യുകെയിൽ പുതിയ കെട്ടിടം പണിയാനുളള ഒരുക്കത്തിലാണ് ഗൂഗിൾ. കെട്ടിടത്തിന്റെ രൂപരേഖ കാംഡെൻ കൗൺസിലിനു മുൻപാകെ ഗൂഗിൾ സമർപ്പിച്ചിട്ടുണ്ട്. യൂറോപ്പിലെ തന്നെ വലിയ കെട്ടിടം പണിയാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ജീവനക്കാർക്കായി നിരവധി സൗകര്യങ്ങളാണ് ഗൂഗിൾ ഒരുക്കിയിട്ടുളളത്.
മൂന്നു ലൈനിലുളള സ്വിമ്മിങ് പൂൾ, മസാജ് മുറികൾ, വ്യായാമം ചെയ്യാനുളള മുറികൾ, ബാസ്കറ്റ്ബോൾ, സോക്കർ, ബാഡ്മിന്റൻ എന്നിവ കളിക്കാനായി പ്രത്യേക സ്ഥലങ്ങൾ, സ്റ്റെയർകേസിൽനിന്നും കളിക്കാൻ താൽപര്യമില്ലാത്തവർക്ക് കളി കാണാനുളള സൗകര്യം തുടങ്ങി വലിയ സൗകര്യങ്ങളാണ് ജോലിക്കാർക്കായി ഗൂഗിൾ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. കിങ്സ് ക്രോസിലെ നിലവിലെ കമ്പനിയോട് ചേർന്ന് ഒരു മില്യൻ സ്ക്വയർ ഫീറ്റിലായിരിക്കും കെട്ടിടം നിർമിക്കുക.
കെട്ടിടത്തിന്റെ മേൽക്കൂര പൂന്തോട്ടം കൊണ്ടായിരിക്കും മറയ്ക്കുക. 300 മീറ്റർ നീളമാണ് പൂന്തോട്ടത്തിന് ഉണ്ടായിരിക്കുക. ഇതിനുപുറമേ ഓടാനുളള ട്രാക്കും വിശ്രമിക്കാനുളള സ്ഥലങ്ങളും ഭാഗികമായി പൂക്കളാൽ നിറയ്ക്കും. ഒരുകൂട്ടം പ്രശസ്തരായ ആർക്കിടെക്കുകളെയും ഡിസൈനർമാരെയും ആണ് ലണ്ടനിലെ ഓഫിസ് നിർമാണത്തിന് ഗൂഗിൾ ചുതമലപ്പെടുത്തിയിരിക്കുന്നത്. കാലിഫോർണിയയിൽ കമ്പനിയുടെ ഓഫിസ് നിർമാണത്തിൽ പങ്കാളിയായ തോമസ് ഹെതർവിക്കും ഇക്കൂട്ടത്തിലുണ്ട്.
10 നിലകളായിരിക്കും കെട്ടിടത്തിന് ഉണ്ടാവുക. 7,000 ത്തോളം ജീവനക്കാരായിരിക്കും ഈ ഓഫിസിൽ ജോലി ചെയ്യുക. കെട്ടിടത്തിന്റെ നിർമാണം അടുത്ത വർഷത്തോടെ തുടങ്ങും.
Leave a Reply