ഏഴു വര്‍ഷത്തിനിടെ ഓഹരി മൂല്യത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി ഗൂഗിള്‍. മാര്‍ക്കറ്റ് വാല്യുവില്‍ 54 ബില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടായത്. എതിരാളികളായ ഫെയിസ്ബുക്ക്, ആമസോണ്‍ തുടങ്ങിയവയിലേക്ക് പരസ്യ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നുള്ള അഭ്യൂഹങ്ങള്‍ നിക്ഷേപകര്‍ക്കിടയില്‍ പടര്‍ന്നതാണ് ഈ ഇടിവുണ്ടാകാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഗൂഗിളിന്റെയും യൂട്യൂബിന്റെയും പേരന്റ് കമ്പനിയായ ആല്‍ഫബെറ്റിന്റെ ഓഹരി മൂല്യത്തില്‍ ചൊവ്വാഴ്ച എട്ടു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 2012 ഒക്ടോബറിനു ശേഷം കമ്പനിക്കുണ്ടായ ഏറ്റവും വലിയ വീഴ്ചയാണ് ഇത്. തിങ്കളാഴ്ച ആദ്യപാദ ഫലങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെയാണ് നിക്ഷേപകരില്‍ നിന്ന് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായിരിക്കുന്നത്.
900 ബില്യന്‍ ഡോളറുണ്ടായിരുന്ന കമ്പനിയുടെ മാര്‍ക്കറ്റ് വാല്യൂ 830 ബില്യന്‍ ഡോളറായാണ് ന്യയോര്‍ക്ക് മാര്‍ക്കറ്റ് ക്ലോസ് ചെയ്തപ്പോള്‍ കുറഞ്ഞത്. റവന്യൂവില്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 36.3 ബില്യനായി. 2015നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ക്വാര്‍ട്ടര്‍ റവന്യൂവാണ് ഇത്. യൂട്യൂബിലെ ഉള്ളടക്കം പരിശോധിക്കാനുള്ള അല്‍ഗോരിതത്തിനായി കൂടുതല്‍ പണം നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പിച്ചൈ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇന്‍വെസ്റ്റര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. വ്യാജവിവരങ്ങള്‍, വിദ്വേഷ പ്രചാരണം, കുട്ടികളെ ലക്ഷ്യമിട്ടുള്ള കണ്ടന്റ് എന്നിവയ്ക്ക് യൂട്യൂബ് പരസ്യം നല്‍കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പരസ്യ വരുമാനത്തില്‍ 15 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 24 ശതമാനമായിരുന്നു. ഫെയിസ്ബുക്ക്, ആമസോണ്‍ എന്നിവയെ അപേക്ഷിച്ച് ആല്‍ഫബെറ്റിന്റെ പ്രകടനം വളരെ മോശമായിരുന്നുവെന്നാണ് മാര്‍ക്കറ്റ് വിലയിരുത്തല്‍.
Leave a Reply