ചാണ് ബിന്ദു സ്വർണം കടത്തിയത്. വിമാന താവളത്തിൽ നിന്നും പുറത്തെത്തിയ ഇവർ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ കണ്ണുവെട്ടിച്ച് മാന്നാറിൽ എത്തുകയായിരുന്നു. സാധാരണ വഴിയിൽ നിന്ന് മാറി പരമാവധി ദൂരം സഞ്ചരിച്ചാണ് ബിനോയിയും ബിന്ദുവും വീട്ടിലെത്തിയത്. ഇതോടൊപ്പം തന്നെ സ്വർണ്ണക്കടത്ത് സംഘവും മാന്നാറിൽ ബിന്ദുവിനെ തേടി എത്തി.
ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ 9 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊടുവള്ളി സ്വദേശി രാജേഷിൻ്റെ വീട്ടിൽ പൊലീസ് റെയിഡ് നടത്തിയിരുന്നു. വരും ദിവസങ്ങളിലും ഇത് തുടരും. അതിനിടയിൽ ആരോഗ്യസ്ഥിതി മോശമെന്നറിയിച്ചതിനാൽ ബിന്ദുവിനെ ചോദ്യം ചെയ്യാതെ കസ്റ്റംസ് സംഘം മടങ്ങിയിരുന്നു. ആശുപത്രിയിൽ നിന്ന് വിട്ട ശേഷം ചോദ്യം ചെയ്യാൻ ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകും.
22 ന് പുലർച്ചെ രണ്ടരയോടെയാണ് മാന്നാറിലെ വീട്ടിൽ നിന്നും ബിന്ദുവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയത്. കൈകാലുകൾ കെട്ടി വായിൽ തുണി തിരികെ വലിച്ചിഴച്ച് കൊണ്ടു പോയെന്ന് വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം കൊടുവള്ളി സ്വദേശി രാജേഷാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ഭർത്താവ് ബിനോയി പൊലിസിന് മൊഴി നൽകി. പൊലീസ് പരിശോധന കർശനമായതോടെ ബിന്ദുവിനെ സംഘം പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. നാട്ടിലെത്തിച്ച ബിന്ദുവിന് ചികിത്സ ആവശ്യമുള്ളതിനാൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാന്നാറിൽ ബിന്ദു എത്തിയ ഉടൻ തന്നെ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന് ബിന്ദു പോലീസിന് മൊഴി നൽകി. ബിന്ദുവിൻ്റെ ഫോൺ പരിശോധിച്ചതിൽ നിന്നും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടൻ്റാണ് എന്നാണ് ബിന്ദുവും കുടുംബവും പറയുന്നതെങ്കിലും അങ്ങനെയല്ല എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹനീഫയുടെ ജീവനക്കാരിയായിരുന്നു ബിന്ദുവും.
പൊലീസ് റിപ്പോർട്ട് കൈമാറുന്നതിന് മുമ്പ് തന്നെ കസ്റ്റംസ് ബിന്ദുവിനെ കണ്ടിരുന്നു. ഇന്നു മുതൽ എൻഫോഴ്സ്മെൻ്റ് അടക്കം കൂടുതൽ കേന്ദ്ര ഏജൻസികൾ കേസന്വേഷണത്തിൽ പങ്കാളികളാകും.
Leave a Reply