ഡേറ്റ ചോരല്‍ വിവാദത്തിനിടെ പുതിയ ഫോണ്‍ പുറത്തിറക്കി ടെക് ഭീമനായ ഗൂഗിള്‍. ഗൂഗിള്‍ പിക്‌സല്‍ 3 ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. മികച്ച ഫോട്ടോഗ്രാഫി ഫീച്ചറുകളുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഡിജിറ്റല്‍ സൂം ഫീച്ചറാണ് പ്രധാന സവിശേഷത. ഈ സാങ്കേതികത ഉപയോഗിക്കുന്നതിനാല്‍ ഒന്നില്‍ കൂടുതല്‍ ക്യാമറകള്‍ ഫോണിന്റെ പിന്നില്‍ ഉപയോഗിക്കേണ്ടി വരില്ലെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഗൂഗിള്‍ പ്ലസില്‍ വന്‍ ഡേറ്റ ചോര്‍ച്ചയുണ്ടായെന്ന് വാര്‍ത്ത പുറത്തു വന്ന ദിവസം തന്നെയാണ് ഈ പുതിയ ഫോണും അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സ്പ്രിംഗിലാണ് ഡേറ്റ ചോര്‍ന്നത്. അഞ്ചു ലക്ഷത്തോളം അക്കൗണ്ടുകളിലെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന വിവരം കമ്പനി പൂഴ്ത്തിയെന്നായിരുന്നു വാര്‍ത്തകള്‍.
ഇത്രയും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരാന്‍ കാരണം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് ശരിയായ സുരക്ഷയില്ലാത്തതിനാലാണെന്നും വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ഗൂഗിള്‍പ്ലസ് സേവനങ്ങള്‍ ലഭ്യമാക്കുന്നത് നിര്‍ത്തി വെക്കുകയാണെന്ന് കമ്പനി അറിയിച്ചിരുന്നു. പിക്‌സല്‍ ഫോണുകളെ ഈ നീക്കം ബാധിക്കാനിടയില്ലെന്നാണ് കരുതുന്നത്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിലെ സേവനങ്ങളാണ് ഫോണില്‍ ലഭ്യമാകുക. ഗൂഗിള്‍ സേവനങ്ങള്‍ എല്ലാം തന്നെ ഫോണിലുണ്ടാകും. ഡിവൈസിന്റെ വശങ്ങളില്‍ അമര്‍ത്തിയാല്‍ ഗൂഗിളിന്റെ വിര്‍ച്വല്‍ അസിസ്റ്റ് ലഭ്യമാകും.
ഫോട്ടോഗ്രാഫി ഫീച്ചറുകളാണ് ഫോണിന്റെ പ്രധാന പ്രത്യേകത. ആധുനിക സ്മാര്‍ട്ട്‌ഫോണുകളില്‍ ഡ്യുവല്‍ ക്യാമറ പിന്നിലാണെങ്കില്‍ പിക്‌സല്‍ 3യില്‍ മുന്‍വശത്താണ് രണ്ടു ക്യാമറകള്‍ ഇടം പിടിച്ചിരിക്കുന്നത്. സെല്‍ഫി സ്റ്റിക്കിന്റെ ആവശ്യമില്ലാതെതന്നെ ഗ്രൂപ്പ് ഫോട്ടോകള്‍ എടുക്കാന്‍ സൗകര്യം നല്‍കുന്ന ഒരു വൈഡ് ആംഗിള്‍ ലെന്‍സാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഡിസ്റ്റോര്‍ഷനുകള്‍ ശരിയാക്കാനുള്ള സോഫ്റ്റ് വെയറും ഇതിനോട് അനുബന്ധിച്ചുണ്ട്.
Leave a Reply